ജിജിന്‍ ദൃശ്യ എന്ന യൂട്യൂബ് ചാനലിന് ഇതിനോടകം 28 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുണ്ട്. ഇരുവരുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നടത്തിയ അഭിമുഖം വായിക്കാം.
ടിക് ടോക് കാലം മുതൽ പ്രേക്ഷകർക്ക് സുപരിചിതരാണ് ജിജിനും ദൃശ്യയും. ഇപ്പോൾ യൂട്യൂബിലൂടെയും ഇൻസ്റ്റാഗ്രാം റീൽസിലൂടെയും സജീവമാണ് ഇരുവരും. ‘ജിജിന്‍ ദൃശ്യ’ എന്ന യൂട്യൂബ് ചാനലിന് ഇതിനോടകം 28 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുണ്ട്. ഇരുവരുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നടത്തിയ അഭിമുഖം വായിക്കാം.
പെണ്ണ് കണ്ടിട്ട് മറുപടി കിട്ടാന്‍ 1 വര്‍ഷം!
വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു ഞങ്ങളുടേത്. എന്‍റെ അമ്മയുടെ കൂട്ടുകാരിയാണ് ചേട്ടന്‍റെ അമ്മ. അന്ന് ചേട്ടന് വിവാഹം കഴിക്കുന്ന പ്രായം ആണ്. അങ്ങനെയാണ് ആലോചന വന്നത്. എന്‍റെ പതിനെട്ടാം വയസില്‍ എന്നെ പെണ്ണ് കാണാന്‍ വീട്ടില്‍ വരുകയായിരുന്നു. പതിനെട്ട് വയസ്സല്ലേയുള്ളൂ ഇപ്പോൾ കല്യാണം നോക്കേണ്ട എന്ന തീരുമാനത്തിലായിരുന്നു എന്‍റെ വീട്ടുകാര്‍. അങ്ങനെ അന്ന് മറുപടി ഒന്നും പറഞ്ഞില്ല. ഇഷ്ടമാണെന്നും പറഞ്ഞില്ല ഇഷ്ടമല്ല എന്നും പറഞ്ഞില്ല. അങ്ങനെ കുറച്ചു നാള്‍ വെയിറ്റ് ചെയ്യേണ്ടി വന്നു. അന്ന് ചേട്ടന്‍ ഗൾഫിൽ ആയിരുന്നു. പിന്നീട് ഒരു വർഷം കഴിഞ്ഞപ്പോഴാണ് എന്‍റെ വീട്ടില്‍ നിന്നും ചേട്ടന്‍റെ വീട്ടിലേയ്ക്ക് വിളിച്ചതും വിവാഹത്തിന് സമ്മതമാണെന്ന് പറഞ്ഞതും. വീണ്ടും പെണ്ണു കാണാല്‍, ശേഷം വിവാഹ നിശ്ചയം, അത് കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം 2015ല്‍ ആയിരുന്നു ഞങ്ങളുടെ വിവാഹം.
ടിക് ടോക്കിലൂടെ യൂട്യൂബിലേയ്ക്ക്
യൂട്യൂബിലേയ്ക്ക് എത്താന്‍ കാരണം കൊറോണ തന്നെയായിരുന്നു. വിവാഹ ശേഷം ഞങ്ങള്‍ ദുബൈയിലായിരുന്നു. അവിടെ വെച്ച് ടിക് ടോക് ചെയ്യുമായിരുന്നു. ചേട്ടനായിരുന്നു കൂടുതല്‍ താല്‍പര്യം. ഒരു നേരം പോക്കിന് വേണ്ടി മാത്രമായിരുന്നു ഞങ്ങള്‍ ചെയ്തിരുന്നത്. പിന്നീടാണ് കൊവിഡ് തുടങ്ങുന്നതും ചേട്ടന്‍റെ ജോലി പോകുന്നതും. ചേട്ടന്‍ ദുബൈയില്‍ അക്കൗണ്ടന്‍റ് ആയിരുന്നു. അങ്ങനെ ഞങ്ങള്‍ നാട്ടില്‍ എന്തെങ്കിലും ജോലി നോക്കാന്‍ തീരുമാനിക്കുകയായിരുന്നു. പക്ഷേ കൊവിഡ് കാലത്ത് വിചാരച്ച പോലെ ഒരു ജോലി കിട്ടാന്‍ ബുദ്ധിമുട്ടായിരുന്നു. അങ്ങനെ ആ ഒരു സാഹചര്യത്തിൽ ഞങ്ങൾ വീണ്ടും വീഡിയോകള്‍ ചെയ്യുന്ന ഹോബി പൊടി തട്ടിയെടുത്തു. ഞാനാണ് അങ്ങനെ ഒരു ഐഡിയ പറയുന്നത്. അങ്ങനെയാണ് യൂട്യൂബ് കണ്ടെന്റ് ക്രിയേഷനിലേക്ക് ഞങ്ങള്‍ എത്തുന്നത്.
അഭിനയ മോഹം ജിജിന്
തനിക്ക് അഭിനയിക്കാന്‍ ചെറുപ്പം മുതലേ ഇഷ്ടമായിരുന്നു എന്ന് ജിജിന്‍. ദൃശ്യക്ക് ആദ്യം അത്ര താല്‍പര്യം ഇല്ലായിരുന്നു, പക്ഷേ പിന്നീട് ഇതിലേയ്ക്ക് വരുകയായിരുന്നു. വീഡിയോഗ്രാഫി, ഫോട്ടോഗ്രാഫി തുടങ്ങിയ കാര്യങ്ങള്‍ തനിക്ക് പേഴ്സണലി ഇഷ്ടമായിരുന്നു എന്നും ജിജിന്‍ പറയുന്നു.
കണ്ടെന്‍റ് മേക്കിങ് ദൃശ്യ
താന്‍ നന്നായി വായിക്കുന്ന കൂട്ടത്തിലാണെന്ന് ദൃശ്യ. പി ജി മലയാളമായിരുന്നു. അങ്ങനെ പുസ്തകങ്ങൾ വായിച്ചുകൊണ്ടിരിക്കുമ്പോഴായിരിക്കും ചില കണ്ടെന്‍റുകള്‍ കിട്ടുന്നത്. പിന്നെ ഞങ്ങളുടെ ജീവിതത്തിലുള്ള സാഹചര്യങ്ങൾ തന്നെ ഞങ്ങൾ വീഡിയോ ആയിട്ട് പകർത്താറുണ്ട്. എന്തെങ്കിലും കാര്യങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരിക്കും ഇതൊരു കണ്ടെന്‍റ് ആക്കിയാലോ എന്ന് തോന്നുന്നത്. എന്തെങ്കിലും തമാശകൾ പറയുമ്പോഴോ അല്ലെങ്കിൽ ആരുടെയെങ്കിലും കാര്യങ്ങളൊക്കെ കേൾക്കുമ്പോഴോ കോൺസെപ്റ്റുകള്‍ കിട്ടും. ചിലതൊക്കെ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്ന ട്രെന്‍ഡും ചെയ്യാറുണ്ട്. ക്യാമറ, എഡിറ്റിംഗ് എല്ലാം ഞങ്ങള്‍ തന്നെയാണ് ചെയ്യുന്നത്.
ഡാന്‍സ് ഹിറ്റാണ്!
ഡാൻസ് തനിക്ക് പണ്ടുമുതലേ ഇഷ്ടമായിരുന്നുവെന്ന് ദൃശ്യ. കുറച്ച് പഠിച്ചിട്ടുമുണ്ട്. പക്ഷേ അന്ന് അരങ്ങേറ്റം നടത്താനുള്ള പണം വീട്ടുകാര്‍ക്ക് ഇല്ലായിരുന്നു. വിവാഹ ശേഷം ചേട്ടനാണ് എന്നെ ഡാൻസ് പഠിപ്പിക്കാന്‍ വീണ്ടും ചേര്‍ത്തത്. അങ്ങനെ ഭരതനാട്ട്യം അരങ്ങേറ്റവും കഴിഞ്ഞു. ഇപ്പോള്‍ അതൊക്കെ ഉപകാരം ആയിട്ടുണ്ട്. കണ്ടെന്‍റ് ക്ഷാമം വരുമ്പോള്‍ ഞങ്ങള്‍ ഡാന്‍സ് വീഡിയോകളാണ് ചെയ്യുന്നത്. പ്രത്യേകിച്ച് ഷോര്‍ട്സ്, അതൊക്കെ നന്നായി വൈറലാകാറുണ്ട്. ആദ്യം ഞങ്ങൾ കണ്ടെന്റുകൾ മാത്രമാണ് ചെയ്തിരുന്നത്. പിന്നീട് ഞങ്ങള്‍ ഡാൻസ് കൂടി കളിക്കാന്‍ തുടങ്ങിയപ്പോള്‍ ആളുകള്‍ക്ക് ഭയങ്കരമായി ഇഷ്ടമായി തുടങ്ങി.
