ഒരിക്കലും ഒരു വഴിയമ്പലമായി ഐക്യ ജനാധിപത്യ മുന്നണിയെ നോക്കി കാണാനാവില്ലെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഘടകകക്ഷിയായി പ്രവർത്തിക്കുമ്പോൾ പി വി അൻവർ മാന്യതയോടെ പോകണമെന്നും മുന്നറിയിപ്പ്.
കോഴിക്കോട്: മുന്നണി വിപുലീകരണവുമായി നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. അവസര സേവകന്മാരുടെ അവസാന അഭയകേന്ദ്രമായി യുഡിഎഫ് മാറുന്നതിനോട് തനിക്ക് യോജിപ്പില്ല. വഴിയമ്പലമായി യുഡിഎഫിനെ നോക്കിക്കാണാൻ കഴിയില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഘടകകക്ഷിയായി പ്രവർത്തിക്കുമ്പോൾ പി വി അൻവർ മാന്യതയോടെ പോകണം. വിഷ്ണുപുരം ചന്ദ്രശേഖറിന്റെ പാർട്ടിയെ കുറിച്ച് തനിക്ക് അറിയില്ലെന്നും കെപിസിസി മുൻ അധ്യക്ഷൻ പറഞ്ഞു.
"എല്ലാവരെയും മുന്നണിയിലേക്ക് കൊണ്ടുവരിക എന്ന് പറഞ്ഞാൽ അതിൽ പ്രയാസമുണ്ട്. എല്ലാവർക്കും എംഎൽഎ സ്ഥാനം വേണമെന്ന് പറഞ്ഞാൽ അതും അംഗീകരിക്കാൻ പ്രയാസമുണ്ട്. ഒരിക്കലും ഒരു വഴിയമ്പലമായി ഐക്യ ജനാധിപത്യ മുന്നണിയെ നോക്കി കാണാനാവില്ല. അൻവർ എവിടെയായാലും അൽപ്പം സംയമനം പാലിക്കണം. മുന്നണിയാകട്ടെ, പാർട്ടിയാകട്ടെ അച്ചടക്കത്തിന് വിരുദ്ധമായി സംസാരിക്കുക, പരസ്യ പ്രസ്താവന നടത്തുക എന്നിവയൊന്നും ഗുണകരമല്ല. അവസര സേവകന്മാരുടെ അവസാന അഭയകേന്ദ്രമായി ഐക്യ ജനാധിപത്യ മുന്നണി മാറുന്നതിനോട് എനിക്ക് യോജിപ്പില്ല"- മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
പി വി അൻവർ അസോസിയേറ്റ് അംഗം
പി വി അൻവറിനെയും സി കെ ജാനുവിനെയും യുഡിഎഫിലെ അസോസിയേറ്റ് അംഗങ്ങളാക്കാൻ ഇന്നലത്തെ യുഡിഎഫ് യോഗത്തിലാണ് ധാരണയായത്. യുഡിഎഫ് പ്രവേശനത്തിൽ സന്തോഷമെന്ന് പി വി അൻവർ പ്രതികരിച്ചു. പിണറായിസത്തിന്റെ തിക്താനുഭവങ്ങൾക്കിടെ കിട്ടിയ സന്തോഷ വാർത്തയാണിതെന്നും യുഡിഎഫ് നേതാക്കൾക്ക് അഭിവാദ്യങ്ങളെന്നും പി വി അൻവർ പ്രതികരിച്ചു. നേരത്തെ ഉയര്‍ത്തിയ വിഷയങ്ങള്‍ ശരിയെന്ന് തെളിഞ്ഞതിലുള്ള അംഗീകാരമാണ് യുഡിഎഫ് അസോസിയേറ്റ് മെമ്പർഷിപ്പ്. പിണറായിസത്തിനെതിരെയുള്ള വോട്ട് വരാൻ കിടക്കുന്നേയുള്ളുവെന്നും യുഡിഎഫ് 100 സീറ്റ് കടക്കുമെന്നും പി വി അൻവർ അവകാശപ്പെട്ടു.
വി ഡി സതീശന്റെ പേര് ഉൾപ്പെടെ എടുത്ത് പറഞ്ഞാണ് പി വി അൻവർ വാർത്താസമ്മേളനത്തിൽ നന്ദി അറിയിച്ചത്. താൻ മത്സരിക്കുക എന്നതിനേക്കാൾ യുഡിഎഫ് അധികാരത്തിൽ കയറുക എന്നതാണ് പ്രധാനം. മുന്നണി പറഞ്ഞാൽ എവിടെയും മത്സരിക്കും. നിരുപാധിക പിന്തുണയാണ് യുഡിഎഫിന് നൽകുന്നത്. എൽഡിഎഫ് സർക്കാർ ഹാൻഡിക്യാപ്പ്ഡാണെന്നും അൻവർ വിമർശിച്ചു. ഇടത് പക്ഷക്കാർ തന്നെ യുഡിഎഫിന് വോട്ട് ചെയ്യും. മരുമോനിസത്തെയും പിണറായിസത്തെയും സഖാക്കൾ തന്നെ വോട്ട് ഇട്ട് തോൽപിക്കുമെന്നും പി വി അൻവർ കൂട്ടിച്ചേർത്തു.



