പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാക്കിക്കൊണ്ട് ഹോർമുസ് കടലിടുക്കിൽ ഇറാൻ രണ്ട് കപ്പലുകൾ പിടിച്ചെടുത്തു. യുഎസ് ഉപരോധം തുടരുന്ന സാഹചര്യത്തിൽ കടലിടുക്ക് അടച്ചിടുമെന്ന ഇറാന്റെ ഭീഷണി ആഗോള ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. പാകിസ്ഥാന്റെ മധ്യസ്ഥതയിലുള്ള സമാധാന ചർച്ചകൾ മുടങ്ങുകയും ചെയ്തു.
ദില്ലി: പശ്ചിമേഷ്യയിലെ സംഘർഷം പുതിയ തലത്തിലേക്ക്. ഇറാനെതിരെയുള്ള വ്യോമാക്രമണങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ, ഹോർമുസ് കടലിടുക്കിൽ വെച്ച് രണ്ട് കപ്പലുകൾ ഇറാൻ പിടിച്ചെടുത്തു. യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഇറാൻ കപ്പലുകൾ പിടിച്ചെടുക്കുന്നത്. സമുദ്രനിയമങ്ങൾ ലംഘിച്ചതിനാണ് കപ്പലുകൾ പിടിച്ചെടുത്തതെന്ന് ഇറാന്റെ തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇറാൻ ഒരു ഏകീകൃത സമാധാന നിർദ്ദേശം മുന്നോട്ടുവെക്കുന്നത് വരെ ആക്രമണം ഉണ്ടാവില്ലെന്നാണ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. ആക്രമണം നിർത്തിയെങ്കിലും ഇറാന്റെ സമുദ്ര വ്യാപാരം തടഞ്ഞുകൊണ്ടുള്ള യുഎസ് നാവികസേനയുടെ ഉപരോധം തുടരുമെന്ന് ട്രംപ് അറിയിച്ചു. ഈ ഉപരോധത്തെ യുദ്ധപ്രഖ്യാപനമായാണ് ഇറാൻ കാണുന്നത്. യുഎസ് ഉപരോധം തുടരുന്നിടത്തോളം കാലം ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ വ്യക്തമാക്കി. ആഗോള ഊർജ്ജ പ്രതിസന്ധിക്ക് ഇത് കാരണമായി.
ഇന്ന് ഹോർമുസ് കടലിടുക്കിന് സമീപം മൂന്ന് കപ്പലുകൾക്ക് നേരെ വെടിവെപ്പുണ്ടായതായും റിപ്പോർട്ടുകളുണ്ട്. അതിനിടെ ഇസ്ലാമാബാദിൽ നടക്കേണ്ടിയിരുന്ന സമാധാന ചർച്ചകളിൽ ഇരുവിഭാഗവും പങ്കെടുത്തില്ല. അമേരിക്കൻ പ്രതിനിധി സംഘം വാഷിംഗ്ടണിൽ നിന്ന് പുറപ്പെട്ടില്ലെന്നും, ഇറാൻ ചർച്ചയ്ക്കുള്ള ക്ഷണം ഔദ്യോഗികമായി സ്വീകരിച്ചില്ലെന്നുമാണ് വിവരം. ചർച്ച മുടങ്ങിയത് തിരിച്ചടിയാണെങ്കിലും, ഇരുരാജ്യങ്ങളെയും ചർച്ചയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ പാകിസ്ഥാൻ തുടരുകയാണ്.


