കെ സുധാകരന്‍റെ പരസ്യ പ്രസ്താവനയിൽ ഒരു വിഭാഗം പാര്‍ട്ടി നേതൃത്വത്തെ പരാതി അറിയിച്ചു. തർക്കത്തിൽ ഹൈക്കമാൻഡ് കർശന നിലപാട് എടുക്കാത്തതിൽ ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തിയുണ്ട്.
തിരുവനന്തപുരം: കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷനോട് ആവശ്യപ്പെട്ടെന്ന കെ സുധാകരന്‍റെ പരസ്യ പ്രസ്താവനയിൽ ഒരു വിഭാഗം പാര്‍ട്ടി നേതൃത്വത്തെ പരാതി അറിയിച്ചു. തർക്കത്തിൽ ഹൈക്കമാൻഡ് കർശന നിലപാട് എടുക്കാത്തതിൽ ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തിയുണ്ട്. മുഖ്യമന്ത്രി പോരിൽ ലോബിയിങ് വേണ്ടെന്ന തീരുമാനത്തിലാണ് വിഡി പക്ഷം. അതേസമയം വിഡി സതീശനും കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയാകുമെന്ന ഉറച്ച വിശ്വാസത്തിലാണ്.
മുഖ്യമന്ത്രി ചര്‍ച്ചയ്ക്കുള്ള നേതൃത്വത്തിന്‍റെ വിലക്ക് തള്ളുകയും കെസിക്കായി ഫേസ്ബുക്ക് പോസ്റ്റിടുകയും ചെയ്തതിന് പിന്നാലെയാണ് കെ സുധാകരൻ കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെന്നും കെസിയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടെന്നും മാധ്യമങ്ങളോട് പറഞ്ഞത്. ഈ നീക്കങ്ങൾക്കെതിരെയാണ് ഒരു വിഭാഗത്തിന്‍റെ പരാതി.
പരസ്യവിവാദം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് ബെന്നി ബഹനാൻ ഖർഗെയ്ക്കു കത്തു നൽകിയിട്ടും നേതൃത്വം ഇക്കാര്യത്തിൽ ഇടപെടാൻ തയ്യാറായിട്ടില്ല. അതേസമയം മല്ലികാർജ്ജുൻ ഖർഗയെ കണ്ടെന്ന് കെ സുധാകരൻ അവകാശപ്പെട്ടെങ്കിലും ഇങ്ങനെയൊരു കൂടിക്കാഴ്ച നടന്നില്ലെന്നാണ് ഖർഗെയുടെ ഓഫീസ് അറിയിക്കുന്നത്. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന സമയത്ത് എംപിമാരുടെ നിലപാടും തേടുമെന്നും ഇപ്പോൾ ഇതാരോടും ചോദിച്ചിട്ടില്ലെന്നുമാണ് കോൺഗ്രസ് നേതൃത്വത്തിൻ്റെ അനൗദ്യോഗിക നിലപാട്. ചര്‍ച്ചകളിൽ നിന്ന് മാറി നിന്ന് കാത്തിരിക്കാനാണ് വിഡി പക്ഷത്തിന്‍റെ തീരുമാനം. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് സതീശൻ പ്രതികരിച്ചില്ല.
ലീഗ് അടക്കമുള്ള ഘടകക്ഷികള്‍ ഒപ്പമുണ്ടാകുമെന്ന് വിഡി പക്ഷം പ്രതീക്ഷിക്കുന്നു. നിര്‍ണായക ഘട്ടത്തിൽ ഘടകക്ഷികള്‍ അഭിപ്രായം പറയും. സ്വാഭാവികമായി മുഖ്യമന്ത്രി പദം സതീശനിലേക്ക് എത്തുമെന്നതിനാൽ ലോബിയിങ് വേണ്ടന്നാണ് വിഡി പക്ഷത്തിന്‍റെ തീരുമാനം. സാമൂഹിക മാധ്യമങ്ങളിൽ സതീശൻ അനുകൂല കമന്‍റുകള്‍ ആസൂത്രിതമല്ലെന്നാണ് വിശദീകരണം. എന്നാൽ കെസിയേ മുഖ്യമന്ത്രിയാകൂവെന്ന് അദ്ദേഹത്തിന്‍റെ അനുകൂലികള്‍ ഉറച്ചു വിശ്വസിക്കുന്നു. കൂടുതൽ എംഎൽഎമാര്‍ കൈ പൊക്കുമെന്നും ഹൈക്കമാന്‍ഡ് പച്ചക്കൊടി കാണിക്കുമെന്നും കെസി പക്ഷം കരുതുന്നു. കെസിക്ക് കളമൊരുക്കാനുള്ള ക്യാമ്പയിൻ കെസി പക്ഷം തുടരും. കെസി, വിഡി പക്ഷങ്ങള്‍ പോര് തുടരുമ്പോള്‍ സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണത്തിന് ഇറങ്ങാതെ മാറി നിൽക്കുകയാണ് ചെന്നിത്തല അനുകൂലികള്‍. അനവസരത്തിലുള്ള തര്‍ക്കമെന്നായിരുന്നു ചെന്നിത്തലയുടെ ആവര്‍ത്തിച്ചുള്ള പ്രതികരണം. കൂട്ടത്തിൽ മുതിര്‍ന്ന നേതാവായ ചെന്നിത്തലയിലേയ്ക്ക് മുഖ്യമന്ത്രി കസേര എത്തുമെന്ന ഉറപ്പെന്നാണ് അദ്ദേഹത്തിന്‍റെ അനുകൂലികള്‍ പറയുന്നത്.

