ക്യാൻസർ രോഗിയായ അമ്മൂമ്മയും ഇളയ അനുജത്തിയും മാത്രമാണ് സംഭവസമയം കുട്ടിയുടെ വീട്ടിലുണ്ടായിരുന്നത്.

തൃശൂർ: 13 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 50 വയസ്സുകാരന് 33 വർഷം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ. കയ്പമംഗലം സ്വദേശി വെട്ടുക്കാട്ടിൽ രഘു (50) വിനെയാണ് തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ജയ പ്രഭു ശിക്ഷിച്ചത്.2024 ജൂൺ അഞ്ചിന് രാത്രി ഏഴരയോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ ഇയാൾ അടുത്തുള്ള കാവിനരികിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

ക്യാൻസർ രോഗിയായ അമ്മൂമ്മയും ഇളയ അനുജത്തിയും മാത്രമാണ് സംഭവസമയം കുട്ടിയുടെ വീട്ടിലുണ്ടായിരുന്നത്. പ്രതിയുടെ ഭീഷണി കാരണം കുട്ടി സംഭവം ആരോടും പറഞ്ഞിരുന്നില്ല. പിന്നീട്, ശാരീരിക അസ്വസ്ഥതകൾ കാരണം കുട്ടി സ്കൂളിൽ പോകാത്തതിനെ തുടർന്ന് സ്കൂൾ അധികൃതർ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. കയ്പമംഗലം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷൻ 13 സാക്ഷികളെ വിസ്തരിക്കുകയും 20-ഓളം രേഖകൾ ഹാജരാക്കുകയും ചെയ്തു.

പ്രതിഭാഗം പല സാക്ഷികളെയും ഹാജരാക്കിയെങ്കിലും അവയെല്ലാം കള്ളമാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കുറ്റകൃത്യത്തിന് സമൂഹത്തിന് സന്ദേശം നൽകുന്ന തരത്തിലുള്ള ശിക്ഷ നൽകണമെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതിയുടെ പക്കൽനിന്ന് ഈടാക്കുന്ന പിഴത്തുക കുട്ടിക്കു നൽകാനും കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വ. ലിജി മധു, അഡ്വ. ശിവ പി.ആർ. എന്നിവരാണ് ഹാജരായത്.