കൊടുംചൂടില്‍ കഷ്ടപ്പെട്ട് ബെംഗളൂരു നിവാസികളും. മനോഹരമായ കാലാവസ്ഥയ്ക്ക് പേരുകേട്ടിരുന്ന ബെംഗളൂരുവില്‍ നിന്നും യുവതി ഷെയര്‍ ചെയ്ത വീഡിയോ ശ്രദ്ധിക്കപ്പെടുന്നു. ക്രയോണ്‍സ് ഉരുകിയൊലിക്കുന്ന കാഴ്ചയാണ് വീഡിയോയില്‍ കാണുന്നത്. 

മനോഹരമായ കാലാവസ്ഥയ്ക്ക് പേര് കേട്ട ന​ഗരമായിരുന്നു ബെം​ഗളൂരു. എന്നാൽ, ഇന്ന് കൊടുംചൂടിൽ വെന്തുരുകുകയാണ് ന​ഗരം. പലരും ഇതേക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുമുണ്ട്. ഇപ്പോഴിതാ ന​ഗരത്തിലെ അസാധാരണമായ ചൂടിനെ കുറിച്ച് ഒരു കണ്ടന്റ് ക്രിയേറ്റർ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. വെയിലത്ത് വെച്ച ക്രയോണുകൾ ഉരുകി ഒലിക്കുന്ന ദൃശ്യങ്ങളാണ് ഗീത ശ്രീ നാഗരാജ് എന്ന യുവതി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. എന്റെ ജീവിതത്തിൽ ഇതുവരെ ബെംഗളൂരുവിൽ ഇങ്ങനെയൊരു ചൂട് അനുഭവിച്ചിട്ടില്ല എന്ന് ഗീത വീഡിയോയിൽ പറയുന്നു. മേശപ്പുറത്ത് വെച്ചിരുന്ന ക്രയോണുകൾ ചൂടിൽ ഉരുകുന്നത് കണ്ട അവർ, ഈ ചൂടിൽ ഒരു മുട്ട പൊരിക്കാൻ സാധിക്കുമോ എന്നും തമാശയായി ചോദിക്കുന്നുമുണ്ട്.

നിരവധിപ്പേരാണ് യുവതി ഷെയർ ചെയ്ത വീഡിയോ കണ്ടിരിക്കുന്നതും അതിന് കമന്റുകളുമായി എത്തിയിരിക്കുന്നതും. ന​ഗരത്തിലെ ഈ ചൂട് ആളുകളെ വല്ലാതെ ആശങ്കപ്പെടുത്തുന്നുണ്ട്. ചൂട് നിയന്ത്രിക്കാൻ വീടിന് മുന്നിലും ടെറസ്സിലും മരങ്ങൾ വളർത്തണമെന്നാണ് പലരും വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. അതുപോലെ തന്നെ ഡൽഹി, ചെന്നൈ, മുംബൈ തുടങ്ങിയ നഗരങ്ങളെ അപേക്ഷിച്ച് ഇപ്പോഴും ബെംഗളൂരുവിൽ പുറത്തിറങ്ങി നടക്കാൻ സാധിക്കുന്നുണ്ടെന്നത് ആശ്വാസമാണ് എന്നാണ് മറ്റ് ചിലർ പറഞ്ഞത്.

അതേസമയം, കർണാടകയുടെ പല ഭാഗങ്ങളിലും ഉഷ്ണതരംഗം തുടരുമ്പോഴും, ഇന്ന് മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. നഗരത്തിലെ വായു നിലവാരം നിലവിൽ 94 (സാറ്റിസ്ഫാക്റ്ററി) ആണ്. ഇത് തൃപ്തികരമാണെങ്കിലും ശ്വസന സംബന്ധമായ അസുഖമുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് സി.പി.സി.ബി മുന്നറിയിപ്പ് നൽകുന്നത്.

View post on Instagram

കേരളത്തിലും കനത്ത ചൂട് തുടരുകയാണ്. ഇന്നലെ പാലക്കാട് നാൽപ്പത് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നു. കോട്ടയത്ത് 38 ഡിഗ്രി സെൽഷ്യസ് ആണ് ഇന്നലെ രേഖപ്പെടുത്തിയ ഉയർന്ന താപനില. വയനാട്,ഇടുക്കി ഒഴികെയുളള ജില്ലകളിൽ അത്യുഷ്ണം തുടരും. ഇടുക്കി മുതൽ തെക്കോട്ടുളള ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. തിങ്കളാഴ്ച വരെ കനത്ത ചൂട് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.