ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'വരവ്' എന്ന ചിത്രത്തിൽ ജോജു ജോർജ്ജ് പ്രധാന നായകനാകുന്നു. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രം മലയോര മേഖലയുടെ പശ്ചാത്തലത്തിൽ പ്ലാന്റർമാർക്കിടയിലെ കുടിപ്പകയും അതിജീവനവുമാണ് പ്രമേയമാക്കുന്നത്.
പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ സിനിമകളിൽ ഒന്നാണ് ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ജോജു ജോർജ് ചിത്രം വരവ്. പടത്തിന്റേതായി വരുന്ന ഓരോ അപ്ഡേറ്റുകളും ആ പ്രതീക്ഷകൾ ഇരട്ടിയാക്കിയിട്ടുമുണ്ട്. ഇപ്പോഴിതാ വരവിനെ കുറിച്ചുള്ള പ്രതീക്ഷ പങ്കുവയ്ക്കുകയാണ് ജോജു ജോർജ്. "ഞാൻ ഭയങ്കര പ്രതീക്ഷയിലാണ്. ഷാജി സാറിന്റെ സിനിമയല്ലേ. അടിപൊളിയായിരിക്കും. അടിപൊളി പടം ആയിരിക്കും", എന്നായിരുന്നു ജോജു ജോർജ് ഓൺലൈൻ മാധ്യമങ്ങളോട് പറഞ്ഞത്.
മലയാള സിനിമയിലെ മാസ്സ് ആക്ഷൻ ഡയറക്ടർ ഷാജി കൈലാസും കരുത്തുറ്റ അഭിനയത്തിലൂടെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന ജോജു ജോർജും ഒന്നിക്കുമ്പോൾ ചെറുതല്ലാത്ത സിനിമയാകും ലഭിക്കുക എന്നതിൽ തർക്കമില്ല. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് വരവ്. 'ഗെയിം ഓഫ് സർവൈവൽ' എന്നാണ് ടാഗ്ലൈൻ.
മലയോര മേഖലയുടെ പശ്ചാത്തലത്തിൽ പ്ലാന്റർമാർക്കിടയിലെ കുടിപ്പകയും അതിജീവനവുമാണ് ‘വരവ്‘ പ്രമേയമാക്കുന്നത്. ഷാജി കൈലാസിന്റെ ഹിറ്റ് ചിത്രങ്ങളായ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ് എന്നിവയ്ക്ക് രചന നിർവ്വഹിച്ച എ.കെ. സാജൻ തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്. ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജിയാണ് ചിത്രം നിർമ്മിക്കുന്നത്. ജോജുവിനൊപ്പം ആക്ഷൻ റാണി വാണി വിശ്വനാഥ്, മുരളി ഗോപി, അർജുൻ അശോകൻ, ബാബുരാജ്, ബൈജു സന്തോഷ്, സുകന്യ, വിൻസി അലോഷ്യസ്, സാനിയ ഇയ്യപ്പൻ, ദീപക് പറമ്പോൽ, അസീസ് നെടുമങ്ങാട് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രം മെയ് റിലീസായി തിയറ്ററുകളിലെത്താൻ തയ്യാറെടുക്കുകയാണ്.

എക്സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്സ്: ജോമി ജോസഫ്, രാഹുൽ റെജി എന്നിവരാണ്. ഛായാഗ്രഹണം: എസ്. ശരവണൻ, സംഗീതം: സാം സി.എസ്, എഡിറ്റർ: ഷമീർ മുഹമ്മദ്, കലാസംവിധാനം: സാബു റാം, മേക്കപ്പ്: സജി കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ: സമീറ സനിഷ്, സ്റ്റിൽസ്: ഹരി തിരുമല, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ ഹെഡ്: റോൺ ഐസക് തോമസ്, പ്രൊഡക്ഷൻ മാനേജേർസ്: ശിവൻ പൂജപ്പുര & അനിൽ അൻഷാദ്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്: പ്രതാപൻ കല്ലിയൂർ, ഷെറിൻ സ്റ്റാൻലി, പ്രൊഡക്ഷൻ കൺട്രോളർ: വിനോദ് മംഗലത്ത്, ഡിസൈൻസ്: യെല്ലോടൂത്ത്സ് & റോക്കറ്റ് സയൻസ്, മാർക്കറ്റിങ്: സ്നേക്ക്പ്ലാന്റ് എൽ.എൽ.പി, പി.ആർ.ഒ: മഞ്ജു ഗോപിനാഥ് & ഹെയിൻസ്.



