2027 സാമ്പത്തിക വർഷത്തോടെ മൊബൈൽ താരിഫ് നിരക്കുകൾ 13-15% വരെ ഉയർന്നേക്കാമെന്ന് റിപ്പോർട്ട്. വർധിച്ച ഡാറ്റാ ഉപയോഗം മുതലെടുത്ത് എയർടെൽ, ജിയോ, വോഡഫോൺ ഐഡിയ തുടങ്ങിയ കമ്പനികൾ പ്രതിശീർഷ വരുമാനം (ARPU) വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
ദില്ലി: 2027 സാമ്പത്തിക വർഷത്തിൽ മൊബൈൽ താരിഫ് നിരക്കുകള്‍ 13–15 ശതമാനം ഉയർന്നേക്കാം എന്ന് റിപ്പോര്‍ട്ട്. ഇത് ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ എന്നിവയുടെ എആര്‍പിയു ഉയർത്തുമെന്ന് എച്ച്‌എസ്‌ബിസി റിപ്പോര്‍ട്ടിനെ ഉദ്ദരിച്ച് ഫിനാൻഷ്യൽ എക്‌സ്‌പ്രസ് റിപ്പോർട്ട് ചെയ്‌തു. വർഷത്തിന്‍റെ രണ്ടാം പാദത്തിൽ 4ജി, 5ജി സേവനങ്ങളിലെ റീചാര്‍ജ് നിരക്കുകൾ കമ്പനികള്‍ ഏകദേശം 15 ശതമാനം വരെ വർധിപ്പിക്കുമെന്നാണ് ഈ വിലയിരുത്തൽ.
സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാര്‍ പിന്തുടരുക ഈ പാത
ഡാറ്റ ഉപഭോഗത്തിലെ തുടർച്ചയായ വർധനയും ഉയർന്ന മൂല്യമുള്ള പ്ലാനുകളിലേക്കുള്ള ഉപഭോക്തൃ മാറ്റങ്ങളും ഈ നിരക്ക് വർധനയ്ക്ക് കാരണമാകുന്നുവെന്നും റിപ്പോർട്ട് പറയുന്നു. ഉപഭോക്തൃസംഖ്യ കൂട്ടുന്നതിനെക്കാൾ ഉപയോഗ വർധന മോണിട്ടൈസ് ചെയ്യുന്നതിലേക്കാണ് മേഖലയിലെ ശ്രദ്ധ മാറുന്നതെന്നും വിശകലന വിദഗ്‌ധർ കൂട്ടിച്ചേർക്കുന്നു. സ്വകാര്യ ഓപ്പറേറ്റർമാരുടെ വിലനിയന്ത്രണ രീതി തുടരുമെന്ന സൂചനയും ഇതിലൂടെ ലഭിക്കുന്നു. വലിയ കമ്പനികളായ ഭാരതി എയർടെല്ലും റിലയൻസ് ജിയോയും എആർപിയു വർധനവ്, ഹോം ബ്രോഡ്ബാൻഡ് ഉപഭോക്താക്കളുടെ വർധന, മെച്ചപ്പെട്ട ഫ്രീ കാഷ് ഫ്ലോ എന്നിവയിലൂടെ ഇടക്കാലത്ത് ലാഭവർധന കൈവരിക്കുമെന്നാണ് റിപ്പോർട്ട് വിലയിരുത്തുന്നത്.
അതേസമയം, വോഡഫോൺ ഐഡയയ്ക്ക് ക്രമീകരിച്ച മൊത്തവരുമാന (AGR) കുടിശികയിൽ ഇളവ് പ്രഖ്യാപിച്ചതിനെത്തുടർന്ന് കമ്പനിയുടെ പ്രതീക്ഷ മെച്ചപ്പെട്ടിട്ടുണ്ട്. അടുത്തകാല സാമ്പത്തിക സമ്മർദ്ദം കുറയ്ക്കുന്നുണ്ടെങ്കിലും മത്സരം അടിസ്ഥാനപരമായി മാറുന്നില്ലെന്നാണ് വിലയിരുത്തൽ. 2025 ഡിസംബർ 31-നുള്ളതായി 87,695 കോടി രൂപയായി കുടിശിക ‘ഫ്രീസ്’ ചെയ്ത് അടവ് കാലാവധി നീട്ടിയതോടെ മൂന്ന് സ്വകാര്യ ഓപ്പറേറ്റർമാർ നിലനിൽക്കുന്ന വിപണി ഘടന തന്നെ തുടരുമെന്ന സാധ്യതയും ശക്തിപ്പെടുന്നു.
വിപണി വിഹിതം വീണ്ടെടുക്കാൻ വോഡഫോൺ ഐഡിയയുടെ നെറ്റ്‌വര്‍ക്ക് നിക്ഷേപം പര്യാപ്‍തമല്ലെന്ന് വിശകലന വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ എയർടെൽ, ജിയോ എന്നിവ യഥാക്രമം 15 ബില്യൺ ഡോളറും 20 ബില്യൺ ഡോളറും നിക്ഷേപിച്ചപ്പോൾ, വിഐയുടെ നിക്ഷേപം 2.6 ബില്യൺ ഡോളര്‍ മാത്രമായിരുന്നു. അടുത്ത മൂന്ന് വർഷങ്ങളിൽ എയർടെൽ, ജിയോ എന്നിവർ 14 മുതൽ 16 ബില്യൺ ഡോളർ കൂടി നിക്ഷേപിക്കുമെന്ന പ്രതീക്ഷിക്കുന്നു. അതേസമയം വോഡാഫോൺ ഐഡിയയുടെ പദ്ധതി 5.9 ബില്യൺ ഡോളറാണ്.
വോഡഫോൺ ഐഡിയ വിപണി വിഹിതം വർധിപ്പിക്കുന്നതിനേക്കാൾ ഉപഭോക്തൃ അടിസ്ഥാനം സ്ഥിരപ്പെടുത്തുന്നതിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധ്യത. വരാനിരിക്കുന്ന വർഷങ്ങളിൽ മിഡ്-ടീൻസ് നിരക്കിൽ ഉപഭോക്തൃ വിഹിതം സ്ഥിരപ്പെടുമെന്നും റിപ്പോർട്ടുകൾ പ്രവചിക്കുന്നു. കൂടാതെ, സ്പെക്‌ട്രം പണമടക്കൽ ബാധ്യതകളും ഭാവിയിലെ പുതുക്കലുകളും മൂലധന ആവശ്യം വർധിപ്പിക്കാനിടയുണ്ടെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.



