സിനിമകൾ തെരഞ്ഞെടുക്കുന്നതിലെ തൻ്റെ രീതിയെക്കുറിച്ച് വെളിപ്പെടുത്തി അജു വര്‍ഗീസ്
മലയാളികളുടെ പ്രിയതാരമാണ് അജു വര്‍ഗീസ്. കരിയറിന്റെ ആദ്യ ഘട്ടത്തില്‍ കോമഡി റോളുകളിലൂടെയാണ് അജു പ്രേക്ഷകരെ കൈയിലെടുത്തതെങ്കില്‍ ഇപ്പോള്‍ അതല്ലാത്ത ക്യാരക്റ്റര്‍ റോളുകളിലും പ്രകടന മികവ് കൊണ്ട് അദ്ദേഹം കൈയടി നേടിയിട്ടുണ്ട്. സിനിമകളുടെ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താറുണ്ടെങ്കിലും ഇപ്പോഴും തിരക്കഥ പൂര്‍ണ്ണമായും താന്‍ വായിക്കാറില്ലെന്ന് അജു പറയുന്നു. പകരം കഥ കേള്‍ക്കുകയും തന്റെ കഥാപാത്രത്തെക്കുറിച്ച് വ്യക്തമായി മനസിലാക്കുകയും ചെയ്യും. സമീപകാലത്ത് ചെയ്യാന്‍ ഉറപ്പിച്ച ഒരു ചിത്രം സംവിധായകന്റെ നിര്‍ബന്ധപ്രകാരം തിരക്കഥ വായിച്ചതിന് ശേഷം ചെയ്യേണ്ടെന്ന് തീരുമാനിച്ചതായും അദ്ദേഹം പറയുന്നു. നിവിന്‍ പോളിക്കൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം സര്‍വ്വം മായയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് പേളി മാണിക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിവിന്‍.
എം മോഹനന്റെ സംവിധാനത്തില്‍ എത്തിയ ഒരു ജാതി ജാതകം എന്ന ചിത്രത്തിന്റെ കാര്യമാണ് അജു വര്‍ഗീസ് പറയുന്നത്- “ഒരു ജാതി ജാതകം എന്ന സിനിമയുടെ കാര്യം പറയാം. അരവിന്ദന്റെ അതിഥികളൊക്കെ ചെയ്ത മോഹനേട്ടന് സംവിധാനം ചെയ്ത സിനിമ. കഥ പറയാന്‍ അദ്ദേഹം ഫീനിക്സിന്റെ ലൊക്കേഷനില്‍ വന്നു. 15 ദിവസത്തെ ഡേറ്റ് വേണമെന്ന് പറഞ്ഞു. അത് നേരത്തേ തന്നെ വിനീത് പറഞ്ഞ് ഞാന്‍ ബ്ലോക്ക് ചെയ്തിരുന്നു. പോകുന്നതിന് മുന്‍പ് എന്നോട് പറഞ്ഞു, തിരക്കഥ ഹോട്ടലില്‍ ഏല്‍പ്പിച്ചേക്കാം എന്ന്. വേണ്ട സാര്‍, എന്തായാലും സാറിന്റെ പടം ഞാന്‍ ചെയ്യുമെന്ന് പറഞ്ഞു. പക്ഷേ ഏല്‍പ്പിച്ചേക്കാം എന്ന് അദ്ദേഹം പറഞ്ഞു. ഒരു ദിവസം പകല്‍ ഒന്നും ചെയ്യാനില്ലാതിരുന്നപ്പോള്‍ ആ തിരക്കഥ വായിക്കാം എന്ന് കരുതി. വായിച്ചുകഴിഞ്ഞപ്പോള്‍ ആ സിനിമ ഞാന്‍ ചെയ്യുന്നില്ലെന്ന് പറഞ്ഞു. ആ ക്യാരക്റ്റര്‍ എനിക്ക് വര്‍ക്ക് ആയില്ല. അല്ലായിരുന്നെങ്കില്‍ ഞാന്‍ പോയി ചെയ്തേനെ”, അജു വര്‍ഗീസ് പറയുന്നു.
തിരക്കഥ വായിക്കേണ്ടതില്ലെന്ന തീരുമാനം എന്തുകൊണ്ടാണെന്നും അദ്ദേഹം പറയുന്നുണ്ട്- “നായകന്മാര്ക്കല്ലേ ആ ഫുള്‍ പ്രോജക്റ്റിന്റെ ഉത്തരവാദിത്തം. പ്രേക്ഷകര്‍ ആദ്യം ചോദ്യംചെയ്യുന്നത് അവരെയല്ലേ. ഒരു സിനിമ വരുമ്പോള്‍ അതിലെ ഹീറോയെയും സംവിധായകനെയുമാണ് പ്രേക്ഷകര്‍ എടുത്ത് കുറ്റം പറയുക. നമ്മള് ഫ്രീ അല്ലേ. നമ്മള് ഡയറക്ടറെ കൂടുതല്‍ ബുദ്ധിമുട്ടിക്കേണ്ട. അയാള്‍ക്ക് പണി അറിയാം എന്ന് നമ്മള് വിശ്വസിക്കുക”, അജു വര്‍ഗീസ് പറയുന്നു. അതേസമയം തന്റെ കഥാപാത്രത്തെയും സിനിമയെയും കുറിച്ച് വ്യക്തമായി മനസിലാക്കാന്‍ താന്‍ ശ്രമിക്കാറുണ്ടെന്നും അജു വര്‍ഗീസ് പറയുന്നുണ്ട്.



