മുംബൈയിൽ ബിജെപി സംഘടിപ്പിച്ച രാഷ്ട്രീയ റാലി മൂലമുണ്ടായ രൂക്ഷമായ ഗതാഗതക്കുരുക്കിൽ കുടുങ്ങിയ യുവതി, ജലവിഭവ മന്ത്രി ഗിരീഷ് മഹാജനോട് പരസ്യമായി കയർത്തു. സ്കൂളിൽ നിന്ന് കുട്ടിയെ കൂട്ടാൻ പോവുകയായിരുന്ന യുവതി, റാലി ഒഴിഞ്ഞ മൈതാനത്തേക്ക് മാറ്റാൻ ആവശ്യപ്പെടുകയും പൊലീസുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും ചെയ്തു.

മുംബൈ: മുംബൈയിലെ വർളി പ്രദേശത്ത് രാഷ്ട്രീയ റാലി രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമായതിനെത്തുടർന്ന് ജലവിഭവ മന്ത്രി ഗിരീഷ് മഹാജനെയും പൊലീസിനെയും പരസ്യമായി ചോദ്യം ചെയ്ത് യുവതി. ബിജെപി സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിനിടെയാണ് ​ഗതാ​ഗത തടസം ഉണ്ടായത്. വോർളി പ്രദേശത്ത് പ്രതിപക്ഷമായ മഹാ വികാസ് അഘാഡി (എംവിഎ) സഖ്യത്തിനെതിരെയായിരുന്നു പ്രകടനം. വനിതാ സംവരണ ബിൽ പരാജയപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് ബിജെപി മാർച്ച് സംഘടിപ്പിച്ചത്. വൈകുന്നേരം 5 മണിക്ക് നിശ്ചയിച്ചിരുന്ന മാർച്ചിൽ നിരവധി സ്ത്രീകൾ പങ്കെടുത്തു. ജംബോരി മൈതാനത്ത് നിന്ന് ആരംഭിച്ച് ഡോമിൽ സമാപിച്ചു. പ്രതിഷേധം ആരംഭിക്കാൻ വൈകിയതിനാൽ നീണ്ട ഗതാഗതക്കുരുക്കുണ്ടായി. സ്കൂളിൽ നിന്ന് കുട്ടിയെ കൂട്ടിക്കൊണ്ടുവരാൻ പുറപ്പെട്ട സ്ത്രീയുടെ വാഹനം മണിക്കൂറുകളോളം തിരക്കിൽ കുടുങ്ങിക്കിടന്നു. 

നിരാശയായ യുവതി വാഹനം ഉപേക്ഷിച്ച് മാർച്ചിന്റെ മധ്യത്തിലേക്ക് നടന്നെത്തുകയും മന്ത്രിയോട് വാക്കുതർക്കമുണ്ടാകുകയും ചെയ്തു. രാഷ്ട്രീയ റാലികൾ മൂലമുണ്ടാകുന്ന പൊതുജന അസൗകര്യങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ച യുവതി, ജനക്കൂട്ടം പിരിഞ്ഞുപോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. നൂറുകണക്കിന് ആളുകൾ കാത്തിരിക്കുകയാണ്. അവിടെ ഒരു ഒഴിഞ്ഞ ഗ്രൗണ്ട് ഉണ്ട്. അവിടെ പോയി സമരം നടത്തൂവെന്നും യുവതി ആവശ്യപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥർ ഇടപെടാൻ ശ്രമിച്ചപ്പോൾ, അവരോടും യുവതി കയർത്തു. സംഭവത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.

Scroll to load tweet…