ബിരുദ വിദ്യാര്‍ത്ഥിനിയായ 19കാരിയെ അജ്ഞാതന്‍ വീട്ടില്‍ക്കയറി ഉപദ്രവിച്ചതായി പരാതി

കോഴിക്കോട്: ബിരുദ വിദ്യാര്‍ത്ഥിനിയായ 19കാരിയെ അജ്ഞാതന്‍ വീട്ടില്‍ക്കയറി ഉപദ്രവിച്ചതായി പരാതി. കോഴിക്കോട് താമരശ്ശേരിയിലാണ് നാടിനെ ആശങ്കയിലാക്കിയ സംഭവമുണ്ടായത്. ഇയാള്‍ മനുഷ്യമൂത്രം പുരട്ടിയ തുണി ഉപയോഗിച്ച് ശ്വാസംമുട്ടിക്കാന്‍ ശ്രമിച്ചതായി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് 6.30ഓടെയാണ് സംഭവം നടന്നത്. താമരശ്ശേരി കാരാടി പാല്‍ സൊസൈറ്റിക്ക് സമീപം നേത്രാവതി എന്ന വാടക വീട്ടില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥിനിക്ക് നേരെയാണ് അതിക്രമം നടന്നത്. അജ്ഞാതന്‍ വീട്ടിനകത്തേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. ഗൃഹനാഥയും രണ്ട് പെണ്‍മക്കളുമാണ് വീട്ടില്‍ താമസിച്ചിരുന്നത്.

പെണ്‍കുട്ടികളില്‍ മൂത്തയാള്‍ ബാങ്ക് ജീവനക്കാരിയും ഇളയ മകള്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയുമാണ്. സംഭവം നടക്കുമ്പോള്‍ മാതവും ഇളയ മകളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ശ്വാസംമുട്ടിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി ഇയാളെ തള്ളിമാറ്റുകയും പ്രതിരോധിക്കുകയും ചെയ്തതോടെ അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. വീടിന്റെ പിറകുവശത്തെ വാതിലിലൂടെയാണ് ഇയാള്‍ അകത്തെത്തിയതെന്നാണ് സൂചന. താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.

YouTube video player