കെജിഎഫ് താരം യഷിന്‍റെ പുതിയ ചിത്രമായ 'ടോക്സിക്' റിലീസിന് മുമ്പേ റെക്കോർഡുകൾ ഭേദിക്കുന്നു
കെജിഎഫ് ഫ്രാഞ്ചൈസിയിലൂടെ പാന്‍ ഇന്ത്യന്‍ ജനപ്രീതി നേടിയ കന്നഡ താരമാണ് യഷ്. എന്നാല്‍ കെജിഎഫ് 2 ന് ശേഷം മറ്റൊരു യഷ് ചിത്രം ഇതുവരെ എത്തിയിട്ടില്ല. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അദ്ദേഹം നായകനാവുന്ന ഒരു ചിത്രം പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. ടോക്സിക് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മലയാളി സംവിധായിക ഗീതു മോഹന്‍ദാസ് എന്നത് മലയാളി പ്രേക്ഷകരെ സംബന്ധിച്ച് കൗതുകം വര്‍ധിപ്പിക്കുന്നുണ്ട്. കെജിഎഫ് താരത്തിന്‍റെ അടുത്ത ചിത്രം എന്നത് എത്രത്തോളം ഹൈപ്പ് ഉണ്ടാക്കുന്നു എന്നതിന്‍റെ തെളിവുകള്‍ നേരത്തേ പുറത്തെത്തുന്നുണ്ട്. വിവിധ മാര്‍ക്കറ്റുകളിലെ ഡിസ്ട്രിബ്യൂഷന്‍ റൈറ്റ്സ് അടക്കമുള്ളവയാണ് അവ. ഇപ്പോഴിതാ കേരളത്തിലെ വിതരണാവകാശത്തിലും ചിത്രം റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ് എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
ചിത്രം കേരളത്തില്‍ നേടിയിരിക്കുന്നത് ഒരു മലയാളം ഇതര ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ വിതരണാവകാശ തുകയാണെന്ന് ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇ 4 എന്‍റര്‍ടെയ്ന്‍മെന്‍റ് ആണ് ചിത്രത്തിന്‍റെ കേരളത്തിലെ വിതരണക്കാര്‍. തുക എത്രയെന്നത് ഔദ്യോഗികമായി പുറത്തെത്തിയിട്ടില്ലെങ്കിലും ഇത് 100 കോടിയോളം വരുമെന്നാണ് ടിഎച്ച്ആറിന്‍റെ റിപ്പോര്‍ട്ട്. ചിത്രം കേരളത്തിലെ 350 സ്ക്രീനുകളില്‍ പ്രദര്‍ശനത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കെജിഎഫ് 2 കേരളത്തില്‍ നിന്ന് മാത്രമായി 70 കോടിയോളം നേടിയിരുന്നു. ചിത്രത്തിന്‍റെ ഉത്തരേന്ത്യന്‍ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് അനില്‍ തഡാനിയുടെ എഎ ഫിലിംസ് ആണ്. തെലുങ്ക് സംസ്ഥാനങ്ങളില്‍ ദില്‍ രാജുവിന്‍റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സുമാണ് വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.
സീ മ്യൂസിക് കമ്പനിക്കാണ് ചിത്രത്തിന്‍റെ മ്യൂസിക് റൈറ്റ്സ്. ഇത് സീ മ്യൂസിക് കമ്പനിയുടെ സമീപ വര്‍ഷങ്ങളിലെ ഏറ്റവും വലിയ ഡീല്‍ ആണെന്നാണ് പറയപ്പെടുന്നത്. രവി ബസ്രൂര്‍, വിശാല്‍ മിശ്ര, തനിഷ്ക് ബാഗ്‍ചി എന്നിവരാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകര്‍. വിശാല്‍ മിശ്ര നാല് ഗാനങ്ങളും തമിഷ്ക് ബാഗ്ചിയും രവി ബസ്രൂറും ഓരോ ഗാനങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. പശ്ചാത്തല സംഗീതം നല്‍കിയിരിക്കുന്നത് രവി ബസ്രൂര്‍ ആണ്. രാജീവ് രവിയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. പോസിറ്റീവ് അഭിപ്രായം വന്നാല്‍ ബോക്സ് ഓഫീസില്‍ വലിയ മുന്നേറ്റമാവും ചിത്രം നടത്തുക. മാര്‍ച്ച് 19 നാണ് ചിത്രത്തിന്‍റെ റിലീസ്.



