വിവാദമായ 'കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗം നിയമനടപടികൾ നേരിടുകയാണ്. ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ജനങ്ങളുടെ ആശങ്ക കാണാതിരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, സിനിമ കണ്ടശേഷം തീരുമാനമെടുക്കും.
2023ൽ റിലീസ് ചെയ്ത് വലിയ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും വഴിവച്ച ചിത്രമാണ് കേരള സ്റ്റോറി. കേരളത്തെ മോശമായും വാസ്തവിരുദ്ധമായി ചിത്രീകരിച്ചതുമാണ് വിവാദങ്ങൾക്ക് വഴിവച്ചത്. ഇത് പിന്തുടർന്നിപ്പോൾ കേരള സ്റ്റോറി 2 വാരാൻ പോകുകയാണ്. ഇതോട് അനുബന്ധിച്ച് റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലറും ടീസറും വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. നിലവിൽ കേരള സ്റ്റോറി 2ന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതിയിലാണ്. ഇതിനിടെ സിനിമയെ കുറിച്ചുള്ള ചോദ്യത്തിന് അവതാരക രഞ്ജിനി ഹരിദാസ് നൽകിയ മറുപടി ശ്രദ്ധനേടുകയാണ്.
'കേരളത്തിൽ അങ്ങനെ നടക്കുന്നുണ്ടോ ഇല്ലയോ എന്ന് എനിക്ക് അറിയില്ല. എന്റെ വീട്ടിൽ നടക്കുന്നില്ല. എനിക്ക് തോന്നുന്നത് അതൊരു വിഡ്ഢിത്തം ആണ്', എന്നാണ് രഞ്ജിനി ഹരിദാസ് പറഞ്ഞത്. ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു രഞ്ജിനി.
അതേസമയം, കേരള സ്റ്റോറി ടുവിന് പ്രദര്‍ശനാനുമതി നല്‍കരുതെന്നും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിച്ചിരുന്നു. കേരളത്തിലെ ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി, നാളെ സിനിമ കാണുമെന്നും അറിയിച്ചു. സിനിമ യഥാർഥ സംഭവങ്ങളെ ആസ്‍പദമാക്കിയുള്ളതെന്ന് പറയുന്നത് ശരിയല്ലെന്നും കോടതി വ്യക്തമാക്കി.
ഫെബ്രുവരി 27ന് ആയിരുന്നു ചിത്രം തിയറ്ററുകളിൽ എത്തുമെന്ന് അറിയിച്ചത്. ദേശീയ അവാർഡ് നേടിയ കാമാഖ്യ നാരായണ സിങ് ആണ് കേരള സ്റ്റോറി 2 സംവിധാനം ചെയ്യുന്നത്. വിപുൽ ഷാ നിർമിക്കുന്ന ചിത്രത്തിൽ ആഷിൻ എ. ഷായാണ് സഹനിർമാതാവ്. സുദീപ്തോ സെൻ ആയിരുന്നു കേരള സ്റ്റോറി സംവിധാനം ചെയ്തത്. ഇതും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. അതിനിടെ നാഷണല്‍ അവാര്‍ഡും പടത്തിന് ലഭിച്ചിരുന്നു.



