ഐഐടി പൂർത്തിയാക്കി അമേരിക്കയിലെ യേൽ സർവകലാശാലയിൽ പഠിക്കുന്ന അമൻ റായ് എന്ന യുവാവ് പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.  വിദേശത്തെ ജീവിതത്തെക്കുറിച്ചുള്ള പോസിറ്റീവായിട്ടുള്ള കാര്യങ്ങളാണ് പോസ്റ്റില്‍ പറയുന്നത്. 

വിദേശത്തെ ഇന്ത്യൻ ജീവിതം എന്നാൽ പ്രയാസങ്ങളും കഷ്ടപ്പാടുകളും മാത്രം നിറഞ്ഞതല്ലെന്ന് യുവാവ്. അമൻ റായ് എന്ന യുവാവാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ഐഐടി ഡൽഹിയിൽ നിന്ന് പഠനം പൂർത്തിയാക്കി ഇപ്പോൾ അമേരിക്കയിലെ പ്രശസ്തമായ യേൽ സർവകലാശാലയിൽ എംബിഎ ചെയ്യുകയാണ് അമൻ. അവിടെ താൻ അനുഭവിക്കുന്ന പോസിറ്റീവായ മാറ്റങ്ങളെക്കുറിച്ചാണ് യുവാവ് ലിങ്ക്ഡ്ഇനിലെ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.

അമേരിക്കയിലെ ജീവിതം 'കഷ്ടപ്പാടാണെന്ന്' വരുത്തിത്തീർക്കുന്ന സോഷ്യൽ മീഡിയ റീലുകൾക്കെതിരെയുള്ള മറുപടി കൂടിയാണ് അമന്റെ കുറിപ്പ്. കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കാവുന്ന റോഡുകളെയും മികച്ച അടിസ്ഥാനസൗകര്യങ്ങളെയും അമൻ പ്രശംസിക്കുന്നു. ബാംഗ്ലൂരിലെ റോഡുകളിൽ വാഹനങ്ങൾ ഇടിക്കുമെന്ന പേടിയില്ലാതെ ഓടാൻ പോലും സാധിക്കില്ലായിരുന്നുവെന്നും എന്നാൽ ഇവിടെ തന്റെ ഭാര്യക്ക് വന്ന ആദ്യ രണ്ടുമാസത്തിനുള്ളിൽ തന്നെ ധൈര്യമായി വാഹനം ഓടിക്കാൻ കഴിഞ്ഞെന്നും യുവാവ് പറയുന്നു.

ഡെൽഹിയിലെ വായു മലിനീകരണത്തിൽ നിന്ന് മാറി അമേരിക്കയിലെ ശുദ്ധവായു ശ്വസിക്കുന്നത് 'അമൃത്' നുകരുന്നത് പോലെയാണെന്ന് അമൻ കുറിച്ചു. സ്വിഗ്ഗി, ഇൻസ്റ്റാമാർട്ട് പോലുള്ള സേവനങ്ങൾ ഇല്ലാത്തത് ഒരു കുറവായി കാണുന്നില്ല. ആഴ്ചയിലൊരിക്കൽ ആവശ്യമായ സാധനങ്ങൾ വാങ്ങി വെക്കുന്നതിലൂടെ കൂടുതൽ ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരാൻ കഴിയുന്നുണ്ടെന്നും യുവാവ് പറയുന്നു.

പഠനത്തോടൊപ്പം തന്നെ ഒരു ബില്യൺ ഡോളർ മൂല്യമുള്ള വിസി ഫണ്ടിൽ ജോലി ചെയ്യാൻ സാധിച്ചത് അമേരിക്കയിലെ മികച്ച അവസരങ്ങൾക്ക് ഉദാഹരണമായി അമൻ ചൂണ്ടിക്കാട്ടുന്നു. ഹോൺ ശബ്ദങ്ങളും അനാവശ്യ ബഹളങ്ങളുമില്ലാത്ത ശാന്തമായ അന്തരീക്ഷം മാനസികമായി വലിയ സമാധാനം നൽകുന്നുണ്ടെന്നും അമൻ പറയുന്നു.

നിരവധിപ്പേരാണ് പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ നൽകിയത്. ചിലർ യുവാവ് പറഞ്ഞത് ശരിയാണ് എന്നും ചില ഇൻഫ്ലുവൻസർമാർ റീച്ചിന് വേണ്ടി കഷ്ടപ്പാടുകൾ മാത്രമേ പറയാറുള്ളൂ, ഇത്തരം തുറന്നുപബറച്ചിലുകളും വേണം എന്നും അഭിപ്രായപ്പെട്ടു. അതേസമയം, ചിലർ കരിയറിന് മാത്രമല്ല മുൻ​ഗണന നൽകേണ്ടത് എന്ന അഭിപ്രായക്കാരായിരുന്നു.