കോഴിക്കോട് കാരശ്ശേരിയിൽ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ശിഹാബുദ്ധീൻ എന്നയാളുടെ തലയിൽ തേങ്ങ വീണ് പരിക്കേറ്റു. ഇതിനെ തുടർന്ന്, റോഡരികിൽ അപകടകരമായി നിൽക്കുന്ന തെങ്ങുകൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പഞ്ചായത്ത് പ്രസിഡന്റിന് പരാതി നൽകി. വിഷയം ഗൗരവമായി കണ്ട് നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് ഉറപ്പ് നൽകി.

കോഴിക്കോട്: ഇനി മറ്റാർക്കും ഇങ്ങനെയൊരു അവസ്ഥ വരരുതെന്ന് മാത്രമാണ് ശിഹാബുദ്ധീന് കാരശേരി പഞ്ചായത്ത് പ്രസിഡൻ്റിനോട് പറയാനുണ്ടായിരുന്നത്. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ തോട്ടുമുക്കത്ത് താമസിക്കുന്ന മൈസൂര്‍പറ്റ സ്വദേശി കാടായിക്കോട്ടില്‍ ശിഹാബുദ്ധീനാണ് പരാതിക്കാരൻ. ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ കഴിഞ്ഞ ദിവസം ശിഹാബുദ്ധീന്റെ തലയില്‍ തേങ്ങ വീഴുകയും തലയ്ക്കും കൈകാലുകള്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആശുപത്രി വിട്ട ശേഷം പഞ്ചായത്ത് പ്രസിഡൻ്റ് അബ്ദുല്‍ അക്ബറിനെ കാണാനെത്തിയ അദ്ദേഹം റോഡരികില്‍ യാത്രക്കാരുടെ ജീവന് ഭീഷണിയായി നിൽക്കുന്ന തെങ്ങുകൾ മറ്റൊരാൾക്ക് കൂടി ഭീഷണിയാകരുതെന്ന ആവശ്യമാണ് ഉന്നയിച്ചത്.

പഞ്ചായത്തിനു കീഴിലുള്ള വിവിധ ഭാഗങ്ങളിലെ റോഡരികില്‍ യാത്രക്കാരുടെ ജീവന് ഭീഷണിയായി റോഡിലേക്ക് ചാഞ്ഞു നില്‍ക്കുന്ന തെങ്ങ് ഉള്‍പ്പെടെയുള്ള നിരവധി മരങ്ങളുണ്ടെന്ന് ശിഹാബുദ്ധീന്‍ പറഞ്ഞു. തെങ്ങില്‍ നിന്നും തേങ്ങയും ഓലകളും റോഡിലേക്ക് വീഴുന്നത് പ്രതിവാണെന്നും സ്ഥലമുടമകള്‍ യഥാസമയം തേങ്ങ വലിക്കാത്തതിനാല്‍ അപകട സാധ്യത വര്‍ധിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തനിക്ക് സംഭവിച്ചതുപോലെ ആര്‍ക്കും അപകടം ഉണ്ടാവരുതെന്നും ഇതിന് പഞ്ചായത്ത് കൃത്യമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. വിഷയം ഗൗരവതരമാണെന്നും പറഞ്ഞ പ്രസിഡന്റ് അബ്ദുൾ അക്ബർ, റോഡിലേക്ക് അപകടകരമായ നിലയിൽ ചാഞ്ഞു നില്‍ക്കുന്ന മരങ്ങൾ ഉയർത്തുന്ന ഭീഷണി ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി.