2023ലെ വനിത സംവരണ ബില്ല് ഇന്നലെ വിജ്ഞാപനം ചെയ്തതിൽ ലോക്സഭയിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. ലോക്സഭ തുടങ്ങിയപ്പോൾ കെസി വേണുഗോപാൽ എംപിയാണ് ഇക്കാര്യം ഉന്നയിച്ചത്. ഇതിന് പിന്നാലെ രൂക്ഷവിമർശനമുയർത്തി കനിമൊഴിയും രംഗത്തെത്തി
ദില്ലി: ലോക്സഭയിൽ വനിതാ സംവരണ ബില്ലിന്മേലുള്ള ചർച്ച പുരോഗമിക്കുന്നു. 2023ലെ വനിത സംവരണ ബില്ല് ഇന്നലെ വിജ്ഞാപനം ചെയ്തതിൽ ലോക്സഭയിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. ലോക്സഭ തുടങ്ങിയപ്പോൾ കെസി വേണുഗോപാൽ എംപിയാണ് ഇക്കാര്യം ഉന്നയിച്ചത്. ഇതിന് പിന്നാലെ രൂക്ഷവിമർശനമുയർത്തി കനിമൊഴിയും രംഗത്തെത്തി. ബില്ല് വന്നാൽ പാർലമെന്റിലെ തമിഴ് ശബ്ദമില്ലാതാകുമെന്നും ജനസംഖ്യാ നിയന്ത്രണം മികച്ച രീതിയിൽ നടത്തിയ സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാണ് ബില്ലെന്നും കനിമൊഴി പറഞ്ഞു. പ്രതിഷേധ സൂചകമായി സഭയിൽ ഇന്നും കറുപ്പണിഞ്ഞ് കൊണ്ടാണ് ഡിഎംകെ അംഗങ്ങൾ എത്തിയത്.
തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ചെന്ന് കനിമൊഴി പറഞ്ഞു. പഴയ ബില്ല് വിജ്ഞാപനം ചെയ്യാതെ പുതിയ ബില്ല് ചർച്ച ചെയ്യുന്നത് എന്തിനാണ്. പ്രാബല്യത്തിലാകാത്ത നിയമത്തിനാണ് ഭേദഗതി തയ്യാറാക്കിയതെന്നും കനിമൊഴി പറഞ്ഞു. നീതിയെന്നു പറയുന്നത് എല്ലാവരെയും ഒരുപോലെ പരിഗണിക്കുന്നതാണ്.
സംസ്ഥാനങ്ങളുമായോ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായോ സംസാരിച്ചിരുന്നോ. രാജ്യത്തെ ജനാധിപത്യ ഭൂപടം മാറ്റിവരയ്ക്കാനാണ് കേന്ദ്ര ശ്രമം. എന്ത് കൊണ്ട് തെരഞ്ഞെടുപ്പ് വേളയിൽ ബില്ല് കൊണ്ടുവന്നു. രാജ്യത്തെ വനിതകൾക്ക് ഇന്ന് സംവരണം ആവശ്യമാണ്. നിലവിലെ 543 സീറ്റുകളിൽ സംവരണം നടത്തട്ടെയെന്നും കനിമൊഴി പറഞ്ഞു. ബില്ല് പിൻവലിക്കണം. ജെപിസിക്ക് വിടണമെന്നും ബില്ലിനെതിരെ തമിഴ്നാട് പോരാടുമെന്നും കനിമൊഴി പറഞ്ഞു.
വനിതാ സംവരണം നടപ്പിലാക്കാൻ തയ്യാറാണെന്നും മണ്ഡല പുനർനിർണയം നടത്താൻ വലിയ രീതിയിലുള്ള ചർച്ചകൾ നടത്തേണ്ടതുണ്ടെന്നും ശശി തരൂർ എംപി പറഞ്ഞു. നോട്ട് നിരോധനത്തിൽ കാണിച്ച വേഗതയാണ് സർക്കാർ മണ്ഡലം നിർണയത്തിന് കാണിക്കുന്നത്. നിലവിലുള്ള എംപിമാർക്ക് തന്നെ സഭയിൽ സംസാരിക്കാൻ സമയം കിട്ടുന്നില്ല. അപ്പോഴെങ്ങനെയാണ് 800 ലധികം പേർക്ക് സമയം ലഭിക്കുക. മണ്ഡല പുനർനിർണയത്തിൻ്റെ പേരിൽ വനിതാ സംവരണം വൈകുകയാണ്. നിരവധി സംസ്ഥാനങ്ങളുടെ ശബ്ദത്തെ അടിച്ചമർത്തപ്പെടും. ചെറിയ സംസ്ഥാനങ്ങളും വലിയ സംസ്ഥാനങ്ങളും തമ്മിലുള്ള അന്തരം വർദ്ധിപ്പിക്കുമെന്നും തരൂർ പറഞ്ഞു.
അതേസമയം, വനിതാ സംവരണ ബില്ലിന്മേലുള്ള വോട്ടെടുപ്പ് ഇന്ന് വൈകിട്ട് നാല് മണിക്ക് നടക്കും. ബില്ല് പാസ്സാകാൻ 360 എംപിമാരുടെ പിന്തുണ കിട്ടണം. എന്നാൽ ഇപ്പോഴത്തെ നിലയ്ക്ക് ഇത് സാധ്യമല്ല. 543 സീറ്റിൽ മൂന്നിലൊന്ന് സ്ത്രീകൾക്ക് നൽകുന്നതേ അംഗീകരിക്കൂ എന്ന നിലപാടിൽ പ്രതിപക്ഷം ഉറച്ച് നിൽക്കുകയാണ്. എന്നാൽ, സ്ത്രീകളുടെ അവകാശം ഉറപ്പിക്കാൻ സർക്കാർ നോക്കുമ്പോൾ സാങ്കേതിക കാരണം പറഞ്ഞ് ഇത് പ്രതിപക്ഷം തടയുന്നു എന്നതാണ് പ്രധാനമന്ത്രിയും ബിജെപിയും ഉയർത്തുന്ന പ്രധാന വാദം. ബിൽ പാസാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി ക്യാംപ്.



