ടിവികെ അധ്യക്ഷൻ വിജയ്‌യെയും നടി തൃഷയെയും ചേർത്ത് അധിക്ഷേപകരമായ പരാമർശം നടത്തിയ തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ ഖേദം പ്രകടിപ്പിച്ചു. തൃഷ ശക്തമായി രംഗത്തുവന്നതോടെയാണ് ഖേദപ്രകടനം നടത്തിയത്.
ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ്‌യെയും നടി തൃഷയെയും ചേർത്ത് അധിക്ഷേപകരമായ പരാമർശം നടത്തിയ തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ ഖേദം പ്രകടിപ്പിച്ചു. തന്റെ വാക്കുകൾ അബദ്ധത്തിൽ സംഭവിച്ചതാണെന്നും ആർക്കെങ്കിലും വിഷമമുണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും നൈനാർ നാഗേന്ദ്രൻ പറഞ്ഞു. രാഷ്ട്രീയത്തിൽ വിജയിക്കണമെങ്കിൽ വിജയ് ആദ്യം തൃഷയുടെ വീട്ടിൽ നിന്ന് പുറത്തുവരണം എന്നായിരുന്നു നൈനാർ നാഗേന്ദ്രന്റെ അധിക്ഷേപം. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെയും പരിചയക്കുറവിനെയും പരിഹസിക്കുന്നതിനിടയിലാണ് അദ്ദേഹം ഇത്തരമൊരു വ്യക്തിപരമായ പരാമർശം നടത്തിയത്. പ്രസ്താവനയ്ക്കെതിരെ തൃഷ തന്നെ രംഗത്തുവന്നിരുന്നു.
"അബദ്ധത്തിൽ നടത്തിയ പ്രസ്താവനയാണത്. ബിജെപി മഹിളാ മോർച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസനും അണ്ണാമലൈയും എന്നോട് സംസാരിച്ചിരുന്നു. എന്റെ പ്രസ്താവന ആർക്കെങ്കിലും വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കിൽ ഞാൻ ആത്മാർത്ഥമായി ഖേദം പ്രകടിപ്പിക്കുന്നു" - എന്നാണ് നൈനാർ നാഗേന്ദ്രൻ പറഞ്ഞത്.
തൃഷയുടെ പ്രതികരണം
നൈനാർ നാഗേന്ദ്രന്റെ പ്രസ്താവനയ്ക്കെതിരെ ശക്തമായ ഭാഷയിലാണ് തൃഷ പ്രതികരിച്ചത്. രാഷ്ട്രീയത്തിൽ ഉയർന്ന സ്ഥാനത്തിരിക്കുന്ന ഒരാളിൽ നിന്ന് ഇത്രയും തരംതാഴ്ന്നതും അനുചിതവുമായ പരാമർശം പ്രതീക്ഷിച്ചില്ലെന്ന് തൃഷയുടെ അഭിഭാഷകൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. തന്നെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും തൃഷ ആവശ്യപ്പെട്ടു.
നൈനാർ നാഗേന്ദ്രന്റെ പരാമർശത്തിനെതിരെ ഡിഎംകെയും കോൺഗ്രസും രംഗത്തെത്തിയിരുന്നു. ബിജെപി നേതാക്കളുടെ സ്ത്രീവിരുദ്ധതയാണ് ഇത്തരം പ്രസ്താവനകളിലൂടെ പുറത്തുവരുന്നതെന്ന് ഡിഎംകെ ആരോപിച്ചു. രാഷ്ട്രീയ ചർച്ചയിലേക്ക് അനാവശ്യമായി ഒരു നടിയുടെ പേര് വലിച്ചിഴച്ചതിനെ കോൺഗ്രസും ചോദ്യം ചെയ്തു.
നൈനാർ നാഗേന്ദ്രന്‍റെ അധിക്ഷേപ പരാമർശം
തമിഴ്നാട്ടിൽ മത്സരം ഡിഎംകെയ്ക്കും ടിവികെയ്ക്കും ഇടയിൽ ആണെന്ന് സേലത്തെ റാലിയിൽ വിജയ് പ്രസംഗിച്ചതിന് പിന്നാലെയാണ് ബിജെപി നേതാവ് നൈനാർ നാഗേന്ദ്രൻ വ്യക്തിപരമായ അധിക്ഷേപ പരാമർശം നടത്തിയത്- "നിർഭാഗ്യവശാൽ വിജയ്ക്ക് ഒന്നും അറിയില്ല. അദ്ദേഹത്തിന് അനുഭവ സമ്പത്തില്ല. ആദ്യം അദ്ദേഹത്തോട് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പറയൂ. തൃഷയെ വിട്ട് പുറത്തിറങ്ങിയാൽ മാത്രമേ എല്ലാം നടക്കൂ. കുടുംബവുമായി നല്ല ബന്ധം നിലനിർത്തണം. നല്ല നേതാക്കൾ നയിക്കുന്ന പ്രസ്ഥാനങ്ങളെക്കുറിച്ച് നല്ല രീതിയിൽ സംസാരിക്കണം"- എന്നാണ് നൈനാർ നാഗേന്ദ്രൻ പറഞ്ഞത്.
മേൽക്കൂരയിൽ കയറി കോഴിയെ പിടിക്കാൻ കഴിയാത്ത ഒരാൾക്ക്, ആകാശത്തേറി വൈകുണ്ഠത്തിൽ പോകാൻ കഴിയുമോ എന്നും നൈനാർ നാഗേന്ദ്രൻ ചോദിച്ചു. നടനായതുകൊണ്ട് മാത്രം വോട്ട് ബാങ്കിന്റെ 32 ശതമാനം ലഭിക്കുമെന്ന് പറയുന്ന ഒരാളെ തനിക്ക് എങ്ങനെ അംഗീകരിക്കാൻ കഴിയുമെന്നും നൈനാർ നാഗേന്ദ്രൻ ചോദിച്ചു. ആദ്യം തന്റെ വാക്കുകളിൽ ഉറച്ചുനിന്ന നൈനാർ നാഗേന്ദ്രൻ, വൻ പ്രതിഷേധം ഉയർന്നതിനെത്തുടർന്നാണ് ഒടുവിൽ നിലപാട് മാറ്റിയത്.

