കോസ്റ്റൽ പൊലീസിനായി പുതിയ ബെർത്ത് നിർമ്മിക്കുന്നതിനിടെയാണ് സംഭവം. കാലപ്പഴക്കവും തിരയിൽ മണ്ണൊലിച്ച് പോയതുമാണ് തകർച്ചയ്ക്ക് കാരണമെന്നും ഇത് മത്സ്യത്തൊഴിലാളികൾക്ക് വലിയ ഭീഷണിയാണെന്നും അധികൃതർ അറിയിച്ചു.

തിരുവനന്തപുരം: വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തോടനുബന്ധിച്ച ബെർത്തിൻ്റെ മധ്യഭാഗത്തെ കോൺക്രീറ്റ് തകർന്ന് വീണു. കാലപഴക്കത്താൽ കോൺക്രീറ്റ് തകർന്നാണ് വൻ ഗർത്തം രൂപപ്പെട്ടത്. കോസ്ററൽ പൊലീസിനായി നിർമിക്കുന്ന ബെർത്തിൻ്റെ നിർമ്മാണം നടക്കുന്നതിനിടെയാണ് സമീപത്തെ പഴയ ബെർത്തിൽ കുഴി രൂപപ്പെട്ടത്. ബെർത്തിന് അടിവശത്ത് കടലാണ്. ഏകദേശം രണ്ടാൾ താഴ്‌ചയിൽ കുഴി രൂപപ്പെട്ടത് മത്സ്യത്തൊഴിലാളികൾക്കും ഭീഷണിയാണ്.

മത്സ്യബന്ധന തുറമുഖത്തോടനുബന്ധിച്ച് പണിത ലേലപ്പുര, ബോട്ട് ഷെഡ് ഇവയോട് ചേർന്ന് കടലിലേക്ക് നീണ്ടു നിൽക്കുന്ന ബെർത്തിലാണ് കുഴി രൂപപ്പെട്ടിരിക്കുന്നത്.തീരദേശ പൊലീസിൻ്റെ ബോട്ട് നിർത്താനുള്ള പുതിയ ബെർത്തു നിർമാണത്തിനായി ക്രെയിൻ എത്തിച്ച് പഴയ ബെർത്തിൽ കയറിയപ്പോഴാണ് ബെർത്ത് തകർന്നതെന്ന് അധികൃതർ പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന സംഭവത്തെ തുടർന്ന് കോസ്റ്റൽ പൊലീസിൻ്റെ ബെർത്ത് നിർമാണവും നിലച്ചു. പഴയ ബർത്തിൻ്റെ അടിവശത്തെ കല്ലും മണ്ണും തിരയിൽ ഒലിച്ചു പോയി ഇതിനെ തുടർന്നാണ് മുകൾ ഭാഗത്തെ കോൺക്രീറ്റും തകർന്നത്. ഇതോടെ മത്സ്യത്തൊഴിലാളികൾക്ക് അപകടമുണ്ടാകാതിരിക്കാൻ താൽക്കാലിക സംവിധാനം ഒരുക്കിയിരിക്കുകയാണ്.