മൊട്ടക്കുന്നുകൾ, തണുത്ത കാറ്റ്, കോടമഞ്ഞ്, വാഗമണ്ണിന്റെ മനോഹാരിത എന്നിവ ആസ്വദിക്കാൻ പറ്റിയ ഇടമാണിത്.

വാഗമൺ ടൗണിൽ നിന്ന് വളരെ വേഗം എത്തിച്ചേരാൻ കഴിയുന്ന അതിമനോഹരമായ ഒരു ഹിഡൻ സ്പോട്ടാണ് കൈതപ്പതാൽ. വാഗമണ്ണിലെത്തുന്നവര്‍ സാധാരണയായി ഇവിടേയ്ക്ക് അധികം വരാറില്ല. ചെറിയൊരു ഓഫ് റോഡ് യാത്ര നടത്തി വേണം കൈതപ്പതാലിലെത്താൻ. അത്ര മോശമല്ലാത്ത റോഡായതിനാൽ കാറും ബൈക്കുമെല്ലാം വേണമെങ്കിൽ ഓടിച്ചുകയറ്റാം. വാഗമൺ ടൌണിൽ നിന്ന് ഏകദേശം 1.5 കിലോ മീറ്റർ മാത്രം സഞ്ചരിച്ചാൽ കൈതപ്പതാലിലെത്താം. വാഗമണ്ണിന്റെ മുഴുവൻ ഭംഗിയും ഇവിടെ നിന്നാൽ ആസ്വദിക്കാം എന്നതാണ് സവിശേഷത. മൊട്ടക്കുന്നുകളും തണുപ്പും കാറ്റുമെല്ലാം കൊണ്ട് സമയം ചെലവഴിക്കാൻ അനുയോജ്യമായ സ്പോട്ടാണിത്.

കൈതപ്പതാലിൽ നിന്നുള്ള വാഗമണ്ണിന്റെ വ്യൂ പറഞ്ഞറിയിക്കാൻ കഴിയുന്നതിലുമപ്പുറമാണ്. ഈരാറ്റുപേട്ട - വാഗമൺ റോഡ് ഇവിടെ നിന്നാൽ ഭംഗിയായി കാണാം. ഈ റൂട്ടിലൂടെ വാഹനങ്ങൾ കയറി വരുന്ന കാഴ്ചയും അതിമനോഹരമാണ്. ഇവിടെ പ്രത്യേകിച്ച് സുരക്ഷാ ക്രമീകരണങ്ങൾ ഒന്നും തന്നെയില്ല. അതിനാൽ ഇവിടേയ്ക്ക് എത്തുന്നവർ വലിയ സാഹസത്തിനൊന്നും മുതിരാതെ കാഴ്ചകൾ മാത്രം ആസ്വദിച്ച് മടങ്ങാൻ ശ്രമിക്കുക. അശ്രദ്ധമായി ഫോട്ടോ എടുക്കുന്നതും അപകടത്തിന് കാരണമായേക്കാം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വെയിൽ ഉറയ്ക്കുന്നതിന് മുമ്പ് രാവിലെയോ അല്ലെങ്കിൽ വൈകുന്നേരമോ ഇവിടം സന്ദർശിക്കുന്നതാണ് നല്ലത്. കോടയുള്ള സമയമാണെങ്കിൽ പകലും മനോഹരമാണ്.

ഇല്ലിക്കൽ കല്ലും വാഗമൺ കുരിശുമലയുമെല്ലാം ഇവിടെ നിന്നാൽ കാണാം. മറുവശത്ത് വാഗമൺ- പുള്ളിക്കാനം റോഡും റിസോർട്ടുകളും തേയിലത്തോട്ടങ്ങളുമെല്ലാണ് കാഴ്ച. മീനച്ചിലാറിന്റെ തുടക്കവും കൈതപ്പതാലിൽ നിന്നാൽ കാണാൻ കഴിയും. വാഗമണ്ണിലെത്തുന്ന ഭൂരിഭാഗം ആളുകളും കൈതപ്പതാൽ മിസ് ചെയ്യാറുണ്ടെങ്കിലും ജീപ്പ് സഫാരിക്ക് പോകുന്നവർക്ക് ഇവിടുത്തെ കാഴ്ചകൾ നഷ്ടപ്പെടാറില്ല. വലിയ തിരക്കോ ബഹളമോ ഇല്ലാതെ വാഗമണ്ണിന്റെ സന്ദര്യം ആസ്വദിക്കാൻ ആഗ്രഹമുള്ളവർ ഉറപ്പായും കണ്ടിരിക്കേണ്ട സ്ഥലമാണ് കൈതപ്പതാൽ.