പ്രേംകുമാറിന്റെ വാദങ്ങളെ പിന്തുണച്ച അദ്ദേഹം, സാധാരണ തൊഴിലാളികളോട് പോലും കാണിക്കുന്ന മര്യാദ അദ്ദേഹത്തോട് കാണിച്ചില്ലെന്ന് കുറ്റപ്പെടുത്തി. Director Vinayan supports Premkumar on chalachithra academy controversy.
നടൻ പ്രേംകുമാറിനെ പിന്തുണച്ച് സംവിധായകൻ വിനയൻ രംഗത്ത്. പ്രേംകുമാർ പറഞ്ഞതിൽ സത്യവും വസ്തുതയും ഉണ്ടെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും ഒരു വാക്കുപോലും പറയാതെ അദ്ദേഹത്തെ ഒഴിവാക്കിയത് ശുദ്ധ നെറികേട് ആണെന്നും വിനയൻ കൂട്ടിച്ചേർത്തു. കൂലിപ്പണിക്കരോട് പോലും നാളെ പണിക്ക് വരേണ്ട എന്ന് പറഞ്ഞല്ലേ ഒഴിവാക്കുറുള്ളതെന്ന് പറഞ്ഞ വിനയൻ കഴിവുള്ള കലാകാരന്മാർക്കും സാധാരണക്കാർക്കും അവരർഹിക്കുന്ന വിലകൊടുക്കണമെന്നും കൂട്ടിച്ചേർത്തു.
"നടൻ പ്രേംകുമാർ പറഞ്ഞതിൽ സത്യവും വസ്തുതയും ഉണ്ട്. ചലച്ചിത്ര അക്കാഡമിയുടെ ചെയർമാൻ എന്ന നിലയിൽ വമ്പൻമാർ ഒക്കെ ചെയ്തതിലും ഭംഗിയായി അതിന്റെ ഭരണം നടത്തുകയും വിവാദങ്ങൾക്കൊന്നും ഇടം കൊടുക്കാതെ ചിട്ടയോടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം സംഘടിപ്പിക്കുകയും ചെയ്ത പ്രേം കുമാറിനോട് ഒരു വാക്കു പോലും പറയാതെ ഒഴിവാക്കിയത് ശുദ്ധ നെറികേടായിരുന്നു എന്ന് അന്നു തന്നെ ഞാൻ പറഞ്ഞിരുന്നു." വിനയൻ പറയുന്നു.
"തൂമ്പാപ്പണിക്കു വരുന്ന കൂലിപ്പണിക്കാരനോടു പോലും നാളെ മുതൽ നീ വരണ്ട എന്നു പറഞ്ഞാണല്ലോ നമ്മൾ ഒഴിവാക്കാറുള്ളത്. അല്ലങ്കിൽ പിറ്റേ ദിവസം കിളക്കാൻ വരുമ്പോൾ പറയാതെ വേറൊരുത്തനേ വച്ചെന്നു കണ്ടാൽഅവൻ വഴക്കുണ്ടാക്കും. പക്ഷേ പ്രേം കുമാറിന് കൂടെ ജോലിചെയ്ത സഹപ്രവർത്തകരോട് യാത്ര ചോദിക്കാൻ പോലും അവസരം നൽകാതെ കറിവേപ്പില എടുത്തു പുറത്തിടുന്ന പോലെ ഒഴിവാക്കികൊണ്ട് മാദ്ധ്യമങ്ങളിലൂടെ പുതിയ ആളെ നിയമിച്ച വാർത്ത കൊടുക്കുകയാണ് സാംസ്കാരിക വകുപ്പ് ചെയ്തത്." വിനയൻ പറയുന്നു.
'ഞാനൊരു സാധാരണ കലാകാരൻ'
"ഞാനൊരു സാധാരണ കലാകാരനല്ലേ വിനയേട്ടാ നമുക്കു വലിയ പേരും പത്രാസും ഒന്നും ഇല്ലല്ലോ..പക്ഷേ അപമാനിക്കാൻ മാത്രം തെറ്റൊന്നും ഞാൻ ചെയ്തിട്ടില്ല.'എന്നാണ് അന്നു പ്രേംകുമാർ പറഞ്ഞത്. അതിൽ എല്ലാമുണ്ട്. ഇതിഹാസങ്ങളേം കോട്ടിട്ട പൌരപ്രമുഖരേം മാത്രമല്ല കഴിവുള്ള കലാകാരന്മാർക്കും സാധാരണക്കാർക്കും അവരർഹിക്കുന്ന വിലകൊടുക്കണം. അതാണു ജനാധിപത്യം. മറിച്ചു ചെയ്യുന്നതിനാണ് സ്വജന പക്ഷപാതമെന്നു പറയുന്നത്. മലയാള സിനിമാ സംഘടനകൾ ഒന്നും ഒരു വാക്കു കൊണ്ടു പോലും അന്ന് നടൻ പ്രേം കുമാറിനെ സപ്പോർട്ടു ചെയ്തില്ല എന്ന കാര്യവും ഇവിടെ ഓർത്തു പോകുന്നു." വിനയൻ കൂട്ടിച്ചേർത്തു. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലായിരുന്നു വിനയന്റെ പ്രതികരണം.



