റോമിലെ ഇന്ത്യൻ എംബസിക്ക് മുന്നിൽ തർക്കം. കാലാവസ്ഥാ ബോധവൽക്കരണത്തിനായി മാൾട്ടയിൽ നിന്ന് ഇന്ത്യയിലേക്ക് കാൽനടയാത്ര നടത്തുന്ന ജയ്ദീപ് ലഖാങ്കിയ എന്ന ഇന്ത്യൻ പൗരനും ഉദ്യോഗസ്ഥരും തമ്മിലാണ് തർക്കം. എംബസിക്ക് പുറത്ത് വീഡിയോ ചിത്രീകരിക്കുന്നതിനിടെ ഉദ്യോഗസ്ഥർ തന്നെ ശാരീരികമായി ഉപദ്രവിച്ചെന്ന് അദ്ദേഹം ആരോപിച്ചു. ഇത് എംബസി അധികൃതർ നിഷേധിച്ചു
റോം: അന്താരാഷ്ട്ര തലത്തിൽ ഇന്ത്യക്ക് അപമാനമായി റോമിലെ എംബസിക്ക് മുന്നിൽ ഇന്ത്യാക്കാരൻ്റെ പ്രതിഷേധം. മാൾട്ടയിൽ നിന്നും ഇന്ത്യയിലേക്ക് കാൽനടയാത്ര നടത്തുന്ന ജയ്ദീപ് ലഖാങ്കിയ എന്ന ഇന്ത്യൻ കാലാവസ്ഥാ പ്രവർത്തകനും റോമിലെ ഇന്ത്യൻ എംബസി അധികൃതരും തമ്മിലുണ്ടായ തർക്കമാണ് അന്താരാഷ്ട്ര തലത്തിൽ വാർത്തയായിരിക്കുന്നത്. എംബസി ഉദ്യോഗസ്ഥർ തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും മോശമായി പെരുമാറിയെന്നും ആരോപിച്ച് ജയ്ദീപ് ലഖാങ്കിയ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണിത്.
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനായി മാൾട്ടയിൽ നിന്ന് ഇന്ത്യയിലേക്ക് നടന്ന് റോമിൽ എത്തിയതായിരുന്നു ജയ്ദീപ്. എംബസിക്ക് പുറത്ത് വീഡിയോ ചിത്രീകരിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ നാല് മാസമായി എംബസി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചിട്ടും അനുമതി ലഭിച്ചില്ലെന്ന് ജയ്ദീപ് പറയുന്നു. തന്റെ യാത്രയുടെ ഭാഗമായി എംബസിക്ക് പുറത്തുനിന്ന് ഫോട്ടോ എടുക്കുമ്പോൾ ഉദ്യോഗസ്ഥർ മോശമായി പെരുമാറുകയും ഫോൺ തട്ടിപ്പറിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നും ഇദ്ദേഹം ആരോപിക്കുന്നു. "എന്നെ തൊടരുത്" (Do not touch me) എന്ന് ഇദ്ദേഹം എംബസി ഉദ്യോഗസ്ഥരോട് പറയുന്നതും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.
അതേസമയം ശാരീരിക അതിക്രമവും അപമര്യാദയോടെയുള്ള പെരുമാറ്റവും സംബന്ധിച്ച പരാതിക്കാരൻ്റെ ആരോപണം തള്ളുകയാണ് എംബസി. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് എംബസി അധികൃതർ അറിയിച്ചു. സുരക്ഷാ പ്രോട്ടോക്കോളിന്റെ ഭാഗമായി തിരിച്ചറിയൽ രേഖകൾ (പാസ്പോർട്ട്) ആവശ്യപ്പെട്ടപ്പോൾ ജയ്ദീപ് ലഖാങ്കിയ അത് നൽകാൻ തയ്യാറായില്ലെന്നും, ഇതിൻ്റെ പേരിൽ തർക്കിക്കുകയായിരുന്നു എന്നുമാണ് എംബസി വ്യക്തമാക്കുന്നത്.


