പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമവും എസ്ഐടിയുടെ അന്വേഷണ പരിധിയിലേക്കെന്ന് സൂചിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഹൈക്കോടതിയിൽ എസ്ഐടി നൽകിയ റിപ്പോര്‍ട്ടിൽ ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ചും പരാമര്‍ശം

തിരുവനന്തപുരം: പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമവും എസ്ഐടിയുടെ അന്വേഷണ പരിധിയിലേക്കെന്ന് സൂചിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ എസ്ഐടി നൽകിയ റിപ്പോര്‍ട്ടിൽ ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ചും പരാമര്‍ശം. എസ്ഐടി റിപ്പോര്‍ട്ടിൽ സുപ്രധാന കണ്ടെത്തലുകളാണ് ഇതുമായി ബന്ധപ്പെട്ടുള്ളത്. പിഎസ് പ്രശാന്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായപ്പോള്‍ നടന്ന ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ചാണ് പരാമര്‍ശമുള്ളത്. അയ്യപ്പ സംഗമം തീരുമാനിച്ച വിവരം ദേവസ്വം യോഗത്തിന്‍റെ മിനുട്സിൽ ഇല്ലെന്നാണ് എസ്ഐടി റിപ്പോര്‍ട്ടിൽ പറയുന്നത്. ആഗോള അയ്യപ്പ സംഗമത്തിലെ ഫണ്ട് വിനോയഗത്തിലെ അവ്യക്തകളും റിപ്പോര്‍ട്ടിൽ ചൂണ്ടികാട്ടിയിട്ടുണ്ട്. ആഗോള അയ്യപ്പ സംഗമവും പരാമര്‍ശിച്ച പശ്ചാത്തലത്തിൽ തിങ്കളാഴ്ച യോഗം വിളിക്കാനാണ് ദേവസ്വം ബോര്‍ഡിന്‍റെ തീരുമാനം.

അതേസമയം, ആഗോള അയ്യപ്പ സംഗമം നടത്തിയതില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്ന ഓഡിറ്റ് റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ നൽകും.അയ്യപ്പ സംഗമത്തിന് വേണ്ടി ഒരു രൂപ പോലും സർക്കാരില്‍ നിന്നോ ദേവസ്വം ബോർഡില്‍ നിന്നോ കൈപ്പറ്റാൻ പാടില്ലെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. അയ്യപ്പ സംഗമത്തിന് വേണ്ട പണം സ്പോണ്‍സർഷിപ്പിലൂടെ കണ്ടെത്താം എന്നായിരുന്നു ദേവസ്വം ബോർഡ് പ്രതീക്ഷിച്ചിരുന്നത്. ഏകദേശം എട്ടു കോടി രൂപ ചിലവ് വരുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി തന്നെ വാർത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍, ഈ തുക മുഴുവൻ സ്പോണ്‍സർഷിപ്പിലൂടെ കണ്ടെത്താൻ കഴിഞ്ഞോ എന്നതില്‍ വ്യക്തതയില്ല. ദേവസ്വം ബോർഡിന്‍റെ സർപ്ലസ് ഫണ്ടില്‍ നിന്നാണ് 3.4 കോടി രൂപ നല്‍കിയിരിക്കുന്നത്.


ഇതിനിടെ, ശബരിമല കൊടിമര പുനനിർമാണക്കേസുമായി ബന്ധപ്പെട്ട് ഫയലുകൾ കൈമാറാൻ ആവശ്യപ്പെട്ട് എസ് ഐ ടിക്ക് വിജിലൻസ് കത്ത് നൽകും. ദേവസ്വം ബോർഡ് ആസ്ഥാനത്തു നിന്നും എസ് ഐ ടി യലുകൾ കസ്റ്റഡിയിലെടുത്തിരുന്നു. ഈ ഫയലുകൾ വിട്ടു കിട്ടാനാണ് കത്ത് നൽകുക. ദേവസ്വം ആസ്ഥാനത്ത് നിന്ന് കണ്ടെത്തിയ സുപ്രധാന രേഖകളെല്ലാം നിലവിൽ എസ് ഐ ടി യുടെ കസ്റ്റഡിയിലാണ്. രേഖകൾ പിരശോധിച്ചാണ് ഓരോരുത്തരുടെയും മൊഴികളടക്കം രേഖപ്പെടുത്തേണ്ടത്. ഇന്ന് തന്നെ പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതലയുള്ള എസ് പി മഹേഷ് എസ് ഐ ടിക്ക് കത്ത് നൽകും. കഴിഞ്ഞ ദിവസം ശബരിമല കൊടിമര നിർമ്മാണത്തിലെ സ്വർണം സ്വീകരിച്ചതിൽ മുൻ അഡ്വക്കേറ്റ് കമ്മീഷണർ എഎസ്പി കുറുപ്പ് ചട്ടലംഘനം നടത്തിയെന്ന് കണ്ടെത്തിയിരുന്നു. എക്സിക്യൂട്ടീവ് ഓഫീസറെ ബോർഡ് ചുമതലപ്പെടുത്തിയിട്ടും ഭക്തരിൽ നിന്ന് സ്വർണം സ്വീകരിച്ചത് കുറുപ്പാണെന്നായിരുന്നു ദേവസ്വം വിജിലൻസ് കണ്ടെത്തിയത്. രേഖകളിൽ സ്വർണം കൈമാറിയവരുടെ പേര് വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. 

YouTube video player