ബെംഗളൂരുവിലുണ്ടായ കനത്ത മഴയിൽ ചർച്ച് സ്ട്രീറ്റിലെ പ്രശസ്തമായ 'ദി ബുക്ക് വേംസ്' പുസ്തകശാലയിൽ വെള്ളം കയറി. ഏതാണ്ട് 4000-ത്തിലധികം പുസ്തകങ്ങൾ നശിച്ചുപോയതിൻ്റെ ചിത്രങ്ങൾ വൈറലായതോടെ വായനക്കാർ സഹായവുമായി രംഗത്തെത്തി. നഷ്ടം കുറയ്ക്കാൻ നനഞ്ഞ പുസ്തകങ്ങൾ ഉണക്കി വില കുറച്ച് വിൽക്കാൻ പദ്ധതിയുണ്ടെന്ന് ഉടമ അറിയിച്ചു.
അപ്രതീക്ഷിതമായി പെയ്ത അതിശക്ത മഴ ഇന്നലെ വൈകീട്ട് ബെംഗളൂരു നഗരത്തെ അക്ഷരാർത്ഥത്തിൽ പിടിച്ചുലച്ചു. ബെംഗളൂരുവിലെ ബൗറിംഗ് ആൻഡ് ലേഡി കഴ്‌സൺ ആശുപത്രിയുടെ കോമ്പൗണ്ട് മതിൽ ഇടിഞ്ഞുവീണ് മലയാളികൾ അടക്കം ഏഴ് പേർ മരിച്ചപ്പോൾ മൊത്തം മരണ സംഖ്യ എട്ടായി ഉയർന്നു. ഒരാൾ വേഗ സിറ്റി മാളിൽ നടന്ന ഒരു അപകടത്തിലാണ് മരിച്ചത്. അതേസമയം മഴ, അല്പ നേരത്തേക്കാണെങ്കിലും നഗരത്തെ വെള്ളത്തിൽ മുക്കിയെന്ന് തന്നെ പറയാം. ഇതിനിടെ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ചിത്രങ്ങൾ ഏറെ പേരാണ് കണ്ടത്. ബെംഗളൂരുവിലെ ചർച്ച് സ്ട്രീറ്റിലെ പ്രശസ്തമായ പുസ്തകശാലയിൽ വെള്ളം കയറി ഏതാണ്ട് 4000-ത്തിലധികം പുസ്തകങ്ങൾ നനഞ്ഞ് പോയതിന്‍റെ ചിത്രങ്ങളായിരുന്നു അത്.
പുസ്തകങ്ങളും നനഞ്ഞു...
ബാംഗ്ലൂരിലെ കനത്ത മഴ കാരണം ഞങ്ങൾക്ക് 4,000 മുതൽ 5,000 വരെ പുസ്തകങ്ങൾ നഷ്ടപ്പെട്ടെന്ന് കുറിച്ച് കൊണ്ട് പുസ്തകശാല തങ്ങളുടെ ഇന്‍സ്റ്റാഗ്രാം പേജിലാണ് ചിത്രങ്ങൾ പങ്കുവച്ചത്. ആദ്യ ചിത്രത്തിൽ കടയ്ക്ക് പുറത്തുള്ള ഒരു സ്ഥലം കാണാം, ആലിപ്പഴം വീഴ്ച്ചയിൽ മൂടപ്പെട്ട ഒരു സ്ഥലത്തിന്‍റെ ചിത്രമായിരുന്നു അത്. മറ്റ് ചിത്രങ്ങളിൽ കടയിൽ വെള്ളം കയറിയ മഴവെള്ളത്തിൽ പുസ്തകങ്ങൾ മുങ്ങിപ്പോയതോ പൊങ്ങിക്കിടക്കുന്നതോ കാണാം. അട്ടിയട്ടിയായി വച്ചിരിക്കുന്ന പുസ്തകങ്ങളിൽ ഏറ്റവും താഴെയുള്ളവയെല്ലാം നനഞ്ഞ് കുതിർന്ന് പോയിരുന്നു. നനഞ്ഞ പുസ്തകങ്ങളുടെ കാഴ്ച വായനക്കാരെ ഏറെ വേദനിപ്പിച്ചു. അവർ നനഞ്ഞ പുസ്തകങ്ങൾ തങ്ങൾ വാങ്ങിക്കാമെന്ന് പറഞ്ഞ് കൊണ്ട് രംഗത്ത് വന്നു. പിന്നാലെ ചിത്രങ്ങൾ വൈറലായി.
