മുംബൈയിലെ തന്‍റെ അപ്പാര്‍ട്ട്മെന്‍റില്‍ വെച്ച് നേരിട്ട ഭയാനകമായ അനുഭവം വെളിപ്പെടുത്തി നടി ഉര്‍ഫി ജാവേദ്  

മുംബൈയിലെ അപ്പാര്‍ട്ട്മെന്‍റില്‍ കഴിഞ്ഞ ദിവസം താന്‍ നേരിട്ട ഭയപ്പെടുത്തിയ അനുഭവം വിവരിച്ച് ഹിന്ദി ടെലിവിഷന്‍ താരവും നടിയും മോഡലുമായ ഉര്‍ഫി ജാവേദ്. പുലര്‍ച്ചെ 3.30 ന് നിര്‍ത്താതെയുള്ള കോളിംഗ് ബെല്‍ കേട്ട് നോക്കുമ്പോള്‍ രണ്ട് പുരുഷന്മാര്‍ പുറത്ത് നില്‍ക്കുകയായിരുന്നെന്നും വാതില്‍ തുറക്കാന്‍ നിര്‍ത്താതെ ആവശ്യപ്പെടുകയായിരുന്നുവെന്നും ഉര്‍ഫി പറഞ്ഞു. മുംബൈയിലെ ഒരു പൊലീസ് സ്റ്റേഷനില്‍ പുലര്‍ച്ചെ 5 മണിക്ക് നില്‍ക്കുന്നതിന്‍റെ ചിത്രങ്ങള്‍ ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. പിന്നാലെ ഇത് വലിയ വാര്‍ത്താപ്രാധാന്യവും നേടി. ഇടൈസിനോട് സംസാരിക്കവെയാണ് ജീവിതത്തിലെ ഏറ്റവും ഭയപ്പെടുത്തിയ അനുഭവത്തെക്കുറിച്ച് ഉര്‍ഫി ജാവേദ് വിശദീകരിച്ചത്.

ആരോ കോളിംഗ് ബെല്‍ തുടര്‍ച്ചയായി അടിക്കുന്നത് കേട്ടാണ് ഞാന്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നത്. നോക്കിയപ്പോള്‍ സമയം പുലര്‍ച്ചെ 3.30 ആയിരുന്നു. ബെല്ലടി 10 മിനിറ്റോളം നീണ്ടു. എണീറ്റ് ചെന്ന് നോക്കിയപ്പോള്‍ ഒരാള്‍ പുറത്ത് വാതിലിന് മുന്നിലായി നില്‍പ്പുണ്ട്. മറ്റൊരാള്‍ അങ്ങോട്ട് മാറിയും. വാതില്‍ തുറക്കാന്‍ ആവശ്യപ്പെടുകയായിരുന്നു മുന്നില്‍ നിന്നയാള്‍. അസംബന്ധം പറയാതെ പോകാന്‍ ആവശ്യപ്പെട്ടിട്ടും അവര്‍ അതിന് തയ്യാറായില്ല. അവസാനം പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞപ്പോഴാണ് അവര്‍ പോകാന്‍ തയ്യാറായത്. സംഭവം നടക്കുമ്പോള്‍ ഉര്‍ഫിക്കൊപ്പം സഹോദരിമാരായ ഡോളിയും അസ്ഫി ജാവേദും ഉണ്ടായിരുന്നു. ഇതേ കെട്ടിടത്തിന്‍റെ 13-ാമത്തെ നിലയില്‍ താമസിക്കുന്നവരാണ് ബെല്ലടിച്ചതെന്നും ഉര്‍ഫി പറയുന്നു.

രാഷ്ട്രീയ സ്വാധീനമുള്ളവരാണ് തങ്ങളെന്ന് വാതില്‍ തുറക്കാന്‍ ആവശ്യപ്പെടുന്നതിനിടെ അവര്‍ പറയുന്നുണ്ടായിരുന്നു. അതിനാല്‍ത്തന്നെ എന്ത് ചെയ്യാനും പ്രയാസമില്ല എന്ന തരത്തിലായിരുന്നു അവരുടെ പെരുമാറ്റം. പൊലീസ് എത്തിയതിന് ശേഷവും അവര്‍ മര്യാദ പാലിച്ചില്ലെന്നും ഉര്‍ഫി ജാവേദ് പറയുന്നു. പൊലീസ് എത്തിയപ്പോള്‍ പൊലീസിനോടും ഞങ്ങളോടും അവര്‍ മോശമായാണ് പെരുമാറിയത്. ഞങ്ങള്‍ പറഞ്ഞതെല്ലാം അവര്‍ നിഷേധിക്കുകയും ചെയ്തു. തെളിവ് നശിപ്പിക്കാന്‍ അവര്‍ ശ്രമിച്ചുവെന്നും ഉര്‍ഫി ജാവേദ് പറയുന്നു. സഹോദരിമാര്‍ക്കൊപ്പം ഞാന്‍ പൊലീസ് സ്റ്റേഷനിലേക്ക് പോകുമ്പോള്‍ സിസിടിവി ഫൂട്ടേജ് ഡിലീറ്റ് ചെയ്യാന്‍ അവര്‍ സെക്യൂരിറ്റിയോട് പറയുന്നുണ്ടായിരുന്നു. ഒരു രാഷ്ട്രീയ നേതാവിന്‍റെ പേര് പറഞ്ഞ് അദ്ദേഹവുമായി അടുപ്പമുള്ളവരാണെന്ന് പറഞ്ഞായിരുന്നു ഭീഷണി.

പുലര്‍ച്ചെ 3 മണിക്ക് ഒരാള്‍ എത്തി ഒരു പെണ്‍കുട്ടിയോട് വാതില്‍ തുറക്കാന്‍ ആവശ്യപ്പെടുന്നത് ഭയപ്പെടുത്തുന്ന അനുഭവമാണ്. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് താമസിക്കുന്ന ഒരു സ്ഥലത്ത്. വിഷയം ഉന്നയിച്ച് ഹൗസിംഗ് സൊസൈറ്റിയിലും താന്‍ പരാതി കൊടുത്തിട്ടുണ്ടെന്നും ഉര്‍ഫി ജാവേദ് പറയുന്നു.

Asianet News Live | Malayalam News Live | Live Breaking News l Kerala News | HD Live News Streaming