നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശുവിൻ്റെ മരണത്തെ തുടർന്നുണ്ടായ ആക്രമണത്തെയും, അന്വേഷണത്തിന് മുൻപ് ഡോക്ടറെ സസ്പെൻഡ് ചെയ്തതിനെയും കെജിഎംഒഎ അപലപിച്ചു. ശാസ്ത്രീയ അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും കെജിഎംഒഎ

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശു മരണവുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കൽ ഓഫീസറെയും ആശുപത്രി സൂപ്രണ്ടിനെയും ആക്രമിക്കുകയും ബന്ദികളാക്കുകയും ചെയ്ത സംഭവത്തെ അപലപിച്ച് സർക്കാർ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ. ആരോഗ്യസ്ഥാപനങ്ങളിൽ അക്രമവും ഭീഷണിയും സൃഷ്ടിക്കുന്ന പ്രവണതകൾ പൊതുജനാരോഗ്യ സംവിധാനത്തിന് ഗുരുതര ഭീഷണിയാണ്. വിദഗ്ധസമിതിയുടെ ശാസ്ത്രീയ അന്വേഷണം പൂർത്തിയാകുന്നതിന് മുൻപേ ഡോക്ടറെ സസ്‌പെൻഡ് ചെയ്ത നടപടി പ്രതിഷേധാർഹവും നീതിയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധവുമാണെന്നും കെജിഎംഒഎ വാർത്താ കുറിപ്പിൽ പറഞ്ഞു.

സംഭവത്തിന്‍റെ സത്യാവസ്ഥ വിലയിരുത്താതെ ബാഹ്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ഇത്തരം നടപടികൾ സ്വീകരിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. കടുത്ത മാനവവിഭവ ശേഷി കുറവിനിടയിലും മികച്ച സേവനം നൽകുന്ന ആരോഗ്യപ്രവർത്തകരെ അപമാനിക്കുന്ന നടപടിയാണിത്. രോഗി പരിചരണത്തിനിടയിൽ സംഭവിക്കുന്ന സ്വാഭാവിക സങ്കീർണ്ണതകളെ ചികിത്സാ പിഴവായി മുദ്രകുത്തി ആൾക്കൂട്ട വിചാരണയും ആശുപത്രി അതിക്രമവും ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. പരിമിതമായ സാഹചര്യങ്ങളിൽ ലഭ്യമാകുന്ന എല്ലാ ചികിത്സയും അവിടെ അമ്മയ്ക്കും കുഞ്ഞിനും നൽകിയിട്ടുണ്ട്.

മറ്റ് ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണ്. വിദഗ്ധസമിതിയുടെ റിപ്പോർട്ട് പൊതുസമൂഹത്തിന് മുന്നിൽ വയ്ക്കണമെന്ന് കെജിഎംഒഎ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങളിൽ ആൾക്കൂട്ട വിചാരണയിലൂടെ അല്ല, ശാസ്ത്രീയമായ വിലയിരുത്തലിലൂടെ മാത്രമേ തീരുമാനങ്ങളിലെത്താവൂ. ഡോക്ടർ കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉന്നയിച്ചിട്ടുണ്ടെങ്കിലും അതിന് ഒരു തെളിവും അധികാരികൾക്ക് ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. ആരോഗ്യപ്രവർത്തകരെ സമൂഹമാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തുന്ന പ്രവണത സംഘടന ഗൗരവമായി കാണുന്നു; ഇത്തരക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കും.

തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും അപകീർത്തിപ്പെടുത്തിയ വ്യക്തികൾക്കും സംഘടനകൾക്കും എതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു. ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ജില്ലാ ആശുപത്രി സൂപ്രണ്ടിനെ കയ്യേറ്റം ചെയ്യുകയും ആശുപത്രി പ്രവർത്തനം തടസ്സപ്പെടുത്തുകയും ചെയ്ത പ്രതികൾക്കെതിരെ ആശുപത്രി സംരക്ഷണ നിയമം ഉൾപ്പെടെയുള്ള ബന്ധപ്പെട്ട നിയമങ്ങൾ പ്രകാരം കർശനമായ നിയമനടപടി സ്വീകരിക്കണം

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നടന്ന അനിഷ്ട സംഭവങ്ങളിൽ പ്രതിഷേധിച്ച് കെജിഎംഒഎ തിരുവനന്തപുരം ജില്ലാ ഘടകം ഫെബ്രുവരി 19 വ്യാഴാഴ്ച നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ അടിയന്തര സേവനങ്ങൾ ഒഴികെയുള്ള സേവനങ്ങൾ ബഹിഷ്കരിച്ച് പ്രതിഷേധം സംഘടിപ്പിക്കും. ഫെബ്രുവരി 19 മുതൽ ജില്ലാതലത്തിൽ നിസ്സഹകരണ സമരം ആരംഭിക്കും. ഉചിതമായ തീരുമാനങ്ങൾ ഉണ്ടായില്ലെങ്കിൽ സംസ്ഥാനവ്യാപകമായി സമരം വ്യാപിപ്പിക്കുമെന്ന് കെജിഎംഒഎ മുന്നറിയിപ്പ് നൽകി.