ചെന്നൈയിലെ ഒരു സ്റ്റാർട്ടപ്പിൽ ജോലി ചെയ്തിരുന്ന 22-കാരൻ, കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് ഡെലിവറി പാർട്ണറായി മാറിയ അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുന്നത്. സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകന്‍ തന്നെയാണ് പോസ്റ്റ് ഷെയര്‍ ചെയ്തത്.
കരിയറിൽ നല്ല ഭാവിയുണ്ടെന്ന് കരുതിയിരുന്നൊരു യുവാവ് കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് ഡെലിവറി പാർട്ണറായി മാറിയതിനെ കുറിച്ച് പറയുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. സീക്കോ വെൽത്ത് സ്ഥാപകനായ അക്ഷത് ജെയിനാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ചെന്നൈയിലെ ഈ സ്റ്റാർട്ടപ്പിൽ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന 22 -കാരനാണത്രെ അപ്രതീക്ഷിതമായി രാജി വച്ചത്. പിന്നീട് ഇയാൾ ഡെലിവറി പാർട്ണറായി ജോലി ചെയ്യുകയായിരുന്നു. എന്നാലും നല്ലൊരു ഓഫീസ് ജോലി രാജിവച്ച് എന്തിനായിരിക്കും അയാളൊരു ഡെലിവറി ഡ്രൈവറായത്?
ഒന്നാമതായി ഉയർന്ന വരുമാനം തന്നെയാണ് കാരണമത്രെ. ഡെലിവറി ജോലികളിലൂടെ മാസം 35,000 മുതൽ 40,000 വരെ സമ്പാദിക്കാൻ കഴിയുമെന്ന് യുവാവിന് മനസിലായി. അവധി ദിവസങ്ങളിൽ ഡെലിവറി ജോലിക്ക് പോയിരുന്ന യുവാവിന് സ്വന്തം അനുഭവത്തിലൂടെയാണ് തന്റെ സ്ഥിരം ജോലിയേക്കാൾ കൂടുതൽ വരുമാനം ഡെലിവറി ജോലിയിൽ ലഭിക്കുമെന്ന് ബോധ്യപ്പെട്ടത് എന്നും പോസ്റ്റിൽ പറയുന്നു.
അതേസമയം, കുറച്ച് വർഷങ്ങൾക്കുള്ളിൽ ഒരു ഡിപ്പാർട്ട്മെന്റ് ഹെഡ് വരെ ആകാൻ കഴിവുണ്ടായിരുന്ന യുവാവാണ് അവനെന്നാണ് അക്ഷത് ജെയിൻ പറയുന്നത്. 'ഞങ്ങൾ അവനെ വളർത്തിയെടുക്കുകയായിരുന്നു. പുസ്തകങ്ങൾ നൽകിയും AI സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തിയും മികച്ച രീതിയിലാണ് മുന്നോട്ട് പോയത്. ഡെലിവറി ജോലിയിൽ ദീർഘകാല വളർച്ചയില്ലെന്നും ശാരീരികാധ്വാനം ഭാവിയിൽ ബുദ്ധിമുട്ടാകുമെന്നും ഞാൻ ഉപദേശിച്ചെങ്കിലും അവൻ അത് കേട്ടില്ല' എന്നാണ് ജെയിൻ എക്സിൽ കുറിച്ചത്.
നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ചിലർ ജെയിനിനെ വിമർശിക്കുകയായിരുന്നു. 'നിങ്ങൾ നൽകുന്ന ശമ്പളം ജീവിക്കാൻ തികയാത്തതുകൊണ്ടല്ലേ അവൻ പോയത്' എന്നാണ് അവർ ചോദിച്ചത്. 'അറിവും പുസ്തകവും നൽകുന്നതിനേക്കാൾ പ്രധാനമാണ് വയറു നിറയ്ക്കാൻ ആവശ്യമായ ശമ്പളം നൽകുന്നത്' എന്നും പലരും വിമർശിച്ചു. '40,000 രൂപ പോലും നൽകാൻ കഴിയാത്ത സ്ഥാപനത്തിൽ എന്ത് ഭാവിയാണ് ഉള്ളത്' എന്നും ആളുകൾ ചോദിക്കുന്നു. അതേസമയം, യുവാവ് എടുത്തുചാടി അങ്ങനെ ഒരു തീരുമാനം എടുക്കേണ്ടിയിരുന്നില്ല, മറ്റൊരു ജോലി നോക്കാമായിരുന്നു എന്ന് പറഞ്ഞവരും ഉണ്ട്.