ഓടിയെത്തി വായനക്കാർ, പക്ഷേ...
കഴിഞ്ഞ വർഷം കൊൽക്കത്തയിലെ കോളേജ് സ്ട്രീറ്റിൽ ഇത് സംഭവിച്ചു, അവർ ഒരു 'വെറ്റ് ബുക്ക് ഫെയർ' സംഘടിപ്പിച്ചു, അവിടെ നിരവധി ആളുകൾ പിന്തുണയുമായെത്തി. കഴിഞ്ഞ വർഷം ഞാൻ ഈ പുസ്തകശാല സന്ദർശിച്ചിരുന്നു, ധാരാളം പുസ്തകങ്ങൾ വാങ്ങി! ബുക്ക്സ്റ്റാഗ്രാം കമ്മ്യൂണിറ്റിക്ക് എങ്ങനെ സഹായിക്കാനാകുമെന്ന് ഞങ്ങളെ അറിയിക്കൂവെന്ന് ഒരു കാഴ്ചക്കാരൻ കുറിച്ചു. അതുവരെ സങ്കട ഇമോജികൾ ഇട്ടിരുന്ന വായനാ സമൂഹം പിന്നാലെ തങ്ങളും പുസ്തകം വാങ്ങാൻ തയ്യാറാണെന്ന് അറിയിച്ച് രംഗത്തെത്തി. സ്വന്തമായി ഒരു പുസ്തകം വാങ്ങുകയും മറ്റുള്ളവരെ കൊണ്ട് ഒരെണ്ണം വാങ്ങിപ്പിക്കുകയും ചെയ്താൽ അത് പുസ്തകശാലയ്ക്ക് വലിയ ഗുണം ചെയ്യുമെന്നും അവരുടെ നഷ്ടം കുറയ്ക്കുന്നതിനൊപ്പം നമ്മുടെ ബുദ്ധിയും ചിന്തയും നന്നാകുമെന്നും മറ്റൊരു കാഴ്ചക്കാരൻ കൂട്ടിച്ചേർത്തു.
വേനലവധി കണക്കിലെടുത്ത് കഴിഞ്ഞ ദിവസങ്ങളിൽ പുതിയ സ്റ്റോറ്ക്ക് വന്നിരുന്നു. അവയെല്ലാം വെള്ളത്തിലായെന്ന് ദി ബുക്ക് വേംസ് ബെംഗളൂരുവിന്‍റെ ഉടമ കൃഷ്ണ, ഡെക്കാൻ ഹെറാൾഡിനോട് പറഞ്ഞു. നഷ്ടം കുറയ്ക്കാനായി വെലിൽ വരുമ്പോൾ പുസ്തകങ്ങൾ ഉണക്കിയെടുത്ത് വില കുറച്ച് കൊടുക്കാൻ പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ചില പുസ്തകങ്ങൾ വീണ്ടെടുക്കാൻ കഴിയാത്ത വിധം നശിച്ചു. അവ ഉപേക്ഷിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിചേർത്തു.പക്ഷേ, ഇപ്പോൾ പല പ്രസാധകരും പുനരുപയോഗിച്ച പേപ്പർ ഉപയോഗിച്ചാണ് പുസ്തകങ്ങൾ പ്രിന്‍റ് ചെയ്ത് ഇറക്കുന്നത്. അതിനാൽ ഗുണനിലവാരം മോശമാണെന്നും അവ വെളളത്തിലായാൽ കളയുകയല്ലാതെ മറ്റ് മാർഗ്ഗമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


