തെലുങ്ക് യുവതാരം സുഹാസ് നായകനാകുന്ന 'ഹേ ഭഗവാന്‍' എന്ന കോമഡി ചിത്രത്തിന് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചു. ചിത്രത്തിന്റെ പേരിലെ 'ഭഗവാൻ' എന്ന വാക്ക് മതപരമായ വികാരങ്ങളെ വ്രണപ്പെടുത്തിയേക്കാം എന്ന ആശങ്കയാണ് ഇതിന് കാരണമായത്.

ഹൈദരാബാദ്: തെലുങ്ക് യുവതാരം സുഹാസ് നായകനാകുന്ന കോമഡി ചിത്രമായ 'ഹേ ഭഗവാന്' സെൻസർ കുരുക്ക്. പേരിലെ ഭഗവാൻ എന്ന വാക്കാണ് സെൻസർ കുരുക്കിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചത്തോടെ വെട്ടിലായ നിർമ്മാതാക്കൾ സിനിമയുടെ പേര് ഹേ ബലവന്ത് എന്നാക്കി പ്രശ്നം പരിഹരിക്കാനുള്ള ശ്രമം നടത്തിയിരിക്കുകയാണ്. റിലീസ് ചെയ്യുന്നതിന് വെറും നാലു ദിവസങ്ങൾക്കുമുൻപാണ് പേരുമാറ്റമെന്നതാണ് ഏറ്റവും ശ്രദ്ധേയം.

ചിത്രത്തിന്റെ പേരിലെ ഭഗവാൻ എന്ന വാക്ക് മതപരമായ വികാരം വ്രണപ്പെടുത്തിയേക്കാമെന്ന ആശങ്കയാണ് സെൻസർ ബോർഡ് ഉന്നയിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചിത്രത്തിന്റെ കോമഡി സ്വഭാവം പരിഗണിച്ച്, ഈ പേര് വിവാദങ്ങൾക്കോ തെറ്റിദ്ധാരണകൾക്കോ ഇടയാക്കിയേക്കാമെന്നും വിലയിരുത്തലുണ്ടായെന്നും വാർത്തകളുണ്ട്. ഇക്കാരണങ്ങൾ കൊണ്ടാണ് സെൻസർബോർഡ് ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ചത്. ഇതേത്തുടർന്ന് ഈ മാസം 20ന് റിലീസ് ചെയ്യേണ്ട ചിത്രത്തിന്റെ പേരുമാറ്റാൻ നിർമാതാക്കൾ തീരുമാനിച്ചു.

പേര് മാറ്റിയെങ്കിലും വിനോദത്തിന് ഒരു മാറ്റവുമില്ല എന്നാണ് ചിത്രത്തിന്റെ നിർമാതാക്കൾ സോഷ്യൽ മീഡിയയിൽ കുറിച്ചത്. നവാഗതനായ ഗോപി അച്ചരയാണ് ഹേ ബലവന്ത് സംവിധാനം ചെയ്യുന്നത്. സിനിമയിൽ വിവാദപരമായ വിഷയങ്ങൾ ഒന്നും തന്നെയില്ലെന്ന് സംവിധായകൻ വ്യക്തമാക്കിയിരുന്നു. 

ഒരു യുവാവും അയാളുടെ അച്ഛന്റെ നിഗൂഢമായ ബിസിനസ് സംരംഭവും ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. വി.കെ. നരേഷ് ആണ് ചിത്രത്തിൽ അച്ഛനായി എത്തുന്നത്. ശിവാനി നഗരം , സുഹാസ് എന്നിവരോടൊപ്പം വെണ്ണെലാ കിഷോർ, സുദർശൻ, അന്നപൂർണമ്മ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രം നിശ്ചയിച്ച പ്രകാരം ഫെബ്രുവരി 20ന് തിയറ്ററിലെത്തുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming