ഇസ്രായേലിന്റെ ചാരസംഘടനയായ മൊസാദിന് രഹസ്യവിവരങ്ങൾ ചോർത്തി നൽകിയതിന് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥനായിരുന്ന മെഹ്ദി ഫരീദിനെ ഇറാൻ വധിച്ചു. കീഴ്ക്കോടതിയുടെ വധശിക്ഷ സുപ്രീം കോടതി ശരിവെച്ചതോടെയാണ് ശിക്ഷ നടപ്പാക്കിയത്. നിലവിലെ യുദ്ധസാഹചര്യത്തിൽ ഇസ്രയേലിൻ്റെ ചാരന്മാർക്ക് ഇറാൻ ഭരണകൂടം നൽകുന്ന മുന്നറിയിപ്പായി ഈ നടപടി വിലയിരുത്തപ്പെടുന്നു.
ടെഹ്റാൻ: ഇസ്രായേലിന്റെ ഇന്റലിജൻസ് ഏജൻസിയായ മൊസാദിന് അതീവ രഹസ്യവിവരങ്ങൾ ചോർത്തി നൽകിയ ആളെ ഇറാൻ വധിച്ചു. സിവിൽ ഡിഫൻസ് യൂണിറ്റിൽ ഉദ്യോഗസ്ഥനായിരുന്ന 'മെഹ്ദി ഫരീദ്' എന്നയാളായാണ് വധിച്ചത്. ബുധനാഴ്ച രാവിലെയാണ് വധശിക്ഷ നടപ്പിലാക്കിയതെന്ന് ഇറാന്റെ ജുഡീഷ്യറി വാർത്താ ഏജൻസിയായ മിസാൻ റിപ്പോർട്ട് ചെയ്തു. സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥനായിരിക്കെ, ജോലിയിലൂടെ ലഭിച്ച ഔദ്യോഗിക വിവരങ്ങൾ ഇയാൾ മൊസാദിന് കൈമാറിയെമ്മ് തെളിഞ്ഞതിന് പിന്നാലെയാണ് വധശിക്ഷ നടപ്പാക്കിയത്.
സ്വന്തം രാജ്യത്ത് പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചതിനും സയണിസ്റ്റ് ഭരണകൂടത്തിന് വേണ്ടി ചാരപ്പണി നടത്തിയതിനുമാണ് ഈ പരമോന്നത ശിക്ഷ നൽകിയത്. കീഴ്ക്കോടതിയുടെ വധശിക്ഷ സുപ്രീം കോടതിയും ശരിവെച്ചതോടെയാണ് നിയമപരമായ നടപടികൾ പൂർത്തിയാക്കി ശിക്ഷ നടപ്പിലാക്കിയത്. ഇസ്രായേലുമായും അമേരിക്കയുമായുമുള്ള യുദ്ധസാഹചര്യം സജീവമായി നിൽക്കുമ്പോഴാണ് സ്വന്തം രാജ്യത്തെ ഇസ്രയേലിൻ്റെ ചാരന്മാർക്ക് ഇറാൻ ഭരണകൂടം മുന്നറിയിപ്പ് നൽകുന്നത്. ജനുവരിയിൽ ഇറാനിൽ നടന്ന പ്രതിഷേധ പ്രകടനങ്ങളുമായി ബന്ധപ്പെട്ട് പിടിയിലായവർക്കെതിരെയും ഇസ്രായേൽ ബന്ധം ആരോപിച്ച് ഇറാൻ കടുത്ത നടപടികൾ സ്വീകരിച്ചിരുന്നു. ഏപ്രിൽ 8 മുതൽ ഇറാനും ഇസ്രായേലിനും ഇടയിൽ ഒരു വെടിനിർത്തൽ നിലനിൽക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.


