പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ ശക്തമായ ചോദ്യങ്ങളുമായി ചലച്ചിത്ര പ്രവർത്തക ഡോക്ടർ ആശ ആച്ചി ജോസഫ്

തിരുവനന്തപുരം: പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ട് ശക്തമായ തുറന്നു പറച്ചിലുമായി പരാതിക്കാരി ഡോക്ടർ ആശ ആച്ചി ജോസഫ്. കുഞ്ഞുമുഹമ്മദ് നടത്തിയ അതിക്രമം ബോധപൂർവം ആയിരുന്നെന്നും മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും ചാനലുകളിൽ വാർത്ത വരും വരെ പൊലീസ് എഫ്‌ഐആർ ഇട്ടില്ല. മിണ്ടാതിരിക്കണമെന്ന് പലരും ഉപദേശിച്ചെന്നും ആശ ആച്ചി പറയുന്നു. സഹതാപമല്ല സമൂഹത്തിന്‍റെ ഐക്യദാർഡ്യം ആണ് വേണ്ടതെന്നും അവർ മനോരമയിൽ എഴുതിയ ലേഖനത്തിൽ പറയുന്നുണ്ട്.

ഐഎഫ്എഫ്കെിലേക്കുള്ള സിനിമകളുടെ തെരഞ്ഞെടുപ്പിനായുള്ള ജൂറി ചെയർമാനായിരുന്നു പി ടി കുഞ്ഞുമുഹമ്മദ്. കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനിടെ ജൂറി അംഗമായ ആശ ആച്ചിയോ ഹോട്ടൽ മുറിയിൽ വച്ച് മോശമായി പെരുമാറിയെന്നാണ് കേസ്. ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷന് വേണ്ടിയുള്ള കമ്മിറ്റിയില്‍ ആശയുമുണ്ടായിരുന്നു. തലസ്ഥാനത്തെ ഒരു ഹോട്ടലിലാണ് ജൂറി അംഗങ്ങൾ താമസിച്ചിരുന്നത്. സ്ക്രീനിംഗിന് ശേഷം ഹോട്ടലിൽ തിരിച്ചെത്തിയ സമയത്ത് കുഞ്ഞുമുഹമ്മദ് മുറിയിലെത്തി അപമര്യാദയായി പെരുമാറിയെന്നാണ് ആശയുടെ പരാതി. സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ച് ഇവർ മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്. ഈ പരാതി മുഖ്യമന്ത്രി കൻറോൺമെന്‍റ് പൊലീസിന് കൈമാറുകയായിരുന്നു.

പൊലീസിനോടും ആശ പരാതി ആവർത്തിച്ചു. പരാതിയില്‍ പറയുന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പൊലീസ് കേസെടുത്തത്. അതേസമയം, പരാതി കുഞ്ഞുമുഹമ്മദ് നിഷേധിക്കുകയായിരുന്നു. അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും പരാതിക്കാരി തെറ്റിദ്ധരിച്ചതാകാമെന്നും അവരോട് മാപ്പ് പറയാൻ തയ്യാറാണെന്നും പിടി കുഞ്ഞുമുഹമ്മദ് പറഞ്ഞു. പൊലീസിനോട് ഇത് തന്നെയാണ് പിടി കുഞ്ഞുമുഹമ്മദ് ആവര്‍ത്തിച്ചത്.

YouTube video player