ദൃശ്യം 3 ന്റെ കാര്യത്തില്‍ നിർമ്മാതാവായ ആന്റണി പെരുമ്പാവൂർ തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് സുഹൃത്തും നിര്‍മ്മാതാവുമായ സന്തോഷ് ടി കുരുവിള
മലയാളത്തിലെ ഏറ്റവും പ്രധാനപ്പെട്ട അപ്കമിംഗ് റിലീസ് ആണ് ദൃശ്യം 3. പല ഭാഷകളില്‍ റീമേക്ക് ഉണ്ടായ ഫ്രാഞ്ചൈസി ആയതിനാല്‍ത്തന്നെ മറുഭാഷാ പ്രേക്ഷകര്‍ക്കിടയിലും ഈ ചിത്രത്തിനായുള്ള കാത്തിരിപ്പ് ഉണ്ട്. ഏപ്രില്‍ 2 നാണ് ചിത്രത്തിന്റെ റിലീസ്. ഇപ്പോഴിതാ ദൃശ്യം 3 ല്‍ നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂര്‍ കോണ്‍ഫിഡന്റ് ആണെന്ന് പറയുകയാണ് അദ്ദേഹത്തിന്റെ സുഹൃത്തും നിര്‍മ്മാതാവുമായ സന്തോഷ് ടി കുരുവിള. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. അതേസമയം എമ്പുരാന്റെ സമയത്ത് ആന്റണി പെരുമ്പാവൂര്‍ നേരിട്ടിരുന്ന സംഘര്‍ഷത്തെക്കുറിച്ചും സന്തോഷ് ടി കുരുവിള സൂചിപ്പിക്കുന്നുണ്ട്.
സന്തോഷ് ടി കുരുവിള പറയുന്നു
ദൃശ്യം 3 നെക്കുറിച്ച് ആന്റണി പെരുമ്പാവൂരിനോട് സംസാരിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് സന്തോഷ് കുരുവിളയുടെ മറുപടി ഇങ്ങനെ- “അദ്ദേഹം ദൃശ്യം 3 നെപ്പറ്റി വളരെ ആത്മവിശ്വാസത്തോടെയാണ് സംസാരിക്കാറ്. ദൃശ്യം 3 ന്റെ കാര്യത്തില്‍ പുള്ളിക്ക് ഒരു ടെന്‍ഷനും കണ്ടിട്ടില്ല, വര്ത്തമാനത്തിന് ഇടയില്‍. എമ്പുരാന്റെ ദിവസങ്ങളിലൊക്കെ പുള്ളിയുടെ മുഖത്തെ ടെന്‍ഷന്‍ ഞാന്‍ വളരെ കണ്ടതാണ്. ഞാന്‍ വീട്ടില്‍ എന്റെ ഭാര്യയോടും പിള്ളേരോടും പുള്ളിക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്ന് വരെ പറഞ്ഞു. കാരണം എനിക്ക് പേടിയായിരുന്നു പുള്ളിക്ക് വല്ല അറ്റാക്കും വരുമോ എന്ന്. പുള്ളിയുടെ മുഖം ഞാന്‍ ദൂരെ ഇരുന്നല്ലേ കാണുന്നത്, ഇന്ത്യയില്‍ ഇരുന്ന് അല്ലല്ലോ. ഫോണ്‍ വിളിച്ചാല്‍ പുള്ളി ആരുടെയും ഫോണ്‍ എടുക്കുന്നില്ലായിരുന്നു. ആ ഒരു അവസ്ഥയില്‍ അല്ല ഇപ്പോള്‍ പുള്ളിയോട് സംസാരിക്കുമ്പോള്‍. പുള്ളി വളരെ കോണ്‍ഫിഡന്റ് ആണ്”, സന്തോഷ് ടി കുരുവിള പറയുന്നു.
അതേസമയം ഒരു പ്രതീക്ഷയുമില്ലാതെ ദൃശ്യം 3 കാണാന്‍ വരണമെന്നാണ് ജീത്തു ജോസഫ് പ്രേക്ഷകരോട് ആവശ്യപ്പെട്ടിരിക്കുന്നത്. “ഒരു പ്രതീക്ഷയും ഇല്ലാതെ വരിക. ആദ്യ ഭാഗം പോലെയോ രണ്ടാം ഭാഗം പോലെയോ അല്ല ദൃശ്യം 3. ജോര്‍ജുകുട്ടിയുടെ ഇമോഷനുകളില്‍ക്കൂടിയാണ് അതില്‍ യാത്ര ചെയ്യുന്നത്. അങ്ങനത്തെ ഒരു സിനിമയാണ്. അതുകൊണ്ട് നിങ്ങള്‍ ഒരു ഭയങ്കര ജഗപൊഗ സിനിമ പ്രതീക്ഷിച്ചുവന്നാല്‍ നിരാശയായിരിക്കും. പക്ഷേ അതൊരു നല്ല സിനിമ ആണെന്നുള്ള കോണ്‍ഫിഡന്‍സ് എനിക്കുണ്ട്. പിന്നെ ഇതിനെ ആദ്യത്തെയും രണ്ടാമത്തെയും ഭാഗങ്ങളുമായി താരതമ്യം ചെയ്യാന്‍ വന്നാല്‍ എനിക്കറിയില്ല. കാരണം ഞാന്‍ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നം അതാണ്. മുന്‍വിധികളില്ലാതെ വന്ന് സിനിമ കാണുക”, ജീത്തു പറഞ്ഞിരുന്നു.



