ലോകത്തിലെ ഏറ്റവും ചെലവേറിയ ഭവന വിപണിയായ ഹോങ്കോങ്ങിൽ, ലക്ഷക്കണക്കിന് ആളുകൾ 'കോഫിൻ ഹോമുകൾ' എന്നറിയപ്പെടുന്ന ഇടുങ്ങിയ മുറികളിൽ ജീവിക്കാൻ നിർബന്ധിതരാകുന്നു. ഉയർന്ന വാടകയും സ്ഥലപരിമിതിങ്ങളിലും കഴിയുന്ന ഈ ജനതയുടെ ജീവിതം ദുരിത പൂർണം. 

ലോകത്തെ ഏറ്റവും വലിയ വാണിജ്യ കേന്ദ്രങ്ങളിലൊന്നായ ഹോങ്കോങ്, കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ലോകത്തിലെ ഏറ്റവും ചെലവേറിയ ഭവന വിപണി എന്ന പദവി നിലനിർത്തുകയാണ്. നഗരത്തിലെ മിന്നിത്തിളങ്ങുന്ന ആകാശ ചുംബികളും ആഡംബര ജീവിത ശൈലിയും ലോകശ്രദ്ധ നേടുമ്പോഴും, ഇതിന് പിന്നിൽ അതിഭീകരമായ ഒരു പാർപ്പിട പ്രതിസന്ധി ഒളിച്ചിരിപ്പുണ്ട്. ഭൂമിയുടെ കുറവും വർദ്ധിച്ചുവരുന്ന ജനസംഖ്യയും കാരണം ലക്ഷക്കണക്കിന് ആളുകളാണ് ഇവിടെ 'കോഫിൻ ഹോമുകൾ' (ശവപ്പെട്ടി വീടുകൾ) എന്ന് വിളിക്കപ്പെടുന്ന ഇടുങ്ങിയ വീടുകളിൽ ജീവിക്കാൻ വിധിക്കപ്പെട്ടുന്നത്.

ശവപ്പെട്ടികളോട് സാമ്യം

യൂട്യൂബർ റൂഹി സെനെറ്റ് അടുത്തിടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് ഈ വീടുകളിലെ ദുസ്സഹമായ ജീവിതം വീണ്ടും ലോക ശ്രദ്ധയാകർഷിച്ചത്. വെറും 16 ചതുരശ്ര അടി മാത്രം വലിപ്പമുള്ള ഈ യൂണിറ്റുകൾക്ക് ശവപ്പെട്ടികളോടുള്ള സാമ്യം കാരണമാണ് ഈ പേര് ലഭിച്ചത്. പലപ്പോഴും 800 ചതുരശ്ര അടിയുള്ള ഒരു സാധാരണ ഫ്ലാറ്റിനെ തടികൊണ്ടോ ലോഹം കൊണ്ടോ ഉള്ള മറകൾ ഉപയോഗിച്ച് 20 മുതൽ 30 വരെ അറകളായി വിഭജിച്ചാണ് ഇത്തരം മുറികൾ നിർമ്മിക്കുന്നത്. ഒരാൾക്ക് നേരെ നിൽക്കാനോ കൈകൾ നിവർത്താനോ പോലും ഇവിടെ സ്ഥലമില്ല. ഉയരമുള്ളവർ കാലുകൾ മടക്കിവെച്ച് വേണം ഉറങ്ങാൻ.

YouTube video player

ഉയർന്ന വാടക

സൗകര്യങ്ങൾ കുറവാണെങ്കിലും ഈ 'കുടുസ്സുമുറികൾക്ക്' നൽകേണ്ടി വരുന്നത് വലിയ വാടകയാണ്. ഏകദേശം 20,000 രൂപ മുതൽ 45,000 രൂപ വരെയാണ് മാസവാടക. കുറഞ്ഞ വരുമാനമുള്ള തൊഴിലാളികൾ, പ്രായമായവർ, കുടിയേറ്റക്കാർ എന്നിവരാണ് പ്രധാനമായും ഇവിടെ താമസിക്കുന്നത്. നഗരത്തിലെ ഏകദേശം 2.2 ലക്ഷത്തോളം ആളുകൾ ഇത്തരത്തിൽ ദുരിതമനുഭവിക്കുന്നുണ്ടെന്നാണ് കണക്ക്. സർക്കാരിന്‍റെ പൊതുപാർപ്പിട പദ്ധതികൾക്കായി അഞ്ച് വർഷത്തിലേറെ കാത്തിരിക്കേണ്ടി വരുന്നതാണ് ഇവരെ ഇത്തരം ഇടങ്ങളിലേക്ക് നയിക്കുന്നത്.

നിയമവിരുദ്ധ താമസം

പല പഴയ കെട്ടിടങ്ങളും നിയമവിരുദ്ധമായാണ് ഇത്തരത്തിൽ വിഭജിക്കപ്പെടുന്നത്. വാടക ലാഭത്തിനായി കെട്ടിടത്തിന്‍റെ സീലിംഗ് താഴ്ത്തി ഒരു നിലയെ രണ്ട് തട്ടുകളായി തിരിക്കുന്നതിനാൽ മുറികൾക്കുള്ളിൽ നിൽക്കുമ്പോൾ തലമുട്ടുന്ന അവസ്ഥയാണ്. കൃത്യമായ വായുസഞ്ചാരമില്ലായ്മയും അമിതമായ ഇലക്ട്രിക്കൽ വയറിംഗും തീപിടുത്തം പോലുള്ള വലിയ അപകടസാധ്യതകളെ വിളിച്ചുവരുത്തുന്നു.

കൂടിയ ചൂട്, മൂട്ട ശല്യവും

വേനൽക്കാലത്ത് ഈ മുറികൾക്കുള്ളിലെ താപനില 40°C-ന് മുകളിൽ പോകാറുണ്ട്. ജനലുകളില്ലാത്തതിനാൽ ശ്വാസംമുട്ടിക്കുന്ന അന്തരീക്ഷത്തോടൊപ്പം പൂപ്പൽ, മൂട്ട, പാറ്റകൾ എന്നിവയുടെ ശല്യവും അതിരൂക്ഷമാണ്. കൃത്യമായ അടുക്കള സംവിധാനമില്ലാത്തതിനാൽ പലരും ശുചിമുറിയിലെ സിങ്കിനോട് ചേർന്നാണ് ഭക്ഷണം പാകം ചെയ്യുന്നതും പച്ചക്കറികൾ കഴുകുന്നതും. വസ്ത്രങ്ങൾ ഉണങ്ങാൻ പോലും സ്ഥലമില്ലാത്തതിനാൽ മുറിക്കുള്ളിൽ തലയ്ക്ക് മുകളിൽ തന്നെ അവ തൂക്കിയിടേണ്ടി വരുന്നു. സമ്പന്ന നഗരത്തിലെ ദുരിത ജീവിതമായി ഹോങ്കോങ് മാറുന്നു.