തൃശൂർ മറ്റത്തൂർ പഞ്ചായത്തിൽ എൽഡിഎഫിനെ ഭരണത്തിൽ നിന്ന് അകറ്റാൻ കോൺഗ്രസ് അംഗങ്ങൾ ഒന്നടങ്കം രാജിവെച്ചു. തുടർന്ന് ബിജെപി അംഗങ്ങളുടെ പിന്തുണയോടെ സ്വതന്ത്ര ടെസ്സി ജോസ് കല്ലറക്കൽ പ്രസിഡന്റായി. എട്ട് കോൺഗ്രസ് അംഗങ്ങൾ ബിജെപിയുമായി ചേർന്ന് ഭരണം പിടിച്ചു
തൃശൂർ: കോൺഗ്രസ് അംഗങ്ങൾ ഒന്നടങ്കം പാർട്ടിയിൽ നിന്ന് രാജിവച്ച് ബിജെപിക്കൊപ്പം ചേർന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയെ ജയിപ്പിച്ചു. മറ്റത്തൂർ പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലാണ് ഈ നീക്കം. പഞ്ചായത്തിൽ പത്ത് അംഗങ്ങളുണ്ടായിരുന്ന എൽഡിഎഫ് ഭരണം പിടിക്കാതിരിക്കാനാണ് കോൺഗ്രസ് അംഗങ്ങൾ ഈ നീക്കം നടത്തിയത്. ഇതോടെ ബിജെപിക്കൊപ്പം ചേർന്ന് മറ്റത്തൂർ പഞ്ചായത്ത് ഭരണം ഇവർ പിടിച്ചു. 24 അംഗങ്ങളുള്ള പഞ്ചായത്തിൽ സ്വതന്ത്രയായി ജയിച്ച ടെസ്സി ജോസ് കല്ലറക്കൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എട്ട് കോൺഗ്രസ് അംഗങ്ങളും നാല് ബിജെപി അംഗങ്ങളും ടെസ്സി ജോസ് കല്ലറക്കലിനെ പിന്തുണച്ചു.
മറ്റത്തൂരിൽ കോൺഗ്രസ് ബിജെപി അവിശുദ്ധ ബന്ധമെന്ന് ആരോപിച്ച് സിപിഎം നേതാവ് രഞ്ജിത്ത് രംഗത്തെത്തി. ആർഎസ്എസിന്റെ പക്കൽ നിന്നും പണം വാങ്ങി കോൺഗ്രസ് അംഗങ്ങൾ സഖ്യം ഉണ്ടാക്കിയെന്ന് അദ്ദേഹം ആരോപിച്ചു. ഡിസിസി നേതൃത്വം കോഴപ്പണം വാങ്ങിയെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം തൃശ്ശൂർ ലോക്‌സഭയിൽ സുരേഷ് ഗോപി ജയിച്ചപ്പോൾ തുടങ്ങിയ ബാന്ധവം ഇപ്പോഴും തുടരുന്നുവെന്നും വിമർശിച്ചു.

