തിരുവനന്തപുരത്ത് പന്നിക്കെണിക്കായി സ്ഥാപിച്ച അനധികൃത വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ച സംഭവത്തിൽ കേസെടുത്തു. ആടിന് ഇല വെട്ടാൻ പോയ വിൽസൺ ആണ് മരിച്ചത്. സംഭവത്തിൽ  പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

തിരുവനന്തപുരം: പാലോടിന് സമീപം പന്നിക്കെണിയിൽ നിന്നും വൈദ്യുതാഘാതമേറ്റ് മധ്യവയസ്കൻ മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ദൈവപ്പുര മുത്തിക്കാമല തടത്തരികത്തു വീട്ടിൽ വിൽസണെ ആയിരുന്നു കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ ആടിന് തീറ്റയെടുക്കാൻ പോകും വഴി മരിച്ച നിലയിൽ കണ്ടത്. ഇല വെട്ടാൻ പോയതായിരുന്നു വിൽസൺ. ഏറെ നേരം കഴിഞ്ഞിട്ടും തിരികെ എത്താതിരുന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇക്ബാൽ കോളജിന് പിൻഭാഗത്തുള്ള പുരയിടത്തിൽ വിൽസണെ മരിച്ച നിലയിൽ കണ്ടെത്തിയത്.

സമീപവാസി പന്നിക്കെണി സ്ഥാപിച്ച് അതിലേക്ക് വീട്ടിൽ നിന്ന്‌ അനധികൃതമായി വൈദ്യുതി കടത്തി വിട്ടിരുന്നു. ഈ കമ്പിയിൽ തട്ടിയാണ് വിൽസൺ മരിച്ചതെന്നാണ് വിവരം. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിട്ടുള്ളത്. വൈദ്യുത വകുപ്പിന്റെ റിപ്പോർട്ട് കിട്ടിയശേഷം മറ്റു വകുപ്പുകൾ കൂടി ചുമത്താനാണ് പൊലീസ് തീരുമാനം. പെരിങ്ങമ്മല ഇലക്ട്രിക്കൽ സെഷനിലുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി. വീടിനുള്ളിൽ നിന്നാണ് വൈദ്യുതി പന്നിക്കെണിക്കിട്ട കമ്പിയിലേക്കു കൊടുത്തിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഐഎൻടിയുസി ലോഡിങ് തൊഴിലാളിയായിരുന്നു. കോൺഗ്രസിന്റെ വാർഡ് പ്രസിഡന്റ്, മണ്ഡലം സെക്രട്ടറി, ദളിത് കോൺഗ്രസ് കല്ലറ ബ്ലോക്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു വിൽസൺ.