ആലുവ റെയിൽവേ സ്റ്റേഷനിലെ മേൽപ്പാലത്തിൽ നിന്ന് ഉത്തരേന്ത്യൻ സ്വദേശിയായ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. താഴെയുള്ള വൈദ്യുത ലൈനിലേക്ക് വീണ ഇയാൾക്ക് ഷോക്കേൽക്കുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.  

കൊച്ചി: ആലുവ റെയിൽവേ സ്റ്റേഷനിലെ മേൽപ്പാലത്തിൽ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മുപ്പത് വയസുകാരനായ ഉത്തരേന്ത്യൻ സ്വദേശിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. റെയിൽവേ സ്റ്റേഷനിലെ മേൽപ്പാലത്തിൽ തൂങ്ങിപ്പിടിച്ചു നിന്ന യുവാവ് നിയന്ത്രണം വിട്ട് താഴെയുള്ള വൈദ്യുത ലൈനിലേക്ക് വീണു. വൈദ്യുത ലൈനിൽ നിന്നും ശക്തമായ ഷോക്കേറ്റ യുവാവ് ഉടൻ തന്നെ താഴേക്ക് തെറിച്ചു വീണു. വീഴ്ചയുടെ ആഘാതത്തിലും ഷോക്കേറ്റും ഗുരുതരമായി പരുക്കേറ്റ ഇയാളെ ഉടൻ തന്നെ സമീപത്തുള്ളവർ ചേർന്ന് കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ആത്മഹത്യാ ശ്രമത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തെത്തുടർന്ന് പ്രദേശത്ത് വലിയ പരിഭ്രാന്തി പരന്നു. സ്റ്റേഷനിലെ വൈദ്യുത ബന്ധം താൽക്കാലികമായി വിച്ഛേദിച്ചതിനെത്തുടർന്ന് ട്രെയിൻ ഗതാഗതത്തിൽ നേരിയ തടസങ്ങൾ നേരിട്ടു.