തന്റെ പുതിയ ചിത്രമായ ‘സ്പാ’ എന്ന സിനിമയ്ക്ക് കഥയില്ലെന്ന റിവ്യൂവർ അശ്വന്ത് കോക്കിന്റെ വിമർശനത്തോട് പ്രതികരിച്ച് സംവിധായകൻ എബ്രിഡ് ഷൈൻ
മൂന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എബ്രിഡ് ഷൈനിന്റെ സംവിധാനത്തില്‍ തിയറ്ററുകളില്‍ എത്തിയിരിക്കുന്ന ചിത്രമാണ് സ്പാ. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് ഒരു പ്രമുഖ റിവ്യൂവറുടെ അഭിപ്രായത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് സംവിധായകന്. റിലീസിന് ശേഷം താരങ്ങള്‍ക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് എബ്രിഡ് ഷൈനിനെ തേടി ആ ചോദ്യം എത്തിയത്. റിവ്യൂവര്‍ അശ്വന്ത് കോക്ക് സ്പാ ഒരു കഥയില്ലാത്ത പടമാണെന്ന് പറഞ്ഞല്ലോ എന്നും മറ്റ് ചില കാര്യങ്ങള്‍ നിരത്തിക്കൊണ്ട് ചിത്രത്തിനെതിരെ വിദ്വേഷം പടര്‍ത്തിയല്ലോ എന്നുമായിരുന്നു ചോദ്യം. എന്നാല്‍ അശ്വന്ത് അങ്ങനെ പറഞ്ഞതായി തനിക്ക് തോന്നിയില്ല എന്നായിരുന്നു എബ്രിഡ് ഷൈനിന്റെ മറുപടി.
എബ്രിഡ് ഷൈന്‍ പറയുന്നു
“അശ്വന്ത് ഒരു ഹേറ്റും സ്പ്രെഡ് ചെയ്തതായിട്ട് ഞാന്‍ കണ്ടില്ല. വളരെ ബഹുമാനത്തോടെയാണ് അശ്വന്ത് സംസാരിച്ചത്. ഒരു ഫിലിം മേക്കര്‍ എന്ന നിലയിലും ആ സിനിമയോടും വളരെ ബഹുമാനത്തോടെയാണ് സംസാരിച്ചത്. കഥയില്ല എന്ന് പറഞ്ഞത് നേരിട്ടുള്ള കഥപറച്ചിലിന്റെ രീതിയില്‍ ആലോചിച്ചാല്‍ എനിക്കുതന്നെ കഥ പറയാന്‍ ബുദ്ധിമുട്ടാണ്. എന്നോട് ഈ സിനിമയുടെ കഥ പറയാന്‍ പറഞ്ഞാല്‍ ഒരു സ്ട്രെയ്റ്റ് നരേഷന് ബുദ്ധിമുട്ടാണ്. തിരക്കഥയ്ക്കാണ് ഈ സിനിമയില്‍ പ്രാധാന്യം. സീന്‍ ടു സീന്‍ കോര്‍ത്തു കോര്‍ത്ത് പോകുന്ന ഒരു തിരക്കഥയാണ്. ഒരു സിനിമയ്ക്ക് ഇന്ന രീതിയില്‍ കഥ പറഞ്ഞോളണമെന്ന് നിര്‍ബന്ധമില്ല. അങ്ങനെ ഒരു നിയമമില്ല. ഇത് കണ്ട ആളുകള്‍ക്ക് ഒരു കഥ അന്വേഷിച്ച് പോയാല്‍ കഥ ഉണ്ടാവില്ല എന്നായിരിക്കും അശ്വന്ത് പറഞ്ഞത്. അത് കറക്റ്റ് ആണ്. അതിന്റെ ഒരു റിവേഴ്സ് ഓര്‍ഡര്‍ ആണ് ഞാന്‍ പറഞ്ഞത്. റിവേഴ്സ് നരേറ്റീവില്‍ മാത്രമേ അതിന്റെ കഥ പറയാന്‍ പറ്റൂ. അതിപ്പോള്‍ ബിജുവിന്റെ കഥ (ആക്ഷന്‍ ഹീറോ ബിജു) പറയാന്‍ പറഞ്ഞാലും പ്രയാസമായിരിക്കും. ഒരു പൊലീസുകാരന്റെ ഷോര്ഡറിലൂടെ കാര്യങ്ങള്‍ കാണുന്നു എന്ന് പറയാനല്ലാതെ അതിന്റെ കഥ പറയാന്‍ പാടാണ്. അതാണ് അദ്ദേഹം ഉദ്ദേശിച്ചത് എന്ന് എനിക്ക് തോന്നുന്നു”, എബ്രിഡ് ഷൈന്‍ പറയുന്നു.
പേര് പോലെ തന്നെ ഒരു സ്പാ പ്രധാന കഥാപരിസരമായ ചിത്രത്തില്‍ സിദ്ധാർത്ഥ് ഭരതൻ, വിനീത് തട്ടിൽ, പ്രശാന്ത് അലക്സാണ്ടർ, മേജർ രവി, വിജയ് മേനോൻ, ദിനേശ് പ്രഭാകർ, അശ്വിൻ കുമാർ, ശ്രീകാന്ത് മുരളി, കിച്ചു ടെല്ലസ്, ജോജി കെ, മേജർ രവി ജോൺ, സജിമോൻ പാറയിൽ, എബി, ഫെബി, മാസ്ക് മാൻ, ശ്രുതി മേനോൻ, രാധിക രാധാകൃഷ്ണൻ, ശ്രീജ ദാസ്, പൂജിത മേനോൻ, റിമ ദത്ത, ശ്രീലക്ഷ്മി ഭട്ട്, നീന കുറുപ്പ്, മേഘ തോമസ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.



