പൊലീസുകാരനെ ആക്രമിച്ച സംഭവത്തിൽ രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിലായി. വിനയ് പ്രകാശ്, സുർജിത് എന്നിവരാണ് അറസ്റ്റിലായത്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസുകാരനെ ആക്രമിച്ച സംഭവത്തിൽ രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിലായി. വിനയ് പ്രകാശ്, സുർജിത് എന്നിവരാണ് അറസ്റ്റിലായത്. പൊലീസുകാരനായ മിഥുൻ റോയിക്കെതിരെ പരാതി നൽകിയ ആളാണ്‌ വിനയ് പ്രകാശ്. അതേസമയം, പൊലിസുകാരനെതിരെ എടുത്ത ജാമ്യമില്ലാ കേസ് പിൻവലിക്കും. ഇതുസംബന്ധിച്ച അന്വേഷണ റിപ്പോർട്ട് നാളെ കോടതിയിൽ നൽകും.

കഴിഞ്ഞ ദിവസമാണ് മാളിൽ കുടുംബവുമായെത്തിയ പൊലീസുകാരനെ എസ്എഫ്ഐക്കാർ മർദിച്ചത്. പുതുവത്സര തലേന്ന് ശംഖുമുഖത്ത് ഉണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകരെ മർദിച്ച പൊലീസുകാരനെയാണ് മാളിൽ വെച്ച് പ്രതികാരം തീർത്തത്. അടികിട്ടിയ പൊലീസുകാരന് എതിരെ എസ്എഫ്ഐ പ്രവർത്തകർ പരാതിയും നൽകിയിരുന്നു. ഇതേതുടർന്ന് മിഥുൻ റോയിക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. എസ്എഫ്ഐക്കാരുടെ പരാതിയിൽ കേസെടുത്ത നടപടിയിൽ സേനയ്ക്കുള്ളിൽ വലിയ അമർഷം തുടർന്നിരുന്നു.

ഇതിനിടെയാണ് മിഥുൻ റോയിക്കെതിരെ കേസെടുത്തതിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സിറ്റി പൊലിസ് കമ്മീഷണർ ഉത്തരവിട്ടത്. ജാമ്യമില്ലാ വകുപ്പ് ചുമത്താൻ ഇടയായ സാഹചര്യത്തിൽ റിപ്പോർട്ട് നൽകാനായിരുന്നു നിർദേശം. ശംഖുമുഖത്തിൻ്റെ ചുമതലയുഉള ഫോർട്ട് എസിപിക്കായിരുന്നു അന്വേഷണ ചുമതല. എസ്എഫ്ഐക്കാരുടെ പരാതിയിൽ കഴമ്പില്ലെന്നും പ്രതിരോധം മാത്രമാണ് ഉണ്ടായതെന്നുമാണ് അന്വേഷണ റിപ്പോർട്ട്. ഫോർട്ട് എസിപി സമാനമായ അന്വേഷണ റിപോർട്ട് കമ്മീഷണർക്ക് നൽകി. നാളെ ഈ റിപ്പോർട്ട് കോടതിയിൽ ഹാജരാക്കും.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming