മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മണിശങ്കർ അയ്യർ, പിണറായി അടുത്ത തവണയും കേരള മുഖ്യമന്ത്രിയാകുമെന്ന് പ്രവചിച്ചു. മുഖ്യമന്ത്രിയെ വേദിയിലിരുത്തി വിഷൻ 2031 അന്താരാഷ്ട്ര കോൺഫറൻസിലായിരുന്നു അദ്ദേഹത്തിൻ്റെ ഈ പ്രഖ്യാപനം
തിരുവനന്തപുരം: പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകുമെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മണി ശങ്കർ അയ്യർ. വിഷൻ 2031 അന്താരാഷ്ട്ര കോൺഫറൻസ് ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രിയെ വേദിയിലിരുത്തിയാണ് മണിശങ്കർ അയ്യർ ഇക്കാര്യം പറഞ്ഞത്. ഗാന്ധിജി സ്വപ്നം കണ്ട പുരോഗതി കൈവരിച്ച ഏക സംസ്ഥാനം കേരളമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയായിരുന്നു വിഷൻ 2031 ഉദ്ഘാടനം ചെയ്തത്. നവകേരള നിർമ്മിതിക്കുള്ള പദ്ധതികൾ തയ്യാറാക്കുന്നതിന് വേണ്ടിയാണ് വിഷൻ 2031 അന്താരാഷ്ട്ര കോൺഫറൻസ് സംഘടിപ്പിച്ചത്. 2031 ആകുമ്പോൾ കേരളം ഏത് രീതിയിൽ മാറണമെന്നതാണ് പ്രധാനമായും ചർച്ചയായത്. കേരളത്തിലെ വികസന ഭൂപടം രചിക്കുന്നതിൽ ഈ യോഗം വലിയ പങ്ക് വഹിക്കുമെന്നാണ് വിഷൻ 2031 ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞത്. 2031 ൽ കേരള സംസ്ഥാനം രൂപപ്പെട്ട് 75 വർഷമാകും. അതുകൊണ്ടുതന്നെ 2031 ലേത് കേവലം ഒരു വാർഷിക ആഘോഷം മാത്രമല്ല. കേരളത്തിന്‍റെ വലിയ വികസനത്തിലേക്കുള്ള കാഹളമായിരിക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.

വിശദ വിവരങ്ങൾ
വിഷൻ 2031 അന്താരാഷ്ട്ര കോൺഫറൻസ് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. മുൻകാലങ്ങളിലെ നേട്ടങ്ങളെ ആഘോഷിക്കുക മാത്രമല്ല മറിച്ച് ഭാവിലേക്കുള്ള പ്രവർത്തനങ്ങൾ ആവിഷ്കരിക്കുക കൂടിയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു . നൊബേൽ ജേതാവ് അമർത്യ സെൻ, പ്രശസ്ത ചരിത്രകാരി റൊമില ഥാപ്പർ എന്നിവർ ഓൺലൈനായി ചടങ്ങിൽ പങ്കെടുത്തു. വേൾഡ് ഫുഡ് പ്രൈസ് ജേതാവ് ശകുന്തള ഹരക്സിംഗ് തിൽസ്തദ്, മന്ത്രിമാരായ ജി ആർ അനിൽ, ആർ ബിന്ദു, വി എൻ വാസവൻ, പി പ്രസാദ്, എ കെ ശശീന്ദ്രൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. കോൺഫറൻസിൽ 120 ഓളം ആഗോള പ്രശസ്തരായ നയരൂപീകരണ വിദഗ്ദ്ധരും അക്കാഡമിക് പണ്ഡിതരും ഭരണകർത്താക്കളും പങ്കെടുക്കും. ചൊവ്വാഴ്ചയാണ് കോൺഫറൻസ് സമാപിക്കുക.


