ശബരിമല സ്വര്‍ണക്കൊള്ള കേസിൽ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുൻ കമ്മീഷണറും പ്രസിഡന്‍റുമായ എൻ വാസുവിന്‍റെ ജാമ്യ ഹര്‍ജിയിൽ നാളെ കൊല്ലം വിജിലന്‍സ് കോടതി വിധി പറയും.വിവേചനം കാണിക്കാൻ പറ്റില്ലെന്ന് വ്യക്തമാക്കിയാണ് വിധി പറയാൻ മാറ്റിയത്

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുൻ കമ്മീഷണറും പ്രസിഡന്‍റുമായ എൻ വാസുവിന്‍റെ ജാമ്യ ഹര്‍ജിയിൽ നാളെ കൊല്ലം വിജിലന്‍സ് കോടതി വിധി പറയും. റിമാന്‍ഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെയാണ് സ്വഭാവിക ജാമ്യം തേടി പ്രതി കൊല്ലം വിജിലന്‍സ് കോടതിയെ സമീപിച്ചത്. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാൽ സ്വഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് ചൂണ്ടികാട്ടിയാണ് ജാമ്യ ഹര്‍ജി നൽകിയത്. എസ്ഐടി കേസിൽ കുറ്റപത്രം സമര്‍പ്പിക്കാത്തതും പ്രതിഭാഗം ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ ചൂണ്ടിക്കാട്ടി. ഇന്ന് ജാമ്യം അനുവദിക്കണമെന്നും പ്രതിഭാദം കോടതിയിൽ വാദിച്ചു. തുടര്‍ന്ന് ഇക്കാര്യത്തിൽ വിവേചനം കാണിക്കാൻ പറ്റില്ലെന്നും നാളെ ജാമ്യഹര്‍ജിയിൽ വിധി പറയുമെന്നും കോടതി വ്യക്തമാക്കി. കട്ടിളപ്പാളി കേസിൽ മൂന്നാം പ്രതിയാണ് എൻ. വാസു. 

അതേസമയം, കേസിൽ ദേവസ്വം മുൻ പ്രസിഡന്‍റും സിപിഎം നേതാവുമായ എ പത്മകുമാറിനെ വീണ്ടും റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് കോടതി റിമാന്‍ഡ് ചെയ്തത്. തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷയിൽ ഇന്ന് പ്രോസിക്യൂഷൻ്റെ വാദം നടക്കും. ഇന്നലെ പ്രതിഭാഗത്തിൻ്റെ വാദം പൂർത്തിയായിരുന്നു. ആചാരപരമായ കാര്യങ്ങളിൽ മാത്രം ഇടപെടുന്നയാളാണ് തന്ത്രിയെന്നും സ്വർണ്ണക്കൊള്ളയിൽ പങ്കില്ലെന്നുമായിരുന്നു പ്രതിഭാഗത്തിൻ്റെ വാദം. കട്ടിളപ്പാളി, ദ്വാരപാലക കേസുകളിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വാദം തുടരുന്നത്. അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതിയായ ജ്വല്ലറി ഉടമ ഗോവര്‍ധന്‍റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഈ സമയം ഇടപെടാനാകില്ലെന്നും വ്യക്തമാക്കിയാണ് സുപ്രീം കോടതി ജാമ്യാപേക്ഷ തള്ളിയത്. കുറ്റപത്രം അടക്കമുള്ള കാര്യങ്ങള്‍ സമര്‍പ്പിച്ചശേഷം ജാമ്യാപേക്ഷ നൽകാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഗോവർധൻ ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചത്. താൻ അയ്യപ്പ ഭക്തനാണെന്നും സ്വർണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് സുപ്രീം കോടതിയിൽ ഫയൽചെയ്ത ജാമ്യഹർജിയിൽ ഗോവർധൻ ചൂണ്ടിക്കാട്ടിയിരുന്നത്. തട്ടിയെടുത്ത സ്വർണം വാങ്ങിയെന്ന് ആരോപിച്ചാണ് കർണാടക ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനെ എസ്ഐടി അറസ്റ്റ് ചെയ്തത്.

ഇതിനിടെ, ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നടൻ ജയറാമിന് ഇഡി സമൻസ് അയച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി. ഇന്നലെ ആണ് നോട്ടീസ് അയച്ചത്. അടുത്ത ആഴ്ച ഹാജരാകണമെന്നാണ് നോട്ടീസിലെ നിർദേശം. സ്വർണക്കൊള്ളയിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തിലാണ് നടപടി.ശബരിമലയിലെ സ്വർണം ഉപയോ​ഗിച്ച് പ്രതികൾ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ടോ എന്നതിലാണ് ഇഡിയുടെ പരിശോധന നടക്കുന്നത്. ഇതിൽ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളിലാണ് ഇഡിയുടെ സമൻസ് ജയറാമിന് ലഭിച്ചിരിക്കുന്നത്.


YouTube video player