പാറമടയുടെ മുകൾ ഭാഗത്ത് കൂറ്റൻ കരിങ്കല്ലുകൾ കൂട്ടിയിട്ടിരുന്നു. കൂടാതെ പാറമടയുടെ മുകൾഭാഗം ഏത് നിമിഷവും ഇടിഞ്ഞ് വീഴാം എന്ന സ്ഥിതിയിലും ആയിരുന്നു.
പിറവം:30 അടിയോളം താഴെയുള്ള പാറയിടുക്കിൽ കുടുങ്ങിയ ആട്ടിൻകുട്ടിയ്ക്ക് രക്ഷകരായി അഗ്നിശമനസേന. ക്രെയിൻ ഉപയോഗിച്ചായിരുന്നു രക്ഷാപ്രവർത്തനം. രണ്ടുദിവസം മുമ്പ് തെരുവ് നായ്ക്കളുടെ ആക്രമണത്തിനിടയിലാണ് ആട്ടിൻകുട്ടി പാറയിടുക്കിൽ കുടുങ്ങിയത്. പിറവം മണീട് ആനമുന്തിക്കടുത്ത് വില്ലേജ് ഓഫീസിന് പിന്നിലാണ് സംഭവം. ക്രഷറിന് സമീപം താമസിക്കുന്ന മുരുക്കിടാമറ്റത്തിൽ കുമാരൻറെ ആടാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ അഗ്നിശമന സേന എത്തിയെങ്കിലും പാറയിടുക്കിൽ ഇറങ്ങാൻ ആകാതെ അവർ മടങ്ങിയിരുന്നു. തുടർന്ന് ഇന്ന് ക്രെയിൻ എത്തിച്ച് രക്ഷാപ്രവർത്തനം തുടരുകയായിരുന്നു.
രണ്ടു ദിവസം മുമ്പ് കുടുങ്ങിയ ആടിന് ഒപ്പമുള്ള മറ്റ് ആടുകൾ അന്നേദിവസം തന്നെ രക്ഷപ്പെട്ടിരുന്നു. അതുപോലെ ഈ ആടും രക്ഷപ്പെട്ടുപോരും എന്നാണ് കരുതിയത്. രണ്ടുദിവസമായിട്ടും ആടിന് നിന്ന സ്ഥലത്തുനിന്ന് മാറുവാൻ സാധിക്കുന്നില്ല എന്നത് മനസ്സിലാക്കിയതിനെ തുടർന്ന് പിറവം നിലയത്തിൽ നിന്നുള്ള അഗ്നിരക്ഷാസേനാംഗങ്ങളും ഗാന്ധി നഗർ, പട്ടിമറ്റം നിലയങ്ങളിൽ നിന്നും മലകയറ്റത്തിൽ വൈദഗ്ദ്ധ്യം നേടിയിട്ടുള്ള സേനാംഗങ്ങളും സ്ഥലത്തെത്തി. പാറമടയുടെ മുകൾ ഭാഗത്ത് കൂറ്റൻ കരിങ്കല്ലുകൾ കൂട്ടിയിട്ടിരുന്നു. കൂടാതെ പാറമടയുടെ മുകൾഭാഗം ഏത് നിമിഷവും ഇടിഞ്ഞ് വീഴാം എന്ന സ്ഥിതിയിലും ആയിരുന്നു.
റോപ്പ് ഉപയോഗിച്ച് ഇറങ്ങുക എന്നത് സാധ്യമായിരുന്നില്ല. ജെ.സി.ബി യുടെ സഹായത്തോടെ കരിങ്കല്ലുകൾ മാറ്റിയ ശേഷം ക്രയിനിൽ നെറ്റ് ഘടിപ്പിച്ച് ഗാന്ധിനഗർ നിലയത്തിലെ സേനാംഗങ്ങളായ രാംരാജ്, കെവിൻ ആൻറണി എന്നിവർ ചേർന്ന് അതിസാഹസികമായി ആടിനെ രക്ഷപ്പെടുത്തുകയായിരുന്നു.


