മദ്യലഹരിയിലായിരുന്നയാൾ സ്വയം തീ കൊളുത്തി പൊന്തക്കാടിന്റെ ഭാഗതേക്ക് ഓടിപ്പോയതായി നാട്ടുകാർ പറഞ്ഞു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് പൊള്ളലേറ്റ നിലയിൽ ഗൃഹനാഥനെ കണ്ടെത്തിയത്.
കോട്ടയം: കുടുംബ വഴക്കിനെ തുടർന്ന് സ്വയം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് ഓടി മറഞ്ഞയാളെ കണ്ടെത്തി ഹോസ്പിറ്റലിൽ എത്തിച്ച് കോട്ടയം വെസ്റ്റ് പോലീസ്. പത്താം തീയതി രാത്രി 09.30 മണിയോടു കൂടിയാണ് സംഭവം. വേളൂർ സ്വരമുക്ക് ഭാഗത്ത് ഒരാൾ വീട്ടിൽ മദ്യപിച്ച് ബഹളമുണ്ടാക്കുന്നു എന്ന് കോട്ടയം വെസ്റ്റ് സ്റ്റേഷനിലേക്ക് ഫോൺ കോൾ എത്തി. തുടർന്ന് പൊലീസ് എത്തിയപ്പോഴാണ് കുടുംബ വഴക്കിനെ തുടർന്ന് മദ്യ ലഹരിയിൽ ആയിരുന്ന ഗൃഹനാഥൻ മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് സ്വയം തീ കൊളുത്തുകയും തുടർന്ന് വീട്ടിൽനിന്ന് ഓടിപ്പോവുകയും ചെയ്തുവെന്ന വിവരം ലഭിച്ചത്.
സംഭവസ്ഥലത്ത് എത്തിയ വെസ്റ്റ് സ്റ്റേഷനിലെ എസ്ഐ ജയകുമാർ, സിവിൽ പൊലീസ് ഓഫീസർ പ്രതാപൻ എന്നിവർ നാട്ടുകാരുടെ സഹായത്തോടുകൂടി ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ യാളെ കണ്ടെത്തുകയായിരുന്നു. മദ്യലഹരിയിലായിരുന്നയാൾ സ്വയം തീ കൊളുത്തി പൊന്തക്കാടിന്റെ ഭാഗതേക്ക് ഓടിപ്പോയതായി നാട്ടുകാർ പറഞ്ഞു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് പൊള്ളലേറ്റ നിലയിൽ ഗൃഹനാഥനെ കണ്ടെത്തിയത്. പൊലീസ് തന്നെയാണ് ഇയാളെ ആംബുലൻസിൽ കയറ്റി ഭാര്യയോടും ബന്ധുക്കളോടും ഒപ്പം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.
പൊലീസ് നാട്ടുകാരുമായി ചേർന്ന് നടത്തിയ സമയോചിതമായ ഇടപെടലാണ് 40 ശതമാനത്തിലധികം പൊള്ളലേറ്റ ആളെ കണ്ടെത്തി ഹോസ്പിറ്റലിൽ എത്തിക്കാൻ സഹായകമായത്. ടൈൽ പണിക്കാരൻ ആയ ഇയാൾക്ക് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും, വീട് ജപ്തി ഭീഷണിയിൽ ആയിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)


