“ഷിനോജിന് എന്ത് ആവശ്യമുണ്ടെങ്കിലും എന്നോട് പറഞ്ഞാല്‍ മതി, ജീവിതത്തിൽ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല എന്ന് എപ്പോഴും പറയാറുള്ള ശ്രീനി സർ ഇപ്പൊ കൂടെ ഇല്ല”

സിനിമയില്‍ ഒട്ടേറെ സുഹൃത്തുക്കളുള്ള ആളായിരുന്നു ശ്രീനിവാസന്‍. ഓരോരുത്തരുമായും തനിക്ക് മാത്രം സാധ്യമായ രീതിയില്‍ സവിശേഷബന്ധമാണ് അദ്ദേഹം പുലര്‍ത്തിയത്. മാധ്യമങ്ങളിലൂടെയും മറ്റും അവയില്‍ പലതും പ്രേക്ഷകര്‍ക്ക് അറിയുകയും ചെയ്യാം. എന്നാല്‍ സിനിമയ്ക്ക് പുറത്തും വലിപ്പച്ചെറുപ്പമില്ലാതെ ബന്ധങ്ങള്‍ സൃഷ്ടിക്കുകയും അത് ഊഷ്മളതയോടെ നിലനിര്‍ത്തുകയും ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ ഡ്രൈവര്‍ ആയിരുന്ന ഷിനോജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. തനിക്ക് എന്ത് ആവശ്യമുണ്ടെങ്കിലും പറഞ്ഞാല്‍ മതിയെന്ന് ശ്രീനിവാസന്‍ പറഞ്ഞിരുന്നെന്നും ആവശ്യപ്പെട്ടില്ലെങ്കില്‍പ്പോലും സാഹചര്യം മനസിലാക്കി മക്കളോട് പറഞ്ഞ് അദ്ദേഹം വീട് വച്ച് തന്നുവെന്നും ഷിനോജ് കുറിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് ഷിനോജിന്‍റെ കുറിപ്പ്.

ഷിനോജ് പയ്യോളിയുടെ ഫേസ്ബുക്ക് കുറിപ്പ്

പ്രിയപ്പെട്ട ശ്രീനി സർ.. ഒരുപാട് ഇഷ്ട്ടമായിരുന്നു സാറിന്റെ കൂടെയുള്ള യാത്രകൾ. ഇക്കാലമത്രയും ഒരു ഡ്രൈവർ ആയിട്ടല്ല സാറിന്റെ മക്കളെ പോലെ തന്നെ എന്നെ കണ്ടു സ്നേഹിച്ചു. ഒരു നോട്ടം കൊണ്ടോ വാക്കുകൾ കൊണ്ടോ ഇന്നേവരെ എന്റെ മനസ്സ് വേദനിപ്പിച്ചിട്ടില്ല. ഷിനോജിനു എന്ത് ആവശ്യമുണ്ടെങ്കിലും എന്നോട് പറഞ്ഞാ മതി, ജീവിതത്തിൽ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല എന്ന് എപ്പോഴും പറയാറുള്ള ശ്രീനി സർ ഇപ്പൊ കൂടെ ഇല്ല. ആവശ്യങ്ങൾ ഒന്നും തന്നെ ഒരിക്കലും ഞാൻ ചോദിക്കില്ല എന്ന് സാറിന് അറിയാവുന്നത് കൊണ്ടായിരിക്കാം വിനീതേട്ടനോടും ധ്യാനിനോടും പറഞ്ഞ് ചോറ്റാനിക്കരയിൽ സ്ഥലം വാങ്ങി വീട് വെച്ച് തന്നത്.. എനിക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ സമ്മാനം. ദി ​ഗിഫ്റ്റ് ഓഫ് ലെജന്‍ഡ്. സാറിനെ പൊന്ന് പോലെ നോക്കിയ വിമല ടീച്ചറെ ഒരിക്കലും മറക്കാൻ കഴിയില്ല. ചേച്ചിക്ക് സാറായിരുന്നു ലോകം.. എവിടെ ആണെന്ന് അറിയില്ലെങ്കിലും അവിടെ ഒരു ഡ്രൈവറുടെ ആവശ്യമുണ്ടെങ്കിൽ എന്നെ വിളിക്കാൻ മറക്കരുതേ സർ. എന്നും ഓർമ്മിക്കാൻ ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ച ശ്രീനി സാറിന് ഹൃദയം നിറഞ്ഞ നന്ദി.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming