ചട്ടങ്ങൾ അല്ല പ്രധാനം, കാര്യങ്ങളിൽ തീരുമാനം ഉണ്ടാവുന്നതും ആ തീരുമാനം നടപ്പിലാവുക എന്നതുമാണ് പ്രധാനപ്പെട്ട കാര്യം

തിരുവനന്തപുരം: രൂക്ഷമായ പരിഹാസവും വിമർശനവുമാണ് വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയേറ്റെടുത്ത സമയത്ത് നേരിട്ടത്. എന്നാൽ അഞ്ച് വർഷത്തിനുള്ളിൽ എണ്ണിയാൽ തീരാത്ത മാറ്റങ്ങളാണ് വിദ്യാഭ്യാസ വകുപ്പിൽ വരുത്താൻ സാധിച്ചതെന്ന് വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പൊതുരാഷ്ട്രീയ രംഗത്ത് വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളാണ് താൻ ഏറിയ പങ്കും കൈകാര്യം ചെയ്തിരുന്നത്. അത് അറിയാത്ത ആളുകളായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല ലഭിച്ച സമയത്ത് വിമർശനവുമായി എത്തിയതെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ 15 വർഷത്തോളം ഉയർത്തിയ മുദ്രാവാക്യങ്ങൾ നിലവിലെ സാഹചര്യത്തിലും പ്രസക്തമാണ്. അതിനാൽ തന്നെ ഗ്രൌണ്ട് റിയാലിറ്റിയേക്കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നുവെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കുട്ടികളുടേയും അധ്യാപകരുടേയും പ്രശ്നങ്ങളേക്കുറിച്ച് നല്ല പോലെ തനിക്ക് അറിയാം. പാഠപുസ്തകങ്ങളിൽ മാറ്റം വരുത്തുന്നത് ആരും കൈവയ്ക്കാൻ ഭയക്കുന്ന വിഷയമാണ്. ഇതിനായി അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും വിദഗ്ധരുടേയും അഭിപ്രായം പരിഗണിച്ചായിരുന്നു ഇത്.

കൃത്യ സമയത്ത് പാഠപുസ്തകം എത്തിച്ചുനൽകാനും വകുപ്പിന് സാധിച്ചു.തന്റെ വിദ്യാർത്ഥി രാഷ്ട്രീയ കാലത്ത് സ്ഥിരമായി ആവശ്യപ്പെട്ടിരുന്ന ഒരു കാര്യമായിരുന്നു കൃത്യസമയത്ത് പാഠപുസ്തകം എത്തിക്കുന്നതെന്നും വി ശിവൻകുട്ടി പറഞ്ഞു. ഫോട്ടോസ്റ്റാറ്റ് വച്ച് പഠിച്ചിരുന്ന അവസ്ഥ മാറി. സ്കൂളിൽ ചേരുന്ന എല്ലാ വിദ്യാർത്ഥികളും പാസാവുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടായി. ഇത് ദേശീയ തലത്തിൽ തന്നെ നേരിട്ടിരുന്ന പ്രശ്നമായിരുന്നു. മുപ്പത് ശതമാനം മാർക്ക് പാസ് മാർക്കിന് നിർബന്ധമാക്കിയത് വിമർശനം നേരിട്ടിരുന്നുവെങ്കിലും പിന്നീട് വലിയ രീതിയിൽ അംഗീകരിക്കപ്പെട്ടുവെന്നും വി ശിവൻകുട്ടി പറഞ്ഞു. നിലവിൽ അക്കാദമിക് കാര്യങ്ങളിൽ പഞ്ചാബാണ് ഒന്നാം സ്ഥാനത്തുള്ളത്. കേരളം രണ്ടാം സ്ഥാനത്തുള്ളത്.

ചട്ടങ്ങൾ അല്ല പ്രധാനം കാര്യങ്ങൾ നടക്കുന്നതാണ് പ്രധാനം 

മിക്സ്ഡ് സ്കൂളുകൾ കൂടുതലായി നടപ്പിലാക്കിയതും. സ്കൂൾ ടൂറുകളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും അവസരം നൽകാനുള്ള നടപടികൾ സ്വീകരിച്ചു. വിശേഷ ദിവസങ്ങളിൽ സ്കൂളിലെത്തുമ്പോൾ കളർ ഡ്രസുകൾ ധരിക്കാനുള്ള അവസരം കൊടുത്തത് അവർക്ക് സ്കൂളിനോടുള്ള വിമുഖത മാറുന്നതിനും കാരണമായിയെന്ന് വി ശിവൻകുട്ടി പറഞ്ഞു. ബാക്ക് ബെഞ്ചേഴ്സ് എന്ന സിസ്റ്റത്തിൽ മാറ്റം വരുത്താനുള്ള നീക്കം. സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാനുള്ള ശ്രമം. സ്കൂളുകളിൽ ലിഫ്റ്റ് അടക്കമുള്ള സംവിധാനം എന്നിവ ചെറിയ നീക്കങ്ങൾ ആണെങ്കിലും അത് വലിയ രീതിയിലുള്ള മാറ്റങ്ങളാണ് സ്കൂളിലുണ്ടായത്. ചട്ടങ്ങൾ അല്ല പ്രധാനം, കാര്യങ്ങളിൽ തീരുമാനം ഉണ്ടാവുകയെന്നതാണ് പ്രധാനപ്പെട്ടത്. അധ്യാപകരുടെ പരിശീലനത്തിലെ മാറ്റം ട്രെയിനിംഗ് ശരിയായി നടക്കാൻ കാരണമായി. വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് പരിശീലനവും എഐ പരിശീലനും നൽകി. കിഫ്ബി ഫണ്ടുപയോഗിച്ച് വലിയ രീതിയിൽ ക്ലാസ് റൂമുകളിൽ മാറ്റം വരുത്തി. പതിനായിരം കോടി രൂപയാണ് കിഫ്ബിയിൽ നിന്ന് വിദ്യാഭ്യാസ മേഖലയ്ക്കുണ്ടായത്.

നിലവിൽ എയ്ഡഡ് മേഖലയേക്കാൾ മികച്ച ക്ലാസ് മുറികളാണ് സർക്കാർ സ്കൂളുകളിലുള്ളത്. പ്രീ പ്രൈമറി സ്കൂളുകളും ഇംഗ്ലീഷ് മീഡിയം സ്കൂളുകളും നടപ്പിലാക്കി. ഹയർ സെക്കൻഡറി സ്കൂളുകളിലാണ് നിലവിൽ ശ്രദ്ധ കൊടുക്കുന്നത്. കുട്ടികളിൽ അമിത സമ്മർദ്ദം ചെലുത്തുന്ന നടപടികൾക്ക് കുറവുണ്ടാക്കാനുള്ള ശ്രമങ്ങളും സർക്കാരിൽ നിന്നുണ്ടായി. കാലാനുസൃതമായ മാറ്റം പാഠ്യരീതികളിലുണ്ടാക്കാനും വകുപ്പിന് സാധിച്ചിട്ടുണ്ട്. ചെറുതെന്ന് തോന്നുന്ന കാര്യങ്ങളാണ് കുട്ടികൾക്ക് വലിയ കാര്യമായി തോന്നുന്നു. പിഎം ശ്രീയിലെ വിവാദങ്ങൾ ഒഴിവാക്കാമായിരുന്നു. എങ്ങനെയെങ്കിലും കേരളത്തിന് അർഹതയുള്ള ഫണ്ട് ലഭിക്കുക എന്ന ഉദ്ദേശത്തിലായിരുന്നു ആ നടപടി. കാശ് വാങ്ങാനുള്ള ആർത്തി കുട്ടികൾക്ക് വേണ്ടിയായിരുന്നുവെന്നും വി ശിവൻകുട്ടി പറയുന്നു. നിയമസഭയിലുണ്ടായ കോലാഹാലം പെട്ടന്നുണ്ടായ വികാരത്തിന്റെ പുറത്തുണ്ടായ നടപടിയായിരുന്നുവെന്നും വി ശിവൻകുട്ടി പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം