ഡോക്ടറും ഇവന്റ് മാനേജ്മെന്റ് കമ്പനി ഉടമയും, വക്കീലുമടക്കം പിടിയിലായവർക്ക് ലഹരി എത്തിച്ചു നൽകിയ കെവിനെ 18 ദിവസത്തിനിപ്പുറമാണ് പൊലീസ് കൊച്ചിയിൽ നിന്ന് തന്നെ പിടികൂടിയത്.

കൊച്ചി: ആഡംബര ഹോട്ടലിൽ ലഹരി പാർട്ടിയും ലഹരി വിതരണവും നടത്തിയ കേസിൽ പിടിയിലായ കെവിൻ ചെറിയ മീനല്ല, വമ്പൻ സ്രാവെന്ന് പൊലീസ്. നൈറ്റ് പാർട്ടികളിലെ പ്രധാന ഡ്രഗ് ഡീലറാണ് ഇയാളെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. കഴിഞ്ഞ വർഷം മാത്രം കെവിൻ നടത്തിയത് 22 ലക്ഷം രൂപയുടെ ലഹരി ഡീലുകളാമെന്നും, പ്രതി ഇടയ്ക്കിടെ തായ്ലാൻഡ് അടക്കം സന്ദർശിച്ച് ലഹരി കടത്തിയെന്നും പൊലീസ് പറയുന്നു. അറസ്റ്റിലായപ്പോഴും കെവിന്റെ പക്കൽ നിന്ന് ലഹരി പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ വർഷവും ഇയാൾ ഡാൻസാഫിന്റെ പിടിയിലായിരുന്നു. മൂന്ന് യുവതികൾക്കൊപ്പമായിരുന്നു അന്ന് കെവിൻ ലഹരിയുമായി പിടിയിലായത്.

തൊടുപുഴ സ്വദേശി കെവിൻ ബി. മാത്യുവിനെ കഴിഞ്ഞ ദിവസമാണ് ഡാൻസഫ് സംഘം തൃക്കാക്കരയിൽ നിന്ന് പിടികൂടിയത്. ഇയാളിൽ നിന്ന് മാരക ലഹരി മരുന്നുകളും പിടിച്ചെടുത്തിരുന്നു. തൃക്കാക്കര ചെമ്പുമുക്കിലെ താമസസ്ഥലത്തു നിന്നാണ് കെവിനെ ഡാൻസഫ് സംഘം പിടികൂടിയത്. കെവിനിൽ നിന്ന് 183. 55 എംഡിഎംഎ, 93.51 ഗ്രാം എക്സ്റ്റസെ പിൽസ് എന്നിവ പിടികൂടി. വിശദമായ അന്വേഷണത്തിൽ കെവിൻ ആണ് ലഹരിപാർട്ടിക്കായി രാസ ലഹരി ഒഴുക്കിയത് എന്ന് വ്യക്തമായി. കെവിന്റെ കൈവശം സൂക്ഷിച്ച ഒരു ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തു. ഇത് ലഹരി ഇടപാടിൽ സമ്പാദിച്ചതാണെന്ന് പൊലീസ് അറിയിച്ചു. ഇയാളെ സ്റ്റേഷനിൽ എത്തിച്ചു വിശദമായി ചോദ്യം ചെയ്യുകയാണ് അന്വേഷണസംഘം. ഇയാളുടെ സാമ്പത്തിക ശ്രോതസും, വിദേശ ബന്ധവുമെല്ലാം അന്വേഷിക്കുന്നുണ്ട്. കൊച്ചിയിലെ ആഡംബര പാർട്ടിക്ക് ലഹരി എത്തിച്ച പ്രധാനിയായ കെവിനെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്.

കഴിഞ്ഞ മാസം 29 നായിരുന്നു കൊച്ചിയിലെ പ്രമുഖ ഹോട്ടലിൽ നടത്തിയ പൊലീസ് പരിശോധനയിൽ ലഹരിയുമായി ഉന്നതരുടെ സംഘം വലയിലായത്. ഡോക്ടറും ഇവന്റ് മാനേജ്മെന്റ് കമ്പനി ഉടമയും, വക്കീലുമടക്കം പിടിയിലായവർക്ക് ലഹരി എത്തിച്ചു നൽകിയ കെവിനെ 18 ദിവസത്തിനിപ്പുറമാണ് പൊലീസ് കൊച്ചിയിൽ നിന്ന് തന്നെ പിടികൂടിയത്. ഡോക്ടർ, ഇവന്റ് മാനേജ്മെന്റ് കമ്പനി ഉടമ, വക്കീൽ തുടങ്ങി ഉന്നതർ പിടിയിലായത്. ഹോട്ടലിലെ ലഹരി പാർട്ടിക്കിടെ കടവന്ത്ര പൊലീസ് അറസ്റ്റ് ചെയത എട്ടു പേർക്കും അളവിൽ കുറഞ്ഞ ലഹരിയാണ് കൈവശം വച്ചതെന്ന കാരണത്താൽ സ്റ്റേഷൻ ജാമ്യം ലഭിച്ചിരുന്നു.

കെവിൻ ലഹരി ഇടപാടിലെ ചെറിയ മീനല്ല; നൈറ്റ് പാർട്ടിയിലെ പ്രധാന ഡ്ര​ഗ് ഡീലറെന്ന് പൊലീസ് | Drug bust