ഈ വിഷു വളരെ സ്പെഷ്യലാണെന്ന് അഞ്ജലി നായർ പറഞ്ഞു. ഇത്തവണ കണി വെയ്ക്കാൻ ചക്ക വാങ്ങാൻ പോയപ്പോൾ കച്ചവടക്കാർക്ക് എടുത്തു തരാൻ ആവേശമായിരുന്നു. പടക്കക്കടയിൽ പോയപ്പഴാകട്ടെ നാലാം തിയ്യതി എത്ര പടക്കം വാങ്ങണമെന്ന പ്രതീക്ഷയിലായിരുന്നു ആളുകളെന്ന് അഞ്ജലി നായർ.
കൊച്ചി: തൃപ്പൂണിത്തുറയിൽ ഇത്തവണ ചരിത്ര വിജയം ഉറപ്പെന്ന് എൻഡിഎ സ്ഥാനാർഥി അഞ്ജലി നായർ. ഈ വിഷു വളരെ സ്പെഷ്യലാണെന്ന് അഞ്ജലി നായർ പറഞ്ഞു. ഇത്തവണ കണി വെയ്ക്കാൻ ചക്ക വാങ്ങാൻ പോയപ്പോൾ കച്ചവടക്കാർക്ക് എടുത്തു തരാൻ ആവേശമായിരുന്നു. പടക്കക്കടയിൽ പോയപ്പഴാകട്ടെ നാലാം തിയ്യതി എത്ര പടക്കം വാങ്ങണമെന്ന പ്രതീക്ഷയിലായിരുന്നു ആളുകൾ. ബാക്കിയെല്ലാം ഭഗവാന്റെ കയ്യിലാണെന്നും അഞ്ജലി പറഞ്ഞു. താമര മുറിച്ചാൽ ചക്ക, ചക്ക മുറിച്ചാൽ താമര എന്നുപറയാനുണ്ടായ സാഹചര്യത്തെ കുറിച്ചും പിന്നാലെ വന്ന ട്രോളിനെ കുറിച്ചും അഞ്ജലി സംസാരിച്ചു- "അത് ഞാൻ പറഞ്ഞതല്ല, ഒരു അമ്മൂമ്മ എന്നോട് പറഞ്ഞതാണ്. താമര കണ്ടില്ലെങ്കിൽ വോട്ട് കുത്തില്ലെന്ന് ആരെങ്കിലും പരിഭവം പറഞ്ഞാൽ താമര തന്നെയാണ് ചക്ക, ചക്ക തന്നെയാണ് താമരയെന്ന് പറയൂ എന്ന് ഒരു അമ്മൂമ്മ എന്നോട് പറഞ്ഞതാണ്".
കൂടപ്പിറപ്പായി കൂടെയുണ്ടാകുമെന്ന് അഞ്ജലി
വോട്ടെടുപ്പിന് പിന്നാലെ വോട്ടർമാർക്ക് അഞ്ജലി നന്ദി പറഞ്ഞിരുന്നു- "വളരെ സന്തോഷം നിറഞ്ഞ ദിവസങ്ങളാണ് കടന്നുപോയത്. മകളെപ്പോലെ എന്നെ സ്നേഹിച്ച തൃപ്പൂണിത്തുറ മണ്ഡലത്തിലെ ഏറെ സ്നേഹം നിറഞ്ഞ അമ്മമാർ, ചുട്ടുപൊള്ളുന്ന വെയിലിനെ പോലും വകവെയ്ക്കാതെ കൂടെനിന്ന സംഘടനാ പ്രവർത്തകർ, സഹോദരീ സഹോദരൻമാർ, മണ്ഡലത്തിൻ്റെ വികസനത്തിനായി വോട്ട് ചെയ്ത വോട്ടർമാർക്കും, മാധ്യമ പ്രവർത്തകർക്കും ഓൺലൈൻ മീഡിയ സുഹൃത്തുക്കൾക്കും, എന്റെ എല്ലാ കൂട്ടുകാർക്കും.. തുടങ്ങി ഈ യാത്രയിൽ ഞാൻ കണ്ടുമുട്ടിയ, എന്നോടൊപ്പം സഞ്ചരിച്ച എല്ലാ പ്രിയപ്പെട്ടവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.. കൂടപ്പിറപ്പായ് ഞാൻ കൂടെയുണ്ടാകും"- അഞ്ജലി നായർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
പ്രചാരണത്തിനിടെ അഞ്ജലി പറഞ്ഞ പല കാര്യങ്ങളും സോഷ്യൽ മീഡിയയിൽ വലിയ ട്രോൾ ആയി മാറിയിരുന്നു. എല്ലാവരും തന്നെ ഇപ്പോൾ എംഎൽഎ എന്നാണ് വിളിക്കുന്നത് എന്ന് ഒരഭിമുഖത്തിൽ അഞ്ജലി പറഞ്ഞ വാക്കുകളും ട്രോളർമാർ ഏറ്റെടുത്തിരുന്നു. "രാത്രി ഭക്ഷണം കഴിക്കാൻ വേണ്ടി പാർട്ടിക്കാരുടെ കൂടെ പോയിട്ടാണ് വരുന്നത്. ഒരു ദിവസം ഒരാൾ പറഞ്ഞു, വേഗം കൊടുക്ക് എംഎൽഎ കഴിച്ചിട്ട് പോകട്ടെ ആദ്യം. അപ്പോൾ ഞാൻ ചോദിച്ചു എംഎൽഎയോ? അപ്പോൾ അദ്ദേഹം പറഞ്ഞു ഞങ്ങളുടെയൊക്കെ എംഎൽഎ ആണ് എന്ന്. എല്ലാവരും വിളിക്കുന്നതേ അങ്ങനെ ആണിപ്പോൾ. അവർ എന്നെ അവരുടെ എംഎൽഎ ആയി ഉറപ്പിച്ചു കഴിഞ്ഞു"- എന്നായിരുന്നു അഞ്ജലി പറഞ്ഞത്.



