- Home
- Technology
- Gadgets (Technology)
- 8000 എംഎഎച്ച് ബാറ്ററിയുള്ള ലോകത്തിലെ ഏറ്റവും സ്ലിം ഫോൺ; ടെക്നോ പോവ കർവ് 2 ഇന്ത്യയിൽ
8000 എംഎഎച്ച് ബാറ്ററിയുള്ള ലോകത്തിലെ ഏറ്റവും സ്ലിം ഫോൺ; ടെക്നോ പോവ കർവ് 2 ഇന്ത്യയിൽ
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ പുതിയ തരംഗം സൃഷ്ടിക്കാന്‍ ടെക്നോ ഏറ്റവും പുതിയ മിഡ്-റേഞ്ച് മൊബൈല്‍ മോഡലായ പോവ കർവ് 2 (Tecno Pova Curve 2 5G) അവതരിപ്പിച്ചു. 8000mAh ബാറ്ററി ശേഷിയുള്ളവയില്‍ വച്ച് ലോകത്തിലെ ഏറ്റവും സ്ലിം മൊബൈല്‍ ഫോണാണിത്.

വെറും 7.42 മില്ലിമീറ്റർ കനമുള്ള ടെക്നോ പോവ കർവ് 2 5ജി ഫോണിൽ വലിയ ശേഷിയുള്ള ബാറ്ററിയും സുന്ദരമായ സ്ലിം ഡിസൈനും ഒരുമിക്കുന്നു എന്നതാണ് പ്രധാന പ്രത്യേകത. കൂടുതൽ സമയം ബാറ്ററി ലൈഫ് ആവശ്യമുള്ള, കട്ടിയേറിയ ഫോണുകൾ ഇഷ്ടമില്ലാത്ത ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ സ്മാർട്ട്ഫോൺ ടെക്നോ അവതരിപ്പിച്ചിരിക്കുന്നത്. ബാറ്ററി കേന്ദ്രീകൃതമായ സ്മാർട്ട്ഫോൺ നിരയിൽ കൂടുതൽ ശക്തമായി നിലപാട് ഉറപ്പിക്കാനാണ് പോവ കർവ് 2 ഉപയോഗിച്ച് ടെക്നോ ശ്രമിക്കുന്നത്. മിഡ്-റേഞ്ച് സെഗ്മെന്റില്‍ കടുത്ത മത്സരം നിലനിൽക്കുന്ന സാഹചര്യത്തിൽ ബ്രാൻഡിന്റെ പുതിയ നീക്കമായി ഇതിനെ കാണാം.
ഡിസൈനിൽ ടെക്നോ പോവ കർവ് 2 5ജി വ്യത്യസ്തമായൊരു സമീപനമാണ് കൈക്കൊണ്ടിരിക്കുന്നത്. ബഹിരാകാശ പേടകങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള വളഞ്ഞ രൂപകൽപ്പന ഫോണിന് പുത്തന്‍ രീതിയും പ്രീമിയം ലുക്കും നൽകുന്നു. 144Hz റിഫ്രെഷ് റേറ്റുള്ള കർവ്ഡ് അമോലെഡ് ഡിസ്പ്ലേയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഐ-കംഫർട്ട് സാങ്കേതികവിദ്യ ഫോണില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതിനാല്‍ ദീർഘനേരം ഉപയോഗിക്കുമ്പോഴും കണ്ണിന് ഉണ്ടാകുന്ന ബുദ്ധിമുട്ട് കുറയ്ക്കാം എന്നാണ് കമ്പനിയുടെ അവകാശവാദം.
ടെക്നോ പോവ കർവ് 2-യുടെ ഹാർഡ്വെയർ പരിശോധിച്ചാല്‍ മീഡിയാടെക് D7100 പ്രോസസറാണ് ഫോണിനെ ശക്തിപ്പെടുത്തുന്നത്. കമ്പനി ‘ട്രിപ്പിൾ ചിപ്സെറ്റ് കോൺഫിഗറേഷൻ’ എന്ന് വിശേഷിപ്പിക്കുന്ന സാങ്കേതിക ക്രമീകരണവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 20 വരെ 5G ബാൻഡുകൾക്ക് പിന്തുണയും ഇന്റലിജന്റ് നെറ്റ്വർക്ക് സ്വിച്ചിംഗ് സംവിധാനവും ഫോണിന് എല്ലാ പ്രദേശങ്ങളിലും സ്ഥിരതയാർന്ന കണക്റ്റിവിറ്റി നൽകാൻ സഹായിക്കും.
ഇന്ത്യൻ ഉപയോക്താക്കളെ മുൻനിർത്തി വികസിപ്പിച്ച ELLA AI 2.0 അസിസ്റ്റന്റും ടെക്നോ പോവ കർവ് 2-വിലുണ്ട്. ഹിന്ദി, ബംഗാളി, തമിഴ്, ഗുജറാത്തി, മറാത്തി തുടങ്ങിയ ഭാഷകൾക്ക് പിന്തുണ നൽകുന്നു. ഇത് കൂടുതൽ സ്വാഭാവിക സംഭാഷണാനുഭവം ലഭ്യമാക്കുന്നു. കൂടാതെ എഐ അടിസ്ഥാനത്തിലുള്ള നോയ്സ് റെഡക്ഷൻ സാങ്കേതിക വിദ്യയും മികച്ച ശബ്ദ നിലവാരം ഉറപ്പാക്കുമെന്ന് കമ്പനി പറയുന്നു.
ടെക്നോ പോവ കർവ് 2-വിന്റെ 8ജിബി റാം + 128ജിബി സ്റ്റോറേജ് മോഡലിന് 27,999 രൂപയും 8ജിബി റാം + 256ജിബി സ്റ്റോറേജ് മോഡലിന് 29,999 രൂപയുമാണ് വില. ഫെബ്രുവരി 20 മുതൽ ഫ്ലിപ്കാര്‍ട്ട് ഉൾപ്പെടെയുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും രാജ്യത്തെ പ്രമുഖ റീട്ടെയിൽ സ്റ്റോറുകളിലും ഫോൺ ലഭ്യമാകും. തിരഞ്ഞെടുക്കപ്പെട്ട ബാങ്കുകളും എൻബിഎഫ്സി പങ്കാളികളും വഴി 3,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറുകളും ടെക്നോ പോവ കർവ് 2-വിന് പ്രഖ്യാപിച്ചിട്ടുണ്ട്.