അത് അനിയന്‍റെ കുട്ടി!
ഫാമിലി നല്ല പിന്തുണയാണ് നല്‍കുന്നത്. ചേട്ടന്‍റെ അമ്മയാണ് വീഡിയോയിലൊക്കെ കാണുന്നത്. ഞങ്ങൾ ഇതിലേക്ക് വരാൻ കൂടുതൽ സഹായിച്ചതും അമ്മയാണ്. ഇടയ്ക്കൊക്കെ എന്‍റെ അച്ഛനും അമ്മയുമൊക്കെ വരാറുണ്ട്. പിന്നെ എന്‍റെ അനിയന്‍റെ കുട്ടിയെയും ഇടയ്ക്ക് വീഡിയോയില്‍ ഉള്‍പ്പെടുത്താറുണ്ട്. പലരും അത് ഞങ്ങളുടെ കുട്ടിയാണെന്നാണ് കരുതിയത്.
ഇമോഷണൽ കണ്ടെന്‍റുകള്‍
ഇമോഷണൽ കണ്ടെന്‍റുകള്‍ ചെയ്യുമ്പോഴാണ് കൂടുതല്‍ വര്‍ക്ക് ആകുന്നത്. അമ്മയെ ഉള്‍പ്പെടുത്തിയുള്ള ഫാമിലി കണ്ടെന്‍റുകളും റീച്ച് കിട്ടാറുണ്ട്. ഷോർട്സ് ആണ് ഇപ്പോള്‍ കൂടുതലും വൈറലാകുന്നത്. അതില്‍ തന്നെ ഡാന്‍സ് വീഡിയോസ് നന്നായി ഹിറ്റാകാറുണ്ട്.
'ഇങ്ങനെ നടന്നാൽ മതിയോ, കുട്ടികൾ വേണ്ടേ?'
കമന്‍റുകളെല്ലാം വായിക്കാറുണ്ട്. പോസിറ്റീവും നെഗറ്റീവും വരാറുണ്ടെന്ന് ദൃശ്യ പറയുന്നു. വീഡിയോ ഇടാനുള്ള നമ്മുടെ സ്വാതന്ത്ര്യം പോലെ തന്നെ വീഡിയോ കാണുന്നവര്‍ക്ക് കമന്‍റ് ചെയ്യാനുള്ള സ്വാതന്ത്ര്യവും ഉണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ചിലപ്പോഴൊക്കെ അവരുടെ കമന്‍റുകള്‍ കാരണമായിരിക്കും നമ്മൾ റീച്ച് ആകുന്നതും. എങ്കിലും ചില വ്യക്തിപരമായ നെഗറ്റീവ് കമന്‍റുകള്‍ വിഷമിപ്പിക്കാറുണ്ട്. ഞങ്ങൾക്ക് കുട്ടികളില്ലാത്തത് വെച്ച് കുത്തി പറയുന്ന കമന്‍റുകളാണ് അത്തരത്തില്‍ ഏറെയും. 'ഇങ്ങനെ നടന്നാൽ മതിയോ, കുട്ടികൾ വേണ്ടേ?' എന്നൊക്കെ ചോദിക്കാറുണ്ട്. ചിലപ്പോഴൊക്കെ നല്ല മറുപടി കൊടുക്കാറുണ്ട്. ഇപ്പോള്‍ പിന്നെ കണ്ട് കണ്ട് ഇത്തരം കമന്‍റുകളൊന്നും ശ്രദ്ധിക്കാറില്ല.
ബിഗ് ബോസില്‍ നിന്നും ക്ഷണിച്ചാല്‍ പോകും
ബിഗ് ബോസില്‍ നിന്നും ഒരിക്കല്‍ ക്ഷണം ലഭിച്ചിരുന്നുവെന്ന് ദൃശ്യ. പക്ഷേ അന്ന് ഇന്റർവ്യൂവില്‍ ഞാന്‍ ഉഴപ്പി. പിന്നീട് നഷ്ടം തോന്നി. ഇനി ബിഗ് ബോസില്‍ നിന്നും വിളിച്ചാല്‍, ഉറപ്പായും പോകണം എന്നു തന്നെയാണ് ആഗ്രഹം. അതുപോലെ സിനിമകള്‍ ചെയ്യണമെന്നും ആഗ്രഹമുണ്ടെന്ന് ദൃശ്യ കൂട്ടിച്ചേര്‍ത്തു.
