അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന 'സർവ്വം മായ' എന്ന ഹൊറർ കോമഡി ചിത്രം മികച്ച അഡ്വാൻസ് ബുക്കിംഗ് കളക്ഷനോടെയാണ് ക്രിസ്മസ് റിലീസായി എത്തുന്നത്
മലയാളത്തിലെ യുവതാരനിരയില്‍ ഏറ്റവും ആരാധകരുള്ള നടന്മാരില്‍ പ്രധാനിയാണ് നിവിന്‍ പോളി. എന്നാല്‍ താരമൂല്യത്തിനൊത്തുള്ള ഒരു ബോക്സ് ഓഫീസ് വിജയം സമീപകാലത്തൊന്നും അദ്ദേഹം നേടിയിട്ടില്ല. കരിയറില്‍ വേറിട്ട കഥകള്‍ക്ക് ആണ് സമീപകാലത്ത് അദ്ദേഹം കൈ കൊടുത്തതെങ്കിലും അവയില്‍ നല്ല ചിത്രങ്ങള്‍ ഉണ്ടെങ്കിലും തിയറ്ററില്‍ പ്രേക്ഷകരെ കൂട്ടുന്നതില്‍ അവയൊക്കെ പരാജയപ്പെട്ടു. എന്നാല്‍ ക്രിസ്മസ് റിലീസ് ആയി ഇന്ന് തിയറ്ററുകളില്‍ എത്തുന്ന പുതിയ ചിത്രത്തിന് അത് സാധിക്കുമെന്ന പ്രതീക്ഷയിലാണ് നിവിന്‍ ആരാധകര്‍. അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന സര്‍വ്വം മായ എന്ന ചിത്രത്തില്‍ അജു വര്‍ഗീസ് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഫൈനല്‍ അഡ്വാന്‍സ് ബുക്കിംഗ് കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.
റിലീസിന് രണ്ട് ദിവസം മുന്‍പാണ് ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചത്. ട്രാക്കര്‍മാരുടെ കണക്ക് പ്രകാരം ചിത്രം കേരളത്തില്‍ നിന്ന് അഡ്വാന്‍സ് ബുക്കിംഗിലൂടെ ആകെ നേടിയത് 1.24 കോടിയാണ്. ഇതര സംസ്ഥാനങ്ങളിലെ വില്‍പ്പന കൂടി എടുത്താല്‍ അത് ഒന്നര കോടിയില്‍ എത്തുമെന്നും ട്രാക്കര്‍മാര്‍ പറയുന്നു. കേരളത്തില്‍ ചിത്രത്തിന് നിരവധി ഫാസ്റ്റ് ഫില്ലിംഗ് ഷോകള്‍ ലഭിക്കുന്നുണ്ട്. ആദ്യ ഷോകളില്‍ മികച്ച പ്രതികരണം നേടാനായാല്‍ ക്രിസ്മസ് സീസണില്‍ മികച്ച ബോക്സ് ഓഫീസ് മുന്നേറ്റം ചിത്രം ഉണ്ടാക്കും എന്ന് ഉറപ്പാണ്.
ഫാന്റസി ഹൊറർ കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രമാണിത്. പ്രേക്ഷകർ കാണാൻ ഏറെ ആഗ്രഹിച്ച രീതിയിലാണ് സംവിധായകന്‍ നിവിൻ പോളി ചിത്രത്തിൽ അവതരിച്ചിരിക്കുന്നതെന്നാണ് സൂചന. തമാശകളുടെ മറ്റൊരു ലോകം പ്രേക്ഷകർക്ക് മുന്നിൽ തുറന്നു കാണിച്ച നിവിൻ പോളിയും അജു വർഗീസും ഒരുമിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും 'സർവ്വം മായ'യ്ക്ക് ഉണ്ട്. സ്വാഭാവിക നർമ്മത്തിന് പ്രാധാന്യം നൽകുന്ന അഖിൽ സത്യന്റെ സംവിധാനത്തിൽ, ഈ ഹിറ്റ് കോമ്പിനേഷൻ തിയേറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം തീർക്കുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. നിവിൻ പോളി, അജു വർഗീസ് എന്നിവർക്കൊപ്പം മലയാളത്തിന്റെ പ്രിയതാരങ്ങളായ ജനാർദ്ദനൻ, രഘുനാഥ് പലേരി, മധു വാര്യർ, അൽതാഫ് സലിം, പ്രീതി മുകുന്ദൻ എന്നിവരും അണിനിരക്കുന്നു.



