ബന്ധുവീട്ടിലെത്തിയ യുവതിയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചു കടന്നുകളഞ്ഞയാൾ പൊലീസ് പിടിയിൽ

കൊല്ലം: ബന്ധുവീട്ടിലെത്തിയ യുവതിയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചു കടന്നുകളഞ്ഞയാൾ പൊലീസ് പിടിയിൽ. കോഴിക്കോട് സ്വദേശി യദുകൃഷ്ണൻ (24) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിളക്കുടി ഇളമ്പലിൽ കേസിനാസ്പദമായ സംഭവം. കരവാളൂർ സ്വദേശിനിയുടെ മാല ഇളമ്പലിലെ ബന്ധുവീട്ടിൽ നിന്നും യദുകൃഷ്ണൻ പൊട്ടിച്ചെടുത്തെന്നായിരുന്നുപരാതി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പരാതിക്കാരിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ചാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരിയും യദുകൃഷ്ണനും ഒരുമിച്ച് നടന്നുപോകുന്നതായി സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തി. ഇൻസ്റ്റഗ്രാമിലൂടെ ഇരുവരും പരിചയപ്പെട്ടതാണെന്നും യുവതിയെ കാണാൻ പ്രതി സ്ഥലത്ത് എത്തിയതാണെന്നും വ്യക്തമായി. യുവതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.