വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി കോൺഗ്രസ് പാർട്ടി പുതുവത്സര കലണ്ടർ പുറത്തിറക്കി. എംപിയായതിന് ശേഷം പ്രിയങ്ക വയനാട്ടിൽ നടത്തിയ യാത്രകളും, തുലാഭാരം നടത്തുന്നതും ആനയ്ക്ക് ഭക്ഷണം നൽകുന്നതുമടക്കമുള്ള നിമിഷങ്ങളാണ് കലണ്ടറിലുള്ളത്.
കൽപ്പറ്റ: പുതുവർഷ കലണ്ടറുമായി വയനാട് എംപി പ്രിയങ്കാ ഗാന്ധി. വയനാടിനെ പ്രമേയമാക്കി പ്രിയങ്കയുടെ ചിത്രങ്ങൾ ഉപയോഗിച്ചാണ് കോൺഗ്രസ് പാർട്ടി കലണ്ടർ പുറത്തിറക്കിയത്. പ്രിയങ്ക എംപിയായിട്ട് ഒരുവർഷമാകുന്നുവെന്നും എംപിയായതിന് ശേഷമുള്ള പുതുവത്സരമാണെന്നും നേരത്തെ രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ ഉപയോഗിച്ചും കലണ്ടർ പുറത്തിറക്കിയിരുന്നുവെന്നും ചടങ്ങിൽ വണ്ടൂർ എംഎൽഎ എപി അനിൽകുമാർ പറഞ്ഞു. എംപി സ്ഥാനത്ത് എത്തിയതിന് ശേഷം വയനാട്ടിൽ പ്രിയങ്കാ ഗാന്ധി നടത്തിയ യാത്രകളടക്കമാണ് ചിത്രരൂപത്തിൽ കലണ്ടറിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.
മുക്കം മണാശേരി ശ്രീ കുന്നത്ത് മഹാവിഷ്ണു ക്ഷേത്രത്തിൽ നേന്ത്രക്കുലകൾ ഉപയോഗിച്ച് പ്രിയങ്ക ഗാന്ധി എംപി നടത്തിയ തുലാഭാരം വഴിപാടാണ് ജനുവരി മാസത്തിന്റെ മുഖചിത്രം. കരുളായിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മണിയുടെ സഹോദരൻ അയ്യപ്പന്റെ കൈ പിടിച്ച് നിലമ്പൂർ ചോലനായ്ക്കർ ഉന്നതിയിൽ നടക്കുന്ന ചിത്രമാണ് ഫെബ്രുവരി മാസത്തിൽ ഉപയോഗിച്ചത്. കൊട്ട നെയ്യുന്നത് നോക്കി പഠിക്കുന്ന പ്രിയങ്ക ഗാന്ധിയുടെ ചിത്രവും ചെറുവയൽ രാമനോടൊപ്പം കൃഷിയിടത്തിൽ നടക്കുന്ന ചിത്രവും ഉൾപ്പെടുത്തി. ആനയ്ക്ക് ഭക്ഷണം നൽകുന്ന ചിത്രങ്ങളും ഉൾപ്പെടുത്തി.
വണ്ടൂരിൽ വച്ച് നടന്ന പാർലമെന്റ് തല ഉദ്ഘാടനം കെപിസിസി വർക്കിംഗ് പ്രസിഡണ്ട് എപി അനിൽകുമാർ എം.എൽ.എ. നിർവഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല, ഷൈജൽ എടപ്പറ്റ, കെ സി കുഞ്ഞുമുഹമ്മദ്, എൻ എ മുബാറക്ക്, വി സുധാകരൻ, ഗോപാലകൃഷ്ണൻ, ജബീബ് സക്കീർ,പി ഉണ്ണികൃഷ്ണൻ, കെ ടി ഷംസുദ്ദീൻ, ഷഫീർ എം, കാപ്പിൽ മുരളി, പി പി അബ്ദുൽ റസാഖ്, അമൃത ടീച്ചർ, സഫീർ ജാൻ, എം കെ മുസ്തഫ തുടങ്ങി ത്രിതല പഞ്ചായത്ത് മെമ്പർമാരും യു ഡി എഫ് നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.
