ജില്ലാ സെക്രട്ടറി വി ജോയ് വർക്കലയിൽ വീണ്ടും ജനവിധി തേടും. ജില്ലാ സെക്രട്ടേറിയറ്റിലുണ്ടായ നിർദേശം സംസ്ഥാന നേതൃത്വത്തിന് കൈമാറും. തിരുവനന്തപുരവും കോവളവും ഏറ്റെടുക്കണമെന്നാവശ്യം സെക്രട്ടേറിയറ്റിൽ ഉയർന്നു.
തിരുവനന്തപുരം: തിരുവനന്തപുരത്ത് പത്ത് സിറ്റിംഗ് എംഎൽഎമാരേയും മത്സരിപ്പിക്കാൻ സിപിഎം. നേമത്ത് വി ശിവൻകുട്ടിയും കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രനും മത്സരിക്കും. അതേസമയം, ജില്ലാ സെക്രട്ടറി വി ജോയ് മത്സരിക്കണോ എന്ന് സംസ്ഥാന നേതൃത്വത്തിന് സംശയം ഉണ്ടെങ്കിലും വർക്കലയിലെ വിജയ സാധ്യത മാത്രം നോക്കിയാൽ മതിയെന്ന ഉറച്ച നിലപാടിലാണ് ജില്ലാ നേതൃത്വം
ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ ടേം ഒന്നും നോക്കുന്നില്ല. പരമാവധി സീറ്റിൽ ജയിക്കുക മാത്രമാണ് ലക്ഷ്യം. അതുകൊണ്ട് പത്ത് സീറ്റിലും സിറ്റിംഗ് എംഎൽഎമാർ അതേപടി മത്സരിക്കട്ടെ എന്ന ധാരണയിലാണ് സിപിഎം ജില്ലാ നേതൃത്വം. ജില്ലാ സെക്രട്ടറിയായതിനാൽ വി ജോയ് മത്സരിക്കണമെന്ന അഭിപ്രായം സംസ്ഥാന നേതൃത്വത്തിന് ഇല്ല. ഇക്കാര്യം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ജില്ലാ സെക്രട്ടേറിയറ്റിൽ പ്രകടിപ്പിക്കുകയും ചെയ്തു. വർക്കലയിൽ പിന്നെ പകരം ആരെന്ന ചോദ്യത്തിന് ഉത്തരം ഇല്ലാത്ത സാഹചര്യത്തിലാണ് പത്തിൽ പത്തും എന്ന ധാരണ ഉറപ്പിച്ചത്. ജനാധിപത്യ കേരളാ കോൺഗ്രസ് മത്സരിച്ച സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യം ജില്ലാ നേതൃത്വം ശക്തിയായി ഉന്നയിക്കുന്നുണ്ട്.
തൊണ്ടിമുതൽ കേസിൽ ആന്‍റണി രാജുവിന്‍റെ അയോഗ്യതയിൽ അടുത്ത ദിവസം പ്രതീക്ഷിക്കുന്ന കോടതി തീർപ്പായിരിക്കും നിർണ്ണായകം. ജനതാദളിന്‍റെ കോവളം സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യവും ജില്ലാ നേതാക്കൾ അതിശക്തമായി ഉന്നയിക്കുന്നുണ്ട്. പത്ത് സിറ്റിംഗ് എംൽഎമാരിൽ ഏഴ് പേരാണ് ടേം വ്യവസ്ഥയിൽ ഇളവോടെ സിപിഎം തലസ്ഥാന ജില്ലയിൽ മാത്രം മത്സരത്തിനിറക്കുന്നത്.



