കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ ചെയര്മാന് സ്ഥാനം ജനറല്‍ ആയിരുന്നിട്ടും വനിതയെ ചെയര്‍പേഴ്സണ്‍ ആക്കി സിപിഐ പുതുചരിത്രം രചിച്ചു. ഇതോടെ ചെയര്‍പേഴ്സണും വനിതാ സംവരണമായ വൈസ് ചെയര്‍പേഴ്സണും വനിതകളായി.
തൃശൂര്‍: കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ പെണ്ചരിതം ചരിത്രം. കൊടുങ്ങല്ലൂര്‍ നഗരസഭ പുതു ചരിത്രമാണ് രചിച്ചത്. ചെയര്മാന് സ്ഥാനം ജനറല്‍ ആയിരുന്നിട്ടും വനിതയെ ചെയര്‍പേഴ്സണ്‍ ആക്കുകയായിരുന്നു സിപിഐ ചെയ്തത്. വൈസ് ചെയര്‍ പേഴ്സണ്‍ സ്ഥാനം വനിതാ സംവരണമാണ്. ഇതോടെ ചെയര്‍പേഴ്സണും വൈസ് ചെയര്‍പേഴ്സണും വനിതകളായി മാറിയതും ചരിത്രം. കൊടുങ്ങല്ലൂര്‍ നഗരസഭാ ചെയര്‍പേഴ്സനായി ഹണി പീതാംബരനെയാണ് തെരഞ്ഞെടുത്തത്. വൈസ് ചെയര്‍പേഴ്സണായി സുമിത നിസാഫിനെ തെരഞ്ഞെടുത്തു.
നീലക്കംപാറ വാര്‍ഡില്‍നിന്നാണ് ഹണി വിജയിച്ചത്. നഗരസഭാ കൗണ്‍സില്‍ ഹാളില്‍നടന്ന തെരഞ്ഞെടുപ്പ് വരണാധികാരി കെ.കെ. വിനോദ് നിയന്ത്രിച്ചു. ഹണിപീതാംബരന്റെ പേര് പിഎന്‍ രാമദാസ് നിര്‍ദേശിക്കുകയും വിബി രതീഷ് പിന്താങ്ങുകയും ചെയ്തു. ബിജെപിയിലെ ഒ.എന്‍. ജയദേവനും കോണ്‍ഗ്രസിലെ വി.എം. ജോണിയും മത്സരിച്ചു. ഹണി പീതാംബരന് 25 വോട്ടും ഒഎന് ജയദേവന് 17 വോട്ടും വിഎം ജോണിക്ക് മൂന്ന് വോട്ടുമാണ് ലഭിച്ചത്. 46 കൗണ്‍സിലര്‍മാരില്‍ 45 പേരാണ് തെരഞ്ഞെടുപ്പില്‍ ഭാഗമായത്. തെരഞ്ഞെടുത്തതിനെ തുടര്‍ന്ന് ഹണി പീതാംബരന് വരണാധികാരി മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. സിപിഎം. ജില്ലാ കണ്‍വീനര്‍ പി.കെ. ചന്ദ്രശേഖരന്, ഏരിയ സെക്രട്ടറി മുസ്താഖ് അലി, കെ.ആര്. ജൈത്രന്‍, പി.പി. സുഭാഷ്, സി.സി. വിപിന്‍ ചന്ദ്രന് തുടങ്ങിയവര്‍ ചെയര്‍പേഴ്സണെ അനുമോദിക്കാന്‍ എത്തി.
2015 ലാണ് ആദ്യമായി സിപിഐ ടിക്കറ്റില്‍ ഹണി പീതാംബരന് നഗരസഭയിലേക്ക് തെരഞ്ഞെടുക്കുന്നത്. ആദ്യ തവണ തന്നെ ഹണി നഗരസഭയുടെ വൈസ് ചെയര്‍പേഴ്സണ്‍ ആവുകയും ചെയ്തു. ഇത്തവണ നീലക്കം പാറ വാര്‍ഡില്‍ നിന്നാണ് ഹണി പീതാംബരന് ജയിച്ചത്. സിപിഐ മണ്ഡലം കമ്മറ്റിയംഗമായ ഹണി കൊടുങ്ങല്ലൂര്‍ എസ്എന്‍ഡിപി യൂണിയന് വനിതാ സംഘത്തിന്റെ ട്രഷററാണ്. വൈസ് ചെയര്‍പേഴ്സണായി സുമിത നിസാഫിനെ തെരഞ്ഞെടുത്തു. രാഷ്ട്രീയത്തില്‍ പുതുമുഖമായ സുമിത നിസാഫ് സിപിഎം ടിക്കറ്റില്‍ ടികെഎസ് പുരം വാര്‍ഡില്‍നിന്നാണ് കന്നിയങ്കത്തില്‍ തന്നെ വിജയക്കൊടി പാറിച്ചത്.


